For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കലാഭവന്‍ മണിയോട് അയിത്തമോ...?

  By Staff
  |

  സല്ലാപത്തിലെ രാജപ്പനെയും ങ്യാ ഹ ഹ ഹ എന്ന ചിരിയും മറന്ന മലയാളികള്‍ ഏറെയുണ്ടാകാന്‍ വഴിയില്ല. നാടന്‍ പാട്ടുകളും ജീവിതഗന്ധിയായ നര്‍മ്മവും കൊണ്ട് മലയാളത്തിലെ സിനിമാ പ്രേക്ഷകരുടെ ഇഷ്ടം വാരിയെടുത്ത നടനാണ് കലാഭവന്‍ മണി. മിമിക്രി കാണിച്ചും നാടന്‍ പാട്ടുകള്‍ പാടിയും മണി മലയാളിയെ സന്തോഷിപ്പിച്ചിട്ടുണ്ട്.

  നായകനായും വില്ലനായും സഹനടനായും നായകന്റെ സില്‍ബന്ധിയായുമൊക്കെ നൂറോളം മലയാള ചിത്രങ്ങളും പത്തിരുപത് തമിഴ് ചിത്രങ്ങളും മണിയുടെ ക്രെഡിറ്റിലുണ്ട്. എന്നിട്ടും മണിയെ അവഗണിക്കുകയാണോ മലയാള ചലച്ചിത്ര പ്രസിദ്ധീകരണങ്ങള്‍...?

  സിനിമയില്‍ ഒരു പാട്ടു പാടിയതിന് ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങിയ വകയില്‍ ഏറ്റവുമുയര്‍ന്ന പ്രതിഫലം പറ്റിയ പിന്നണി ഗായകനുമാണ് കലാഭവന്‍ മണി. ഇന്ന് മിനിമം ഗ്യാരണ്ടിയുളള കാസറ്റുകളുടെ കണക്കെടുത്താല്‍ അവിടെയും കലാഭവന്‍ മണിയുടെ കാസറ്റുകള്‍ക്ക് പിന്നിലേ വരൂ, മറ്റെന്തും..

  ഇത്രയും പറയാനെന്താണ് കാരണമെന്നല്ലേ.. ഈ ലക്കം ചിത്രഭൂമിയില്‍ ഫോണ്‍ ഇന്‍ പംക്തിയ്ക്കു വേണ്ടി മണിയെ വിളിച്ച ലേഖകനോട് പരിഭവം കലര്‍ന്ന സ്വരത്തില്‍ മണി പറഞ്ഞ ചില കാര്യങ്ങള്‍ വായിച്ചതു കൊണ്ടാണ്.

  വില്ലന്‍ വേഷങ്ങളാണോ മലയാളത്തില്‍ കൂടുതല്‍ ചെയ്യുന്നത് എന്ന ചോദ്യത്തിന് മണി നല്‍കിയ ഉത്തരത്തിന്റെ ഒരു ഭാഗം ഇങ്ങനെയാണ്...

  സിനിമയില്‍ അത്യാവശ്യം നല്ല വേഷങ്ങളും കഥാപാത്രങ്ങളും ഞാനും ചെയ്യുന്നുണ്ട്. എന്നിട്ടും എന്റെയൊരു മുഖചിത്രം ഇതുവരെ ഒരു മാഗസിനും അച്ചടിച്ച് കണ്ടിട്ടില്ല. നിങ്ങളു തന്നെ എന്റെ ചിത്രത്തിന്റെ സെറ്റില്‍ വരാറുമില്ല. അതെന്തു കൊണ്ടാണ്? ഞാനത്രയ്ക്ക് മോശമൊന്നുമല്ലെന്നാ എനിക്ക് തോന്നീട്ടുളളത്. ഇപ്പൊത്തന്നെ ഒരെളുപ്പപ്പണിക്കു വേണ്ടീട്ടല്ലേ നിങ്ങള്‍ ഫോണി‍ല്‍ വിളിച്ച് ഇന്റര്‍വ്യൂ എടുക്കുന്നത്..

  ചമ്മിപ്പോയിരിക്കണം ലേഖകന്‍..

  തുടര്‍ന്ന് ചോദ്യം ഇങ്ങനെയായി.. അയ്യോ അല്ല ചേട്ടാ.. ചിത്രഭൂമിയില്‍ ഫോണ്‍ ഇന്‍ എന്നു പറഞ്ഞ ഒരു കോളം തന്നെയുണ്ട്. ചേട്ടനിപ്പോള്‍ എവിടെയാണ്..

  ഞാനിപ്പോള്‍ എന്റെ നാട്ടില്‍ തന്നെയുളള ഒരു ആശ്രമത്തിലാണ്. ഇവിടുത്തെ അനാഥക്കുഞ്ഞുങ്ങള്‍ക്കു ഭക്ഷണം നല്‍കാന്‍ എത്തിയതാണ്. ഞാനെന്റെ പറമ്പിലുണ്ടാക്കിയ കായ ഒക്കെ കൊണ്ടു വന്നിട്ടുണ്ട്...

  അനാഥക്കുട്ടികള്‍ക്ക് സ്വന്തം പറമ്പില്‍ കൃഷി ചെയ്ത പച്ചക്കറികള്‍ കൊണ്ടുണ്ടാക്കിയ ഭക്ഷണം നല്‍കാനെത്തിയ നല്ല മനസിനു നേരെ "ചേട്ടന് രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കിക്കൂടേ" എന്ന വിഷം നിറഞ്ഞ ചോദ്യമെറിഞ്ഞാണ് ലേഖകന്‍ ഫോണ്‍ അഭിമുഖം അവസാനിപ്പിച്ചത്..

  സൂപ്പര്‍താരങ്ങളുടെ സെറ്റുകളില്‍ അടയിരുന്ന് റിപ്പോര്‍ട്ടുകളും കവര്‍‍സ്റ്റോറികളും ചമയ്ക്കുന്ന മുഖ്യധാരാ സിനിമാ പ്രസിദ്ധീകരണങ്ങള്‍ കലാഭവന്‍ മണിയുടെ സെറ്റില്‍ പോലും ചെല്ലാറില്ലെന്നാണ് അദ്ദേഹത്തിന്റെ ഉത്തരത്തില്‍ നിന്നും മനസിലാകുന്നത്.. മുഖചിത്രമൊക്കെ അച്ചടിച്ചു വരണമെന്ന് എല്ലാ താരങ്ങള്‍ക്കും ആഗ്രഹം കാണും. എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ പ്രസിദ്ധീകരണങ്ങള്‍ക്ക് കഴിയണമെന്നുമില്ല.

  എന്നാലും മണി നായകനായി അഭിനയിക്കുന്ന സെറ്റുകള്‍ ചിത്രഭൂമി പോലുളള പ്രസിദ്ധീകരണങ്ങള്‍ ഒഴിവാക്കുന്നുണ്ട് എന്നല്ലേ ഈ വെളിപ്പെടുത്തല്‍ സൂചിപ്പിക്കുന്നത്.

  അത്ര മോശക്കാരനൊന്നുമല്ല കലാഭവന്‍ മണി. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായകന്മാര്‍ക്ക് നേര്‍ക്കു നേരെ നില്‍ക്കാന്‍ പ്രാപ്തിയുളള, മലയാളിത്തമുളള വില്ലനുമാണ് മണി. അങ്ങനെയൊരാളിന്റെ ചിത്രത്തിന്റെ സെറ്റ് അവഗണിച്ച്, ഫോണും പിആര്‍ഒയും വഴി കാര്യം സാധിക്കുന്ന ചലച്ചിത്ര പ്രസിദ്ധീകരണങ്ങള്‍ അത്ര നല്ല സമീപനത്തെയല്ല പ്രതിഫലിപ്പിക്കുന്നത്.

  ബന്ധപ്പെട്ട വാര്‍ത്തകള്‍  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X