മാധവിക്കുട്ടിയാകുന്നത് വിദ്യ തന്നെ: കമല്‍
വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു മലയാളികളുടെ പ്രിയകഥാകാരി മാധവിക്കുട്ടിയുടെ ജീവിതം. മലയാളസാഹിത്യത്തില്‍ നീര്‍മാതളത്തിന്റെ സുഗന്ധം പരത്തിയ കമലയെ സ്‌നേഹിച്ചതിനൊപ്പം തന്നെ കരിതേച്ചുകാണിയ്ക്കാനും മലയാളികള്‍ എന്നും മത്സരിക്കുന്നുണ്ടായിരുന്നു. കമലയുടെ വേര്‍പാടിന്റെ അഞ്ചാം വര്‍ഷത്തില്‍ കമലയുടെ ജീവിതകഥ സിനിമയാകാന്‍ പോവുകയാണ്.
സംവിധായകന്‍ കമല്‍ ആണ് മാധവിക്കുട്ടിയുടെ ജീവിതം വെള്ളിത്തിരയിലേയ്‌ക്കെത്തിക്കാന്‍ പോകുന്നത്. മാധവിക്കുട്ടിയുടെ വ്യക്തിജീവിതത്തിലൂടെയും കലാജീവിതത്തിലൂടെയും കടന്നുപോകുന്നതാണ് ചിത്രത്തിന്റെ കഥയെന്ന് കമല്‍ പറയുന്നു. മാധവിക്കുട്ടിയെ ആര് അവതരിപ്പിക്കുമെന്ന് ആലോചിച്ചപ്പോള്‍ ആദ്യം തന്റെ മനസിലേയ്ക്ക് വന്നത് വിദ്യ ബാലന്റെ മുഖമാണെന്നും കമല്‍ പറയുന്നു.

ഒരു സ്വകാര്യച്ചടങ്ങിന് കണ്ടപ്പോല്‍ കമല്‍ വിദ്യയോട് കമല സുരയ്യയുടെ ജീവിതം സിനിമയാക്കുന്ന കാര്യം പറഞ്ഞു. ചിത്രത്തിന്റെ ഭാഗമാകാന്‍ വിദ്യ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. താന്‍ ഒരുക്കുന്ന ചിത്രത്തില്‍ കമലയായി എത്തുക വിദ്യയായിരിക്കുമെന്ന് കമല്‍ പറയുന്നു. ചിത്രം സംബന്ധിച്ച് ബാക്കി പലകാര്യങ്ങളും തീരുമാനിയ്ക്കാനുണ്ടെന്നും ഇപ്പോള്‍ പ്രാരംഭഘട്ട ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നതെന്നും കമല്‍ പറഞ്ഞു.
2015ലായിരിക്കും ഈ ചിത്രത്തിന്റെ ചിത്രീകരണവും മറ്റും തുടങ്ങുക. ഇപ്പോള്‍ സെപ്റ്റംബറില്‍ നടക്കുന്ന മമ്മൂട്ടിച്ചിത്രത്തിന്റെ അണിയറജോലികളുടെ തിരക്കുകളിലാണ് സംവിധായകന്‍.
വിദ്യ ബാലന്‍ ആദ്യം അഭിനയിച്ച ചിത്രം കമലിന്റെ ചക്രമായിരുന്നു. ലോഹിതദാസിന്റെ തിരക്കഥയായിരുന്നു ചക്രത്തിന്റേത്. എന്നാല്‍ ഷൂട്ടിങ് തുടങ്ങിയ ചിത്രം പാതിവഴിയില്‍ നിന്നു. പലകാരണങ്ങളാല്‍ അത് പൂര്‍ത്തിയാക്കാനും കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ വിദ്യയുടെ ആദ്യ ചിത്രം എന്ന് അറിയപ്പെടേണ്ടിയിരുന്ന ചക്രമെന്ന ചിത്രം ആരുമറിയാതെപോയി. എന്തായാലും കമലയെന്ന ശക്തമായ കഥാപാത്രത്തെ നല്‍കിക്കൊണ്ട് വിദ്യയോടുള്ള പഴയ കടം വീട്ടാന്‍ കമലിന് അവസരം കൈവന്നിരിക്കുകയാണ്.


Click it and Unblock the Notifications











