യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം! ആസൂത്രിതമായ നീക്കമെന്ന് സംവിധായകന്‍ കമല്‍
ചലച്ചിത്ര സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരെ ഒരു യുവനടി ലൈംഗിക പീഡനാരോപണം ഉന്നയിച്ചതായി ഒരു ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു. 2019 ഏപ്രില്‍ 26 നാണ് സംഭവം ആരോപിച്ച് കൊണ്ട് യുവതി കമലിന് നോട്ടീസ് അയച്ചതെന്നായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. മഞ്ജു വാര്യരെ നായികയാക്കി ഒരുക്കിയ ആമി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മറ്റൊരു സിനിമയായ പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തില്‍ പ്രധാന വേഷം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
എന്നാല്‍ തനിക്ക് അത് ലഭിച്ചിട്ടില്ലെന്നും തുടര്‍ന്ന് ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നുമാണ് യുവതിയുടെ ആരോപണമായി പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് പറയുകയാണ് കമലിപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിവാദങ്ങളെ കുറിച്ച് മനസ് തുറന്നത്.

'ഒരു വര്‍ഷം മുന്‍പ് എനിക്ക് നിയമപരമായ അറിയിപ്പ് ലഭിച്ചു എന്നത് സത്യമാണ്. ഞാന്‍ എന്റെ അഭിഭാഷകനുമായി ബന്ധപ്പെട്ടപ്പോള്‍, ഇത് തെറ്റായ ആരോപണമായതിനാല്‍ എതിര്‍ കക്ഷികളില്‍ നിന്നുള്ള തുടര്‍നടപടികള്‍ക്കായി കാത്തിരിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഒരു നടപടി ഉണ്ടായില്ല. അതിനാല്‍ ഞാന്‍ അത് അവഗണിച്ചു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമായ കാര്യമാണെന്ന് സംവിധായകന്‍ പറയുന്നു.
ചലച്ചിത്ര അക്കാദമിയിലെ ഒരു മുന്‍ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്ന് ഞാന്‍ സംശയിക്കുന്നു. ചില ആഭ്യന്തര കലഹങ്ങള്‍ മൂലം അദ്ദേഹം ആ സ്ഥാനം ഉപേക്ഷിച്ചിരുന്നു. ഒരു വര്‍ഷം മുന്‍പ് ലഭിച്ച നിയമപരമായ അറിയിപ്പിനെ കുറിച്ച് എന്റെ അഭിഭാഷകനും മുന്‍ ജീവനക്കാരനും മാത്രമേ അറിയൂ. എന്നിരുന്നാലും അദ്ദേഹമാണ് ഇതിന് പിന്നിലെന്ന് തെളിയിക്കാന്‍ ഇപ്പോള്‍ മതിയായ തെളിവുകള്‍ എന്റെ പക്കലില്ലെന്നും കമല്‍ പറയുന്നു.

അതേ സമയം തന്റെ മതം കാരണം ഒരു ചാനല്‍ ആക്രമിക്കുന്നുവെന്ന് തനിക്ക് തോന്നുന്നുണ്ട്. അവര്‍ കമലുദ്ദീന്‍ മുഹമ്മദ് മജീദ് എന്നാണ് വിളിക്കുന്നത്. മലയാള സിനിമയ്ക്ക് കമലുദീനില്ല. കമല്‍ മാത്രമേ അറിയൂ. എന്ത് കൊണ്ടാണ് കേസ് ഫയല്‍ ചെയ്യാത്തത്? എന്ത് കൊണ്ടാണ് നടി ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് പോലും ഇടാത്തത്? എന്റെ സിനിമകളുടെ കാസ്റ്റിംഗ് ചെയ്യുന്നത് കാസ്റ്റിംഗ് ടീമിലൂടെയും അസോസിയേറ്റിലൂടെയുമാണെന്ന് അദ്ദേഹം പറയുന്നു.
ടിവി ചാനല്‍ താന്‍ നടത്തിയ പ്രതികരണം തെറ്റിദ്ധാരണാജനകമായ രീതിയില്‍ പ്രക്ഷേപണം ചെയ്തുവെന്നും കമല്‍ പറയുന്നു. കോടതിയ്ക്ക് പുറത്ത് പ്രശ്‌നം പരിഹരിച്ചു എന്ന പ്രചരണത്തെയും അദ്ദേഹം നിഷേധിച്ചിരിക്കുകയാണ്. ഇത് തീര്‍ത്തും തെറ്റാണ്. ഉത്തരവാദികള്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ താന്‍ ആലോചിക്കുന്നതായും കമല്‍ പറയുന്നു'.


Click it and Unblock the Notifications











