കൈതപ്രവും മോഹന്‍സിത്താരയും വിനയനൊപ്പം
വിനയന്‍ പുതിയ സിനിമയൊരുക്കുന്നു എന്നുകേള്‍ക്കുമ്പോള്‍ മലയാള സിനിമയിലെ ചിലരുടെ മുഖം ചുളിയും. ഉടന്‍ തന്നെ അവര്‍ വിലക്കുമായി രംഗത്തെത്തും. മലയാളത്തിലെ മുന്‍നിര താരങ്ങളെയൊന്നും അഭിനയിക്കാന്‍ സമ്മതിക്കുകയുമില്ല. എന്നാല്‍ പുതുമുഖ താരങ്ങളെയും മലയാളത്തിലെ വിമതതാരങ്ങളെയും വച്ച് വിനയന്‍ ചിത്രമൊരുക്കും. തിയറ്ററിലെത്തിക്കും. അത് സാമ്പത്തികമായി വിജയിപ്പിക്കുകയും ചെയ്യും. ഏറ്റവും ഒടുവില്‍റിലീസ് ചെയ്ത ഡ്രാക്കുള അത്തരത്തില്‍ വിജയിപ്പിച്ച ചിത്രമായിരുന്നു.
പുതിയ ചിത്രമായ ലിറ്റില്‍ സൂപ്പര്‍മാന്റെ ചിത്രീകരണം തുടങ്ങാനിരിക്കുമ്പോഴേക്കും വിനയനു വിലക്കു വന്നു. ചിത്രത്തിനു ഗാനമൊരുക്കാന്‍ തീരുമാനിച്ചിരുന്ന എം.ജയചന്ദ്രനോടാണ് സിനിമയിലെ ചിലര്‍ പിന്‍മാറാന്‍ ആവശ്യപ്പെട്ടത്. ഗാനമെഴുതുയിരുന്ന രാജീവ് ആലുങ്കലും പിന്‍മാറി. എന്നാല്‍ രണ്ടുപേര്‍ ധൈര്യസമേതം വിനയനൊപ്പം ചേര്‍ന്നു. ഗാനരചനയുമായി കൈതപ്രവും സംഗീതമൊരുക്കാന്‍ മോഹന്‍ സിത്താരയും. വിനയനൊപ്പം പതിമൂന്നു സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രണ്ടുപേരും വിലക്കുകള്‍ വകവയ്ക്കാതെയാണ് ഗാനമൊരുക്കാന്‍ തയ്യാറായത്.

താന്‍ അസുഖമായി കിടക്കുമ്പോള്‍ സംഘടനയുടെ ആരും സഹായിക്കാന്‍ വന്നിരുന്നില്ലെന്ന് തുറന്നടിക്കാനും കൈതപ്രം തയ്യാറായി. ഒരുഭാഗം കുഴഞ്ഞ് ഏറെക്കാലം ചികില്‍സയിലായിരുന്നു കൈതപ്രം. സിനിമയിലെ കുറച്ചുപേര്‍ മാത്രമേ വിവരം അന്വേഷിക്കാന്‍ എത്തിയിരുന്നുള്ളൂ. അതുകൊണ്ടുതന്നെ സംഘടനയുടെ ആളുകളെ പേടിയൊന്നുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സംഗീതമൊരുക്കലാണ് തന്റെ ജോലിയെന്നും അതുകൊണ്ടുതന്നെ ആര്‍ക്കുവേണ്ടിയും അത് ചെയ്യുമെന്നും മോഹന്‍സിത്താരയും പറഞ്ഞു. എറണാകുളത്തു വച്ച് രണ്ടുപേരും വിനയനൊപ്പം സംഗീതമൊരുക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
അമാനുഷിക ശക്തിയുള്ള ബാലന്റെ കഥയാണ് ഇക്കുറി വിനയന്‍ പറയുന്നത്. മലയാളതാരങ്ങള്‍ സഹകരിക്കാത്തതിനാല്‍ അന്യഭാഷയില്‍ നിന്നുള്ള പ്രമുഖരെയാണ് വിനയന്‍ ചിത്രത്തിലേക്കു കൊണ്ടുവരുന്നത്. ഏതായാലും വിലക്കുകളുടെ നാളുകളെക്കുറിച്ചായിരിക്കും ഇനി ചര്‍ച്ച മുഴുവന്‍.


Click it and Unblock the Notifications











