കലാഭവന്‍ മണിയുടെ ഓറഞ്ച്
ദേവദാസി എന്ന ചിത്രത്തിലൂടെയാണ് ബിജു വര്‍ക്കി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഓഫ് ബീറ്റ് സിനിമയായ ദേവദാസിയില്‍ കഴിവുള്ള ഒരു സംവിധായകന്റെ നിഴലാട്ടങ്ങളുണ്ടായിരുന്നു.
പിന്നീട് ബിജു വര്‍ക്കി വാണിജ്യ സിനിമയുടെ വഴിയിലേക്ക് തിരിയുന്നതാണ് കണ്ടത്. അത് പക്ഷേ ഒട്ടും നിലവാരം പുലര്‍ത്താത്ത ഒരു ചിത്രത്തിലൂടെയായിരുന്നു. മമ്മൂട്ടി നായകനായ ഫാന്റം പൈലി പരാജയപ്പെട്ടതോടെ വര്‍ഷങ്ങളോളം ബിജു വര്‍ക്കിക്ക് സിനിമാരംഗത്തു നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. അതിനിടയില്‍ നിര്‍മാതാവുമായുള്ള തര്‍ക്കവും കേസുമായി ബിജു വര്‍ക്കിക്ക് പല പ്രശ്നങ്ങളും നേരിടേണ്ടി വന്നു.
കഴിഞ്ഞ വര്‍ഷം ചന്ദ്രനിലേക്കൊരു വഴി എന്ന ചിത്രവുമായി വീണ്ടും ബിജു വര്‍ക്കിയെത്തി. അത് ദേവദാസി പോലെ ഒരു ഓഫ് ബീറ്റ് ചിത്രമായിരുന്നു. തിയേറ്ററുകള്‍ കാണാതെ പോയ ആ ചിത്രത്തെ കുറിച്ച് അധികമാരും കേട്ടതുമില്ല.
വീണ്ടും കച്ചവട സിനിമയില്‍ ഒരു പരീക്ഷണത്തിനൊരുങ്ങുകയാണ് ബിജു വര്‍ക്കി. ചിത്രത്തിന്റെ പേര് ഓറഞ്ച്. കലാഭവന്‍ മണിയാണ് നായകന്‍. തിലകന്‍, നെടുമുടി വേണു, മനോജ് കെ.ജയന്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും വേഷമിടുന്നു. ഏപ്രിലില്‍ കമ്പം, തേനി എന്നിവിടങ്ങളിലായി ഓറഞ്ചിന്റെ ചിത്രീകരണം നടക്കും.


Click it and Unblock the Notifications