അജയ് ദേവ്ഗണിന്റെ ചിത്രത്തില്‍ കാജല്‍ നായിക
'സ്റ്റുഡന്റ് ഓഫ് ദി ഇയര്‍' എന്ന ചിത്രത്തിലാണ് ബോളിവുഡ് സുന്ദരി കാജല്‍ അവസാനമായി അഭിനയിച്ചത്. ഈ ചിത്രത്തില്‍ ഡിസ്‌കോ ധീവാനേ എന്ന ഗാനരംഗത്തായിരുന്നു കാജല്‍ പ്രത്യക്ഷപ്പെട്ടത്. കാജല്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ഷാരൂഖ് ഖാന്‍ നായകനായ മൈ നെയിം ഈസ് ഖാന്‍ ആയിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു ചിത്രത്തില്‍ നായികയായി എത്താന്‍ പോവുകയാണ് കാജല്‍.
ഭര്‍ത്താവ് അജയ് ദേവ്ഗണ്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് കാജല്‍ നായികയാവുന്നത്. ചിത്രത്തിനായി ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് താരമിപ്പോള്‍. നിര്‍മ്മാണത്തിനൊപ്പം ചിത്രത്തില്‍ കാജലിനൊപ്പം അജയ് ദേവ്ഗണ്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ടെന്ന് ബോളിവുഡില്‍ നിന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം അജയ് നിഷേധിച്ചിട്ടുണ്ട്.

കാജല്‍ ഈ വര്‍ഷം ഒരു ചിത്രം ചെയ്യുന്നുണ്ട്. ഒക്ടോബര്‍ അവസാനത്തോടെ ഇതിന്റെ ചിത്രീകരണം തുടങ്ങും. ഞാന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ ചിത്രസംവിധായകനായ രാം മാധ്‌വനിയാണ്. ചിത്രത്തിലെ നായകനാരെന്നകാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല- അജയ് ദേവ്ഗണ്‍ പറയുന്നു.
കരിയറില്‍ ഏറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള താരമാണ് കാജല്‍. വിവാഹവും കുട്ടികളുമെല്ലാമായതോടെ കാജല്‍ ചിത്രങ്ങളുടെ എണ്ണം കുറച്ചിരുന്നു. പിന്നീടിങ്ങോട്ട് വര്‍ഷത്തിലോ രണ്ട് വര്‍ഷം കൂടുമ്പോഴോ മാത്രമാണ് കാജല്‍ ഒരു ചിത്രം ചെയ്യുന്നത്.


Click it and Unblock the Notifications











