»   » നവതരംഗത്തിന് കമലഹാസന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്

നവതരംഗത്തിന് കമലഹാസന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്

Posted By:
Subscribe to Filmibeat Malayalam
ബാലതാരമായി സിനിമയിലെത്തി ഉലകനായകനായി മാറിയ കമല്‍ഹാസന് എന്നും മലയാളസിനിമയോട് ഹൃദയത്തില്‍ ചേര്‍ത്തു വെക്കുന്ന സ്‌നേഹമാണ്, തിരിച്ച് മലയാളസിനിമയും പ്രേക്ഷകരും കമല്‍ഹാസനോടും വലിയ അളവില്‍ സ്‌നേഹബഹുമാനങ്ങള്‍ സൂക്ഷിക്കുന്നു.

മലയാളസിനിമയുടെ ഈറ്റില്ലമായിരുന്നു മദിരാശി. പരസ്പരപൂരകമായി വളര്‍ന്ന മലയാളതമിഴ് സിനിമകളില്‍ സാങ്കേതിക മികവിലും വലിയ ക്യാന്‍വാസിലുമുള്ള ബ്രഹ്മാണ്ടചിത്രങ്ങളു മായി തമിഴ് സിനിമ പെരുമ പുലര്‍ത്തിയപ്പോള്‍, കലാ മേന്‍മയും സാമൂഹ്യപ്രശ്‌നങ്ങളിലുമൊക്കെ
ഇടപെട്ടുകൊണ്ട് കാലങ്ങള്‍ അടയാളപ്പെടുത്തി മലയാള സിനിമ മികവ് തെളിയിച്ചു.

മലയാളസിനിമയിലെ മാറ്റങ്ങളെ എന്നും കൌതുകപൂര്‍വ്വം തമിഴ്‌സിനിമയും അണിയറക്കാരും നോക്കികണ്ടിരുന്നു. അതിശയും അദ്ഭുതവും കൊണ്ട് അവിശ്വാസനീയമാം വണ്ണം വളര്‍ന്ന് തമിഴകസിനിമകളെ മലയാളവും ആവേശപൂര്‍വ്വം നെഞ്ചേറ്റി.

ഈ പാരസ്പര്യത്തില്‍ ഏറ്റവും തിളങ്ങുന്ന കണ്ണിയായി തീര്‍ന്നത് ഉലകനായകനായ കമല്‍ഹാസനായിരുന്നു. മലയാളത്തിലെ ആദ്യകാലസിനിമകളില്‍ പ്രണയത്തിന്റെ മൃദുഭാവങ്ങള്‍ കണ്ണിലും മെയ്യിലും ആവാഹിച്ച കമല്‍ ചിത്രങ്ങളും ഗാനരംഗങ്ങളും ഇന്നും ഓര്‍മമ്മയിലെ രജതരേഖകളാണ്.

തമിഴ് സിനിമയുടെ നെടുനായകത്വതത്തിലേക്ക് വളര്‍ന്ന കമലഹാസന്‍ പരമ്പരാഗതസിനിമാരീതികള്‍ മറികടന്ന് പരീക്ഷണ ചിത്രങ്ങളിലൂടെ പുതിയ രൂപഭാവങ്ങള്‍ തീര്‍ത്ത് തമിഴിലെ ഇതിഹാസ ചിത്രങ്ങളുടെ വഴികാട്ടിയായി, ഇന്നും അതു തുടരുന്നു. മലയാളസിനിമയുടെ ഓരോകാലത്തേയും മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ ഉലകനായകന്‍ കഴിഞ്ഞ പത്തുവര്‍ഷമായി എല്ലാ അര്‍ത്ഥത്തിലും മലയാളസിനിമപുറകോട്ടു പോയി എന്നുപരാതിപ്പെട്ടിരുന്നു.

തന്റെ കരിയറില്‍ ശ്രദ്ധേയമായ സ്ഥാനത്ത് നില്‍ക്കുന്ന മലയാള സിനിമ ഒരിക്കല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമകളായിരുന്നു എന്ന് അഭിമാനത്തോടെ ഓര്‍മ്മിക്കുന്നു കമലഹാസന്‍, കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ മലയാളസിനിമയുടെ ക്രാഫ്റ്റില്‍ വന്ന അതിശയകരമായ മാറ്റത്തെ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ശരിവെക്കുന്നു.

മലയാളസിനിമ പുരോഗതിയുടെ പാതയില്‍ ശക്തമായിതീരുന്നു എന്ന തിരിച്ചറിവ് പങ്കു വെക്കുന്ന കമലഹാസനെ രഞ്ജിതിനെപോലുള്ള സംവിധായകര്‍ അതേ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. മലയാളസിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ തിരിച്ചറിയാനോ ഉള്‍ക്കൊള്ളാനോ ഇവിടെ അധികമാരും തയ്യാറാല്ലെന്ന് മാത്രമല്ല സിനിമയ്ക്കുള്ളില്‍ നിന്നുതന്നെ ഒട്ടേറെ ആരോപണങ്ങളാല്‍ ഒതുക്കാനുള്ള കൊണ്ടു പിടിച്ച ശ്രമത്തിലുമാണെന്നതാണ് മലയാളസിനിമയുടെ ദുര്യോഗം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam