കൊട്ടാരം വിട്ട് തരണമെന്ന് പറഞ്ഞാണ് പൃഥ്വിരാജ് വന്നത്! രാജുവിന്റെ ആവശ്യം അംഗീകരിച്ചു; കടകംപള്ളി സുരേന്ദ്രൻ

മലയാള സിനിമാലോകം ഇതുവരെ കാണാത്തത് പോലെയുള്ള സംഭവവികാസങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഏറെ കാത്തിരിപ്പുകള്‍ക്കും പ്രതീക്ഷകള്‍ക്കുമൊടുവില്‍ തിയേറ്ററില്‍ റിലീസിനെത്തിയ സിനിമയാണ് എമ്പുരാന്‍. ലൂസിഫറിന്റെ വലിയ വിജയത്തിന് ശേഷം അതിന്റെ രണ്ടാം ഭാഗമായിട്ടാണ് എമ്പുരാന്‍ എത്തിയത്. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമ അഡ്വാന്‍സ് ബുക്കിംഗിലൂടെ ലോകമെമ്പാടും റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.

ആദ്യ ദിവസം തന്നെ സിനിമയ്‌ക്കെതിരെ വ്യാപക പ്രചരണമാണ് ഉണ്ടായത്. ചിത്രത്തിലെ ചില രംഗങ്ങള്‍ക്കെത്തിരെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വരികയും സിനിമ ബഹിഷ്‌കരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ എല്ലാവരോടും ഖേദപ്രകടനം നടത്തി എത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. പിന്നാലെ ലൂസിഫര്‍ സിനിമയെ കുറിച്ചും എമ്പുരാന്‍ കാണാനുണ്ടായ സാഹചര്യത്തെ പറ്റിയും പറയുകയാണ് മുന്‍മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രന്‍.

Empuraan

താന്‍ ടൂറിസം വകുപ്പ് മന്ത്രിയായിരിക്കുന്ന കാലത്താണ് ലൂസിഫറിന്റെ ചിത്രീകരണം നടന്നതെന്നും അന്ന് പൃഥ്വിരാജ് തന്നെ കാണാന്‍ വന്നതിനെ പറ്റിയുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ മുന്‍മന്ത്രി വിശദീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ എഴുത്തിന്റെ പൂര്‍ണരൂപം വായിക്കാം...

'2018ലാണ് ടൂറിസം വകുപ്പ് മന്ത്രി ആയിരുന്ന എന്നെ കാണാന്‍ പൃഥ്വിരാജ് ഒദ്യോഗിക വസതിയിലേക്ക് വരുന്നത്. കനകക്കുന്ന് കൊട്ടാരം സിനിമ ഷൂട്ടിങ്ങുകള്‍ക്ക് നല്‍കിയിട്ട് തിരിച്ച് നല്ല നിലയില്‍ അല്ല നല്‍കിയിരുന്നത് എന്നതിനാല്‍ ഇനി കനകക്കുന്ന് കൊട്ടാരം ഷൂട്ടിങ്ങിന് അനുവദിക്കേണ്ടതില്ല എന്ന് ഞാന്‍ തീരുമാനം എടുത്തിരുന്നു. അതിനൊരു ഇളവ് ചോദിച്ചാണ് രാജു എത്തിയത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ക്‌ളൈമാസിലെ ഒരു സീന്‍ ഷൂട്ട് ചെയ്യാന്‍ കനകക്കുന്ന് വളരെ ആപ്റ്റ് ആണ് എന്നതാണ് കാരണം. ചിത്രത്തിലെ നായകന്‍ മോഹന്‍ലാല്‍. സിനിമയുടെ പേര് ലൂസിഫര്‍.

രാജുവിന്റെ ആവശ്യത്തോട് ആദ്യം ഞാന്‍ സ്‌നേഹപൂര്‍വ്വം എന്തുകൊണ്ട് കനകക്കുന്ന് ഷൂട്ടിങ്ങിന് നല്‍കുന്നില്ല എന്ന് കാര്യകാരണ സഹിതം വിശദീകരിച്ചു. ഞാന്‍ പറഞ്ഞ വസ്തുതകള്‍ എല്ലാം അംഗീകരിച്ചു കൊണ്ട് കനകക്കുന്നിനു ഒരു പോറല്‍ പോലും ഏല്പിക്കാതെ തിരിച്ചുതരാം എന്ന രാജുവിന്റെ ഉറപ്പിലാണ് അന്ന് ലൂസിഫറിന് കനകക്കുന്ന് അനുവദിക്കുന്നത്.

അന്ന് ഒരിക്കല്‍ പോലും സിനിമയുടെ കഥ എന്താണെന്നോ സര്‍ക്കാരിന് വിമര്‍ശനം ഉണ്ടോ എന്നോ സിപിഐഎം വിരുദ്ധത ഉണ്ടോ എന്നൊന്നും ഞാന്‍ അന്വേഷിച്ചിരുന്നില്ല. പടം ഇറങ്ങിയപ്പോള്‍ പോയി കാണുകയും മുകളില്‍ പറഞ്ഞതൊക്കെ ഉണ്ടെന്ന് മനസ്സിലാവുകയും ചെയ്തു. പടം ഇഷ്ടപെട്ടതിനാല്‍ പൃഥ്വിരാജിനെ വിളിച്ചു അഭിനന്ദനം അറിയിച്ചതല്ലാതെ ഇതേകുറിച്ചൊന്നും ചോദിച്ചിട്ടുമില്ല. പടം കണ്ട ഒരാളും എന്തിന് ആ സിനിമക്ക് കനകക്കുന്ന് നല്‍കി എന്നും എന്നോട് ചോദിച്ചിട്ടില്ല. കാരണം അതെല്ലാം ഒരു കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം ആണ് എന്ന് ഉത്തമ ബോധ്യം ഉള്ളവരാണ് ഞാനും ഞാന്‍ ഉള്‍പ്പെടുന്ന ഇടതുപക്ഷ സമൂഹവും.

Empuraan

ഇന്ന് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ അതിശക്തമായ വേട്ടയടലുകള്‍ നേരിടുകയാണ്. സംഘപരിവാര്‍ 2002ല്‍ ചെയ്തു കൂട്ടിയതൊക്കെ സമൂഹത്തെ വീണ്ടും ഓര്‍മിപ്പിച്ചു എന്നതാണ് കുറ്റം. ശക്തമായവിദ്വേഷ പ്രചാരണമാണ് ഇതിന്റെ പേരില്‍ മോഹന്‍ലാലും പൃഥ്വിരാജും ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ നേരിടുന്നത്. അണികള്‍ മാത്രമല്ല ആര്‍എസ്എസ് നേതാക്കള്‍ പോലും പരസ്യ ഭീഷണിയുമായി മുന്നിട്ട് ഇറങ്ങി കഴിഞ്ഞു.

ഈ സമ്മര്‍ദ്ദത്തില്‍ പെട്ട് സിനിമയിലെ സുപ്രധാന രംഗങ്ങള്‍ക്ക് കത്രിക വെക്കേണ്ടി വന്നു എന്ന് മാത്രമല്ല മോഹന്‍ലാല്‍ എന്ന മഹാനടന് മാപ്പ് പറയേണ്ടിയും വന്നിരിക്കുന്നു. വര്‍ഗീയ ഫാസിസ്റ്റുകളുടെ ഭീഷണിക്ക് മുന്നില്‍ കലാകാരന്മാര്‍ക്ക് മുട്ട് മടക്കേണ്ടി വരുന്ന സാഹചര്യം നമ്മുടെ നാടിന് ഒട്ടും ഭൂഷണമല്ല.

സംഘപരിവാര്‍ ഭീഷണിക്ക് മുന്നില്‍ വഴങ്ങിയതിന് ഇവിടെ മോഹന്‍ലാലിനെയോ പൃഥ്വിരാജിനെയോ മറ്റ് അണിയറ പ്രവര്‍ത്തകരെയോ കുറ്റം പറയാന്‍ കഴിയുകയില്ല. അവരുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങിയില്ല എങ്കില്‍ എമ്പുരാന്‍ സിനിമയില്‍ കാണിച്ചത് പോലെ നാളെ അവര്‍ കണി കാണിക്കുന്നത് ഇഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‌സികളെയാവും. കുറ്റമൊന്നും ചെയ്യേണ്ട. മുദ്രവെച്ചു കൊടുക്കുന്ന വെള്ളപ്പേപ്പറുകളുടെ ബലത്തില്‍ ആരെയും മാസങ്ങളോളം ജയിലഴികള്‍ക്ക് ഉള്ളില്‍ അടക്കാന്‍ കഴിയുന്ന സൂപ്പര്‍പവര്‍ ഉള്ള ഏജന്‍സികള്‍ ആണവര്‍.

ഇതിനെതിരെ പ്രതികരിക്കേണ്ടത് സംഘപരിവാറിനെ വിറളി പിടിപ്പിച്ച ആ രാഷ്ട്രീയം കൂടുതല്‍ ഉച്ചത്തില്‍ ചര്‍ച്ച ചെയ്താണ്. ഓരോ തെരുവിലും, ഓരോ ചായക്കടകളിലും, ഓരോ ബിസിനസ് ലോഞ്ചുകളിലും ഓരോ കുടുംബത്തും ആ വര്‍ഗീയ രാഷ്ട്രീയം കൂടുതല്‍ ഉച്ചത്തില്‍ ചര്‍ച്ചയാവട്ടെ. സിനിമയ്ക്ക് കത്രിക വെക്കുന്നു എന്നറിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ രാത്രി കൈരളി തിയേറ്ററില്‍ കുടുംബ സമേതം എമ്പുരാന്‍ കണ്ടു...' എന്നും പറഞ്ഞാണ് കടകംപള്ളി സുരേന്ദ്രന്‍ എഴുത്ത് അവസാനിപ്പിക്കുന്നത്.

പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിലെത്തിയ ആദ്യ ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലിനെ നായകനായും മഞ്ജു വാര്യരെ നായികയായിട്ടും അവതരിപ്പിച്ച ചിത്രം വലിയ വിജയമായിരുന്നു. തിയേറ്ററിലും ബോക്‌സോഫീസിലുമൊക്കെ ലൂസിഫര്‍ തരംഗമായി. മാത്രമല്ല ലൂസിഫറിന് രണ്ടും മൂന്നും ഭാഗങ്ങള്‍ വരുന്നുണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. അങ്ങനെ ആറ് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് ലൂസിഫറിൻ്റെ രണ്ടാം ഭാഗമായി എമ്പുരാന്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്.

ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ കുറിച്ചാണ് പറഞ്ഞതെങ്കില്‍ എമ്പുരാനില്‍ ഖുറേഷി അബ്രാമിന്റെ കഥയായിരുന്നു. മയക്ക്മരുന്നിനെതിരെ പ്രവര്‍ത്തിക്കുന്ന ഡോണ്‍ ആയി ഹോളിവുഡ് സ്‌റ്റൈലിലാണ് മോഹന്‍ലാലിനെ പൃഥ്വിരാജ് അവതരിപ്പിച്ചത്. എന്നാല്‍ ഇന്ത്യയില്‍ നടന്ന ചില വിവാദസംഭവങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതാണ് സിനിമയ്‌ക്കെതിരെ പ്രതിഷേധം ഉയരാന്‍ കാരണമായത്. മോഹന്‍ലാലിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന് വന്നതിനൊപ്പം വിവാദമായ രംഗങ്ങള്‍ ഒഴിവാക്കണമെന്നും ആവശ്യമുയര്‍ന്നു.

അങ്ങനെ നിരന്തരമായ പ്രശ്‌നങ്ങള്‍ക്ക് നടുവില്‍പെട്ടതോടെ ആ സീനുകള്‍ ഒഴിവാക്കാമെന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ചിത്രത്തിലെ ഏകദേശം പതിനേഴോളം രംഗങ്ങള്‍ ഒഴിവാക്കിയേക്കുമെന്നാണ് വിവരം. ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അതിനാല്‍ എമ്പുരാന്റെ അണിയറ പ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് തീരുമാനം എടുത്തിട്ടുണ്ടെന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ ക്ഷമാപണവുമായി വന്ന മോഹന്‍ലാലിനെ പരിഹസിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇങ്ങനെ മാപ്പ് പറഞ്ഞ് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അപമാനിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ആരാധകര്‍ ഒരുപോലെ പറയുന്നത്. മാത്രമല്ല മോഹൻലാലിൻ്റെ ക്ഷമാപണം പറഞ്ഞുള്ള പോസ്റ്റ് പൃഥ്വിരാജും ഷെയർ ചെയ്തിരുന്നു. ഇതോടെ പൃഥ്വിയ്ക്കെതിരെയും വ്യാപകമായ പരിഹാസം ഉയർന്നു. എന്പുരാനിലേക്ക് ഷൂട്ട് ചെയ്തതൊക്കെ ഒരു ഡോക്യൂമെൻ്ററിയായി പുറത്തിറക്കാൻ നടൻ ശ്രമിക്കുന്നുണ്ടെന്നാണ് മറ്റ് ചില വിവരം.

ചിത്രത്തിലെ രംഗങ്ങൾ മോഹൻലാലിനെ അറിയിക്കാതെ തിരുകി കയറ്റിയെന്നും പൃഥ്വിരാജ് അവരെ ചതിക്കാൻ നോക്കിയെന്നും തുടങ്ങിയ ആരോപണങ്ങളും വന്നിരുന്നു. സിനിമാ മേഖലയിൽ നിന്നുള്ളവർ തന്നെയാണ് അത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതോടെ സംഭവം കൂടുതൽ വിവാദങ്ങളിലേക്കും കടന്നു. എന്നാൽ ഒന്നിലും പ്രതികരിക്കാൻ സംവിധായകനായ പൃഥ്വിരാജ് തയ്യാറായിട്ടില്ല. പകരം പൃഥ്വിയുടെ അമ്മയും മുതിർന്ന നടിയുമായ മല്ലിക സുകുമാരൻ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഏതായാലും സോഷ്യൽ മീഡിയയിൽ എന്പുരാൻ സിനിമയും അതിലെ രാഷ്ട്രീയവുമൊക്കെ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

More from Filmibeat

Read more about: mohanlal empuraan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X