അത്താഴം പുലർച്ചെ 1.50 ന്; എഴുന്നേറ്റ ശേഷം ബിയർ; രക്തം ഛർദ്ദിച്ചു; മരണത്തെക്കുറിച്ച് ഉണ്ണിരാജൻ ഐപിഎസ്
മലയാളികൾക്ക് വലിയ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു നടൻ കലാഭവൻ മണിയുടെ മരണം. 2016 മാർച്ച് മാസത്തിലാണ് കലാഭവൻ മണി മരിച്ചത്. കരൾ രോഗമാണ് മണിയുടെ മരണത്തിന് കാരണമായത്. ചികിത്സയിലിരിക്കെ ഹൃദയാഘാതം വന്നാണ് നടൻ മരിച്ചത്. മരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഉയർന്ന് വന്നു. അസ്വഭാവിക മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ചെയ്തു. സിബിഐ വരെ മരണത്തിൽ അന്വേഷണം നടത്തി.
എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. മണിയുടെ മരണത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്ന ഉണ്ണിരാജൻ ഐപിഎസ്. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. മണിക്ക് ശാരീരികാസ്ഥ്യങ്ങൾ ഉണ്ടായ സമയത്തെക്കുറിച്ചാണ് ഇദ്ദേഹം പരാമർശിച്ചത്.

കലാഭവൻ മണിക്ക് ഒരു പാഡിയുണ്ട്. ചാലക്കുടി പുഴയുടെ തീരത്താണ്. അച്ഛൻ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലം. തൊട്ടപ്പുറത്ത് രണ്ട് റൂമും സിറ്റൗട്ടുമുള്ള ചെറിയൊരു വീടും കെട്ടിയിട്ടുണ്ട്. മിക്കവാറും താമസിക്കുന്നത് ഈ പാഡിയിലും വീട്ടിലുമായിരിക്കും. ചാലക്കുടിക്കാരുടെ ഇഷ്ട തോഴനായിരുന്നു മണി. അദ്ദേഹം അവിടെയുണ്ടെങ്കിൽ പന്ത്രണ്ടോളം പേർ അവിടെയുണ്ടാകും. ഭക്ഷണവും മദ്യവും ഉണ്ടാകും. നാലാം തിയതി മണി അവിടെ ആഘോഷിച്ചിട്ടുണ്ട്. ഇടുക്കി ജാഫർ, തരികിട സാബു, നാദിർഷ എന്നിവരൊക്കെ എത്തിയിട്ടുണ്ടായിരുന്നെന്ന് ഉണ്ണിരാജൻ ഐപിഎസ് ചൂണ്ടിക്കാട്ടി.
മണി എട്ടോ പത്തോ ബിയർ വാങ്ങി വെച്ചിട്ടുണ്ട്. മണി ബിയർ മാത്രമേ കഴിക്കൂ. ശരീരം ശോഷിച്ച് വരുന്നുണ്ട്. ഡയബറ്റിക്കാണ്. ഇൻസുലിനും മെഡിസിനുമുണ്ട്. ഇടുക്കി ജാഫറും സാബുവുമൊക്കെ തിരിച്ച് പോകുന്നത് രാത്രി വല്ലാതെ വൈകിയാണ്. മണിയും സുഹൃത്തുക്കളും അത്താഴം കഴിക്കുന്നത് പുലർച്ചെ 1.50 നാണ്. കിടന്ന ശേഷം 5.40 ന് മണി എഴുന്നേറ്റ് ബിയർ കുടിച്ചു. മണി കിടന്നിരുന്ന റൂമിൽ നിന്നും പുറത്ത് വന്ന് പാഡിയിൽ കിടന്ന സുഹൃത്തുക്കളുടെ അടുത്ത് വന്ന് അവരെ കെട്ടിപ്പിടിച്ച് ഉറങ്ങി.

ഏഴ് മണിയോടെ മണി റൂമിലേക്ക് പോന്നു. ഇൻസുലിൻ എടുക്കാൻ വന്ന സുഹൃത്ത് കാണുന്നത് മണി രക്തം ഛർദ്ദിക്കുന്നതാണ്. ഹോസ്പിറ്റലിൽ പോകാമെന്ന് പറഞ്ഞപ്പോൾ സാരമില്ലെന്ന് മണി. സോഫ്റ്റ് ഡ്രിങ്ക്സ് ചോദിച്ചു. അത് കൊടുക്കാൻ വേണ്ടി വരുമ്പോൾ മണി വീണ്ടും ഛർദ്ദിക്കുന്നു. സോഫ്റ്റ് ഡ്രിങ്ക്സ് കഴിച്ച് ഒന്നും പറയാതെ കിടന്നു. അയാൾ മണിയുടെ സുഹൃത്തുക്കളെയും മാനേജരെയും വിളിച്ച് വരുത്തി.
അടുത്തുള്ള ആശുപത്രിയിൽ നിന്ന് ഗുളിക കൊടുത്തപ്പോൾ ഛർദ്ദിച്ചു. മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. പോകുന്ന വഴിയാണ് മണിയുടെയും സഹോദരൻ രാമകൃഷ്ണന്റെയും വീട്. പക്ഷെ മണിക്ക് സുഹൃത്തുക്കളുമായാണ് ആത്മബന്ധം. പെട്ടെന്ന് ആശുപത്രിയിലെത്തിക്കേണ്ടത് കൊണ്ടായിരിക്കണം വീട്ടിലൊന്നും പറയാതിരുന്നതെന്നും ഉണ്ണിരാജൻ ഐപിഎസ് ചൂണ്ടിക്കാട്ടി. പിന്നീടുണ്ടായ സംഭവങ്ങളെക്കുറിച്ചും ഇദ്ദേഹം ഓർത്തു.
ആശുപത്രിയിലെ നഴ്സ് ചെക്കപ്പിന് വന്നപ്പോൾ സിസ്റ്ററേ ഞാനിവിടെ തന്നെ വേണ്ടി വരുമോ എന്ന് തമാശ മട്ടിൽ മണി പറഞ്ഞു. ചികിത്സയിലിരിക്കെ മണിയുടെ ബിപി താഴോട്ട് പോയി. ആറാം തിയതി വൈകീട്ട് മണി മരണപ്പെട്ടു. ആർക്കും വിശ്വസിക്കാൻ പറ്റാത്ത വാർത്തയായിരുന്നു. മരണത്തിൽ ചില സംശയങ്ങൾ സഹോദരൻ ഉന്നയിച്ചിരുന്നു.
മണിയുടെ ഉള്ളിൽ വിഷം പോയിട്ടുണ്ടെന്ന് സംശയിക്കുന്നതായാണ് ഡോക്ടർ അറിയിച്ചത്. അസ്വാഭാവിക മരണത്തിന് അങ്ങനെയാണ് കേസെടുത്തതെന്നും ഉണ്ണി രാജൻ ഐപിഎസ് വ്യക്തമാക്കി. അന്വേഷണത്തിന്റെ വിശദ വിവരങ്ങൾ സഫാരിയിലെ ഷോയുടെ അടുത്ത എപ്പിസോഡിൽ ഇദ്ദേഹം പങ്കുവെക്കും.


Click it and Unblock the Notifications