അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി, മോഹന്‍ലാലിന്റെ പ്രതികരണത്തെ കുറിച്ച് കല്യാണി
മലയാളികളുടെ പ്രിയങ്കരനായ സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണിയും അഭിനയരംഗത്ത് എത്തി. വിക്രം കുമാര്‍ സംവിധാനം ചെയ്ത തെലുങ്ക് റൊമാന്റിക് ത്രില്ലര്‍ ആക്ഷന്‍ ചിത്രമായ ഹലോ എന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അഖില്‍ അക്കിനേനിയുടെ നായിക വേഷത്തിലാണ് കല്യാണി അഭിനയിച്ചത്.
മോഹന്‍ലാലിന്റെ മകന്‍ നായകനായി എത്തുന്ന ആദി എന്ന ചിത്രത്തില്‍ കല്യാണി നായികയായി എത്തുന്നുവെന്ന ആദ്യം വാര്‍ത്തകള്‍ വന്നിരുന്നു. അതിന് ശേഷം കല്യാണി തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് സ്ഥിരീകരിച്ചത്. നാഗാര്‍ജുന അക്കിനേനി നിര്‍മിച്ച ചിത്രം ബോക്‌സോഫീസില്‍ വിജയം നേടി.

പൂര്‍ണ പിന്തുണ
അച്ഛന്റെയും അമ്മയുടെയും പൂര്‍ണ പിന്തുണയോടെയാണ് കല്യാണിയുടെ ആദ്യ ചിത്രം. സിനിമ തിയേറ്ററില്‍ എത്തി കണ്ടതിന് ശേഷം അച്ഛന്റെയും അമ്മയുടെയും പ്രതികരണം ശരിക്കും എന്നെ അത്ഭുതപ്പെടുത്തിയെന്ന് കല്യാണി പറയുന്നു. ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി പ്രിയദര്‍ശന്‍ തന്റെ ആദ്യ സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞത്.

അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി
എന്റെ എല്ലാ കാര്യങ്ങള്‍ക്കും അമ്മയാണ് ആദ്യം സപ്പോര്‍ട്ട് ചെയ്യുന്നത്. അമ്മ പെട്ടെന്ന് ഇമോഷണലാകും. സിനിമ കണ്ടതിന് ശേഷം, അമ്മ എന്നെ കെട്ടിപിടിച്ച് ഒത്തിരി നേരം കരഞ്ഞു. പിന്നെ കുറേ അഭിനന്ദനങ്ങളും.

അച്ഛന്‍ നേരെ തിരിച്ച്
അച്ഛന്‍ എപ്പോഴും നേരെ തിരിച്ചാണ്. എപ്പോഴും വിമര്‍ശിച്ചുക്കൊണ്ടിരിക്കും. പക്ഷേ ഹലോ എന്ന സിനിമ കണ്ടതിന് ശേഷം ആദ്യമായാണ് അച്ഛന്‍ എന്നെ അഭിനന്ദിക്കുന്നത്. അത് ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നുവെന്ന് കല്യാണി പറയുന്നു.

ഹലോയുടെ സെറ്റില്‍
തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ ടീമിനൊപ്പമാണ് എന്റെ ആദ്യത്തെ വര്‍ക്ക്. ഭാഷ അറിയാത്തതുകൊണ്ട് തന്നെ ഒരു ദിവസം മുമ്പേ ഞാന്‍ ഡയലോഗ് പ്രാക്ടീസ് ചെയ്യും. പിന്നെ സംവിധായകന്റെ വലിയപിന്തുണയുമുണ്ടായിരുന്നു.

മോഹന്‍ലാലിന്റെ പ്രതികരണം
അദ്ദേഹത്തിന്റെ അഭിനയം കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതുക്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രതികരണം എനിക്ക് വലിയ കാര്യം തന്നെയാണ്. അദ്ദേഹത്തില്‍ നിന്ന് വാക്കുകളിലൂടെയുള്ള അഭിനന്ദനമായിരുന്നില്ല. എന്നെ ചേര്‍ത്ത് പിടിക്കുകയായിരുന്നു. അതില്‍ നിന്ന് എനിക്ക് മനസിലാക്കമായിരുന്നു, അദ്ദേഹത്തിന് ആ സിനിമ എത്രമാത്രം ഇഷ്ടപ്പെട്ടുവെന്ന്.

മലയാളത്തിലേക്ക്
മലയാളത്തില്‍ ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്തായാലും ചെയ്യും. സിനിമയില്‍ വളരെ സെലക്ടീവാകാനാണ് എന്റെ തീരുമാനം. ഇപ്പോള്‍ ചെന്നൈയില്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. അതുക്കൊണ്ട് തന്നെ തമിഴ്‌നാടുമായി ഒരു കണക്ഷനുണ്ട്. അടുത്തത് ഒരു തമിഴ് ചിത്രമായിരിക്കുമെന്നും കല്യാണി പറയുന്നു.


Click it and Unblock the Notifications











