ഐശ്വര്യ റായിയെ നായികയായി പരിഗണിച്ച രജനി ചിത്രങ്ങള്‍, ചന്ദ്രമുഖിക്ക് വേണ്ടിയും നടിയെ വിളിച്ചു
സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെതായി തരംഗമായ ചിത്രങ്ങളിലൊന്നായിരുന്നു ചന്ദ്രമുഖി. പി വാസുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ കൂടുതല്‍ കാലം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച തമിഴ് ചിത്രം കൂടിയാണ്. മണിച്ചിത്രത്താഴിന്റെ റീമേക്കായി ഒരുക്കിയ ചന്ദ്രമുഖി തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും രജനി ചിത്രം നേട്ടമുണ്ടാക്കി. സൂപ്പര്‍സ്റ്റാറിനൊപ്പം വമ്പന്‍താരനിര അണിനിരന്ന സിനിമ കൂടിയായിരുന്നു ചന്ദ്രമുഖി.
മലയാളത്തില്‍ ശോഭന അവതരിപ്പിച്ച വേഷത്തില്‍ ജ്യോതികയും സുരേഷ് ഗോപിയുടെ റോളില്‍ നടന്‍ പ്രഭുവുമാണ് തമിഴില്‍ എത്തിയത്. നര്‍മ്മ മൂഹുര്‍ത്തങ്ങളുമായി ഹാസ്യനടന്‍ വടിവേലുവും ചിത്രത്തിലുണ്ടായിരുന്നു. 2005ല്‍ പുറത്തിറങ്ങിയ ചന്ദ്രമുഖി തമിഴില്‍ ഇറങ്ങിയ എറ്റവും മികച്ച കോമഡി ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നുകൂടിയാണ്.

അതേസമയം ചന്ദ്രമുഖിയിലെ ജ്യോതികയുടെ റോളിലേക്ക് ആദ്യം തീരുമാനിച്ചത് ഐശ്വര്യ റായിയെ ആയിരുന്നു. ചന്ദ്രമുഖിക്ക് പുറമെ ഐശ്വര്യയെ നായികയായി പരിഗണിച്ച മറ്റു രജനി ചിത്രങ്ങളുമുണ്ട്. ശങ്കര്‍ സംവിധാനം ചെയ്ത യന്തിരനില്‍ മാത്രമാണ് രജനീകാന്തിന്റെ നായികയായി ഐശ്വര്യ റായ് അഭിനയിച്ചത്. സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു.

രജനി ചിത്രത്തിനായി കോടികളാണ് അന്ന് നടി പ്രതിഫലം വാങ്ങിയത്. എന്നാല്‍ യന്തിരന് മുന്‍പ് തന്നെ ഐശ്വര്യയെ രജനിയുടെ നായികയാക്കാനുളള ശ്രമങ്ങള്‍ സിനിമാപ്രവര്‍ത്തകര്‍ നടത്തിയിരുന്നു. ഇതേകുറിച്ച് രജനിയും മുന്‍പ് ഒരു ചടങ്ങില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ശങ്കറിന്റെ തന്നെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ രജനി ചിത്രമായിരുന്നു ശിവാജി.

ആക്ഷന്‍ വിഭാഗത്തില്‍പ്പെട്ട സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ രജനി ചിത്രത്തില്‍ ശ്രിയാ ശരണാണ് നായികയായി എത്തിയത്. സ്റ്റൈല്‍ മന്നന്‌റെ കരിയറിലെ നൂറാമത് ചിത്രം കൂടിയായിരുന്നു ശിവാജി. ചിത്രത്തില്‍ നായികയായി ഐശ്വര്യയെ ആണ് ആദ്യം പരിഗണിച്ചത്.

എന്നാല്‍ അത് പിന്നീട് ശ്രിയ ശരണിലേക്ക് എത്തുകയായിരുന്നു. സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രജനി ചിത്രമായിരുന്നു ബാബ. സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതിയതും നിര്‍മ്മിച്ചതും രജനീകാന്ത് തന്നെയാണ്. ബാബയിലും ഐശ്വര്യ റായിയെ നായികയായി പരിഗണിച്ചു. എന്നാല്‍ ബോളിവുഡ് താരം മനീഷ കൊയ്രാളയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തിയത്.

മനീഷയ്ക്കായി സിനിമയ്ക്ക് വേണ്ടി ചില മാറ്റങ്ങളും വരുത്തിയിരുന്നു അണിയറ പ്രവര്‍ത്തകര്‍. രജനിയുടെ മറ്റൊരു വിജയ ചിത്രമായ പടയപ്പയിലും ഐശ്വര്യയ്ക്കായി ശ്രമങ്ങള്‍ നടത്തിയിരുന്നു അണിയറപ്രവര്‍ത്തകര്‍. പടയപ്പയില്‍ രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രമായി ആദ്യം പരിഗണിച്ചത് നടിയെ ആണ്. എന്നാല്‍ ചിത്രം പിന്നീട് രമ്യയിലേക്ക് എത്തുകയായിരുന്നു. ചിത്രത്തില്‍ നടി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.


Click it and Unblock the Notifications