എന്റെ രൂപവും പൊക്കക്കുറവുമാവും നല്ല വേഷം കിട്ടാത്തതിന് കാരണം! നടനെന്ന നിലയിൽ തൃപ്തനല്ല-മണികണ്ഠൻ
കമ്മട്ടിപ്പാടം സിനിമയിലെ ബാലന്‍ എന്ന കഥാപാത്രം ഇന്നും സിനിമാസ്വാദകരുടെ മനസിലുണ്ടാവും. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാന്‍ കഴിഞ്ഞൊരു വേഷമായിരുന്നു നടന്‍ മണികണ്ഠന്‍ ആചാരി അവതരിപ്പിച്ചത്. അന്ന് പുതുമുഖമായിരുന്ന നടന്റെ കരിയര്‍ മാറിയത് ഈയൊരു കഥാപാത്രത്തിലൂടെയാണ്. അവിടുന്നിങ്ങോട്ട് അനേകം സിനിമകള്‍ താരത്തെ തേടി എത്തി.
ഏറ്റവുമൊടുവില്‍ മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുക്കിയ മാലൈക്കോട്ടെ വാലിബന്‍, മമ്മൂട്ടിയുടെ ഭ്രമയുഗം എന്ന സിനിമയിലുമാണ് മണികണ്ഠന്‍ അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ വിശേഷങ്ങള്‍ പറയുന്നതിനൊപ്പം നടനെന്ന നിലയില്‍ താനൊട്ടും തൃപ്തനല്ലെന്ന് പറയുകയാണ് താരം. ഇതുവരെ അഭിനയിക്കാന്‍ കിട്ടിയതില്‍ നന്ദിയുണ്ടെങ്കിലും ആഗ്രഹിച്ചത് പോലൊരു വേഷം ഇനിയും കിട്ടിയിട്ടില്ല.

ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ ഒട്ടും ഹാപ്പിയല്ല. കമ്മട്ടിപ്പാടത്തിലെ ബാലനു ശേഷം എന്നെ ചാലഞ്ച് ചെയ്യുന്ന കഥാപാത്രങ്ങളൊന്നും അധികം കിട്ടിയില്ല. എനിക്ക് അഭിനയിക്കാന്‍ ആഗ്രഹമുള്ള ഒരുപാട് ഇമോഷനുകള്‍ ഉണ്ട്. 39 വര്‍ഷമായുള്ള എന്റെ ജീവിതയാത്രയില്‍ ഞാന്‍ കണ്ട, അനുഭവിച്ച കാര്യങ്ങളൊന്നും എനിക്ക് സിനിമയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
എന്റെ പ്രണയം, ദുഃഖം, ക്രോധം ഇതൊക്കെ എനിക്ക് സിനിമയില്‍ പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അത്തരത്തില്‍ വളരെ സങ്കീര്‍ണമായ കഥാപാത്രങ്ങളൊന്നും ചെയ്യാന്‍ കഴിയാത്തതിന്റെ ദുഃഖം എന്നെ അലട്ടുന്നുണ്ട്. എന്തുകൊണ്ടാണ് ഒരു വലിയ നല്ല കഥാപാത്രം എന്റെ ചുമലിലേക്ക് വച്ച് തരാന്‍ സംവിധായകര്‍ ധൈര്യപ്പെടാത്തത്? കമ്മട്ടിപ്പാടത്തില്‍ രാജീവ് രവി ചേട്ടന്‍ എടുത്ത ധൈര്യം മറ്റൊരു സംവിധായകനും കാണഇക്കാത്തത് എന്തുകൊണ്ടാണെന്ന് ഞാനിടയ്ക്ക് ചിന്തിക്കാറുണ്ടെന്നും നടന്‍ പറയുന്നു.
മിക്ക സിനിമകൡും ചെറിയ കഥാപാത്രം അല്ലെങ്കില്‍ അതിന്റെ കഥ പറഞ്ഞ് പോകാനുള്ള ഒരു ടൂള്‍ പോലെയാണ് ഞാനിപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്ന കഥാപാത്രങ്ങളൊക്കെ ഉള്ളത്. പക്ഷേ സിനിമകളിലൊക്കെ എന്നെ കാസ്റ്റ് ചെയ്യുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. കാരണം സിനിമയില്‍ ഒന്ന് മുഖം കാണിക്കാന്‍ പോലും ആഗ്രഹിച്ച് ഒരുപാട് പേര്‍ പുറത്ത് നില്‍ക്കുന്നുണ്ട്. നന്ദികേട് പറയുന്നതല്ല.
അഭിനയപ്രധാന്യമുള്ള ആ കഥാപാത്രത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെടാനും വായിച്ച് മനസിലാക്കാനും ആ കഥാപാത്രവുമായി ഒരുപാട് യാത്ര ചെയ്യാനും ഒക്കെ കഴിയുന്ന ആത്മരതി അനുഭവിക്കാന്‍ കഴിയുന്നൊരു കഥാപാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് പറയുകയാണ് മണികണ്ഠന്‍.
നാടകത്തില്‍ നിന്നും വന്നത് കൊണ്ട് അഭിനയം നമുക്ക് ആവേശമാണ്. അഭിനയത്തിനാണ് ഞാനേറ്റവും കൂടുതല്‍ പ്രധാന്യം നല്‍കുന്നതും. അല്ലാതേ ഡേറ്റിനോ പണത്തിനോ ഒന്നുമല്ല. തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകളുടെ കുഴപ്പം ഇതാണ്. അവരുടെ മനസിനെ തൃപ്തിപ്പെടുത്താന്‍ കഴിയണം. അങ്ങനെ നോക്കുകയാണെങ്കില്‍ ഞാന്‍ തൃപ്തനല്ല.

പക്ഷേ കോമേഴ്‌സലി നോക്കുകയാണെങ്കില്‍ എനിക്ക് ഒരുപാട് കഥാപാത്രങ്ങള്‍ കിട്ടുന്നുണ്ട്. പൈസയും ബാക്കിയെല്ലാം കിട്ടുന്നുണ്ട്. കിട്ടുന്ന വേഷങ്ങളെല്ലാം നന്നായി ചെയ്യുന്നുമുണ്ട്. എന്തുകൊണ്ട് ഇയാള്‍ക്ക് വലിയ കഥാപാത്രം കൊടുത്തുകൂടാ എന്ന് സംവിധായകന്‍ ചിന്തിക്കാക്കതെന്നാണ് ഞാന്‍ ആലോചിക്കാറുള്ളത്.
സെറ്റില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാത്ത ആളാണ് താനെന്നും നടന്‍ പറയുന്നു. പണത്തിനു വേണ്ടിയോ മറ്റൊന്നിനും ഞാന്‍ ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ല. മദ്യപാനം, മറ്റു ദുശ്ശീലങ്ങളുമില്ല. അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരു തലവേദനയും കൊടുക്കാത്ത ഒരു നടനാണ് ഞാന്‍. ഇനി ഒരുപക്ഷേ എന്റെ രൂപവും പൊക്കക്കുറവും ഒക്കെയാണോ നല്ല കഥാപാത്രങ്ങള്‍ എന്നെ ഏല്‍പ്പിക്കുന്നതില്‍നിന്നു ചിലരെ പിന്നോട്ട് വലിക്കുന്നത്? ആയിരിക്കാം.
കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖര്‍ സല്‍മാനും വിനായകന്‍ ചേട്ടനും വലിയ അഭിനയ മികവാണ് കാഴ്ച വച്ചത്, മാത്രമല്ല വലിയ താരങ്ങളുമാണ് അവര്‍. പക്ഷേ ഒരു പുതുമുഖ താരമായി എനിക്ക് അവര്‍ക്കൊപ്പം നില്‍ക്കാന്‍ പറ്റുന്ന ഒരു കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. എന്നെങ്കിലും ഞാന്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഒരു കഥാപാത്രം കിട്ടുമെന്ന് വിശ്വസിച്ചു മുന്നോട്ടു പോവുകയാണെന്നും നടന്‍ പറയുന്നു.


Click it and Unblock the Notifications











