സച്ചിയെ കണ്ട് പൊട്ടിക്കരഞ്ഞ് നഞ്ചമ്മ! ദുഖം നിയന്ത്രിക്കാനാവാതെ സുഹൃത്തുകള്‍
സച്ചിയുടെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് നഞ്ചമ്മ. സിനിമയിലെ കലക്കാത്ത എന്ന് തുടങ്ങുന്ന നഞ്ചമ്മയുടെ പാട്ടാണ് തരംഗമായി മാറിയിരുന്നത്. അയ്യപ്പനും കോശിയുടെ വിജയത്തില്‍ ഈ പാട്ടും നിര്‍ണായക പങ്കുവഹിച്ചിരുന്നു. തനിക്ക് സിനിമയില്‍ അവസരം തന്ന സച്ചിയെ അവസാനമായി ഒരു നോക്ക് കാണാന്‍ കഴിഞ്ഞ ദിവസം നഞ്ചമ്മയും എത്തിയിരുന്നു.
Recommended Video

സാറേ എന്ന് വിളിച്ചു ഓടിയെത്തിയ നഞ്ചമ്മയ്ക്ക് സച്ചിയെ കണ്ടപ്പോള്‍ ദുഖം നിയന്ത്രിക്കാനായില്ല. പ്രിയപ്പെട്ട സാറിന്റെ ചേതനയറ്റ ശരീരം കണ്ടപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു അവര്‍. 'എന്നെ നാട് മക്കള് തെരിയമാതിരി വെച്ച് സാറ്'. പ്രിയപ്പെട്ട സച്ചിയെക്കുറിച്ച് പറയുമ്പോള്‍ നഞ്ചിയമ്മയുടെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. സംവിധായകനെ അവസാനമായി കാണാന്‍ അട്ടപ്പാടിയില്‍ നിന്നും പുലര്‍ച്ചെ പുറപ്പെട്ടതാണ് നഞ്ചമ്മ.
നഞ്ചമ്മയ്ക്ക് പുറമെ സച്ചിയുടെ വിയോഗത്തില്‍ അടുത്ത സുഹൃത്തുക്കളായ പൃഥ്വിരാജിനും, രഞ്ജിത്തിനും സുരേഷ് കൃഷ്ണയ്ക്കുമൊന്നും സങ്കടം നിയന്ത്രിക്കാന്‍ സാധിച്ചിരുന്നില്ല. സച്ചിയുടെ മൃതദേഹം തമ്മനത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ വൈകാരിക രംഗങ്ങളാണ് അരങ്ങേറിയത്. ദിലീപ്, ബിജു മേനോന്‍, ബി ഉണ്ണികൃഷ്ണന്‍,സുരാജ് വെഞ്ഞാറമൂട്, ഗൗരി നന്ദ തുടങ്ങിയവരും സച്ചിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
അയ്യപ്പനും കോശിയുമായിരുന്നു സച്ചിയുടെ സംവിധാനത്തില്‍ അവസാനമായി പുറത്തിറങ്ങിയ ചിത്രം. മലയാളത്തില്‍ തിരക്കഥാകൃത്തായി തുടക്കം കുറിച്ച ആളാണ് സച്ചി. സേതുവിനൊപ്പം ചേര്‍ന്നാണ് തുടക്ക കാലത്ത് അദ്ദേഹം തിരക്കഥകള്‍ എഴുതിയിരുന്നത്. പിന്നീട് പൃഥ്വിരാജിനെ നായകനാക്കി അനാര്‍ക്കലി എന്ന ചിത്രം എടുത്ത് സംവിധാനത്തിലും അരങ്ങേറ്റം കുറിക്കുകയായിരുന്നു.
അയ്യപ്പനും കോശിക്കും പുറമെ കഴിഞ്ഞ വര്‍ഷം ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രവും സച്ചിയുടെതായി വലിയ വിജയമായി മാറിയിരുന്നു. തുടരെ രണ്ട് വിജയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചുകൊണ്ടാണ് അദ്ദേഹം നമ്മെ വിട്ടുപോയിരിക്കുന്നത്. സച്ചിക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയിലും നിരവധി പേര്‍ എത്തിയിരുന്നു.


Click it and Unblock the Notifications