പൃഥ്വിരാജിന്റെ കാവ്യ തലൈവന്‍- ആദ്യ ടീസര്‍
മലയാളത്തിന്റെ യുവതാരം പൃഥ്വിരാജ് അഭിനയിക്കുന്ന പുതിയ തമിഴ് ചിത്രമായ കാവ്യ തലൈവന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. വെയില്‍, അങ്ങാടിത്തെരു തുടങ്ങിയ മികച്ച ചിത്രങ്ങളുടെ സംവിധായകനായ വസന്തബാലനാണ് പൃഥ്വിരാജ്, സിദ്ധാര്‍ത്ഥ് എന്നിവരെ നായകന്മാരാക്കി സംഗീതനാടകസംഘങ്ങളുടെ കഥ പറയുന്ന കാവ്യ തലൈവന്‍ ഒരുക്കുന്നത്.
1920കളിലും മുപ്പതുകളിലും സജീവമായിരുന്ന സംഗീതനാടകസംഘങ്ങളുടെ പശ്ചാത്തലത്തില്‍ മനോഹരമായൊരു പ്രണയകഥയാണ് വസന്തബാലന്‍ പറയുന്നത്. സ്റ്റേജ് ആര്‍ടിസ്റ്റുകളായിരുന്ന കെബി സുന്ദരാംബാളിന്റെയും എസ്ജി കിട്ടപ്പയുടെയും യഥാര്‍ത്ഥജീവിതത്തെ ആസ്പദമാക്കിയാണ് വസന്തബാലന്‍ ചിത്രമൊരുക്കുന്നത്.

ടൈറ്റില്‍ റോളിലെത്തുന്നത് സിദ്ധാര്‍ത്ഥ് ആണ്, പക്ഷേ പൃഥ്വിരാജിന്റെ കഥാപാത്രവും തുല്യ പ്രാധാന്യമുള്ളതാണ്. വേദികയാണ് നായികയാകുന്നത്. പൃഥ്വിയും സിദ്ധാര്‍ത്ഥും സ്ത്രീവേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും കാവ്യ തലൈവനുണ്ട്. അരങ്ങില്‍ നായകനായി സിദ്ധാര്‍ത്ഥ് എത്തുമ്പോള്‍ നായികയുടെ വേഷം കെട്ടുന്നത് പൃഥ്വിരാജാണ്, തിരിച്ച് പൃഥ്വി നായകനാകുമ്പോള്‍ നായികയുടെ വേഷത്തില്‍ സിദ്ധാര്‍ത്ഥും അരങ്ങിലെത്തും.
നാസര്‍, ബാബു ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതസംവിധാനം നില്‍വ്വഹിക്കുന്നത്. ചിത്രം സെപ്റ്റംബറില്‍ തിയേറ്ററിലെത്തും.
ചിത്രത്തിലെ താരങ്ങളെല്ലാരും സ്റ്റേജ് വേഷത്തില്‍ അണിനിന്ന് വാങ്ക മക്കാ വാങ്ക എന്ന് പാട്ടു പാടുന്നതുമായിട്ടാണ് ടീസര്‍ തുടങ്ങുന്നത്. പിന്നീട് സ്റ്റേജിലെ രംഗങ്ങളും സ്റ്റേജിന് പുറത്തെ രംഗങ്ങളും കാണാം. 33 സെക്കന്റ് ദൈര്‍ഘ്യമുള്ളടീസറാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.


Click it and Unblock the Notifications











