ഇനി കങ്കാരു
ചോക്ലേറ്റ് പ്രേക്ഷകര്‍ക്ക് മധുരമാണ് നല്‍കിയത്. സൂപ്പര്‍താര ചിത്രങ്ങളെ കടത്തിവെട്ടുന്ന ബോക്സോഫീസ് പ്രകടനവുമായി ചോക്ലേറ്റ് സൂപ്പര്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. പൃഥ്വിരാജിന് നായകനെന്ന നിലയില്‍ ആദ്യമായി ക്രെഡിറ്റ് അവകാശപ്പെടാവുന്ന ഹിറ്റാണ് ചോക്ലേറ്റ്.
ക്ലാസ് മേറ്റ്സ് പോലെ പൃഥ്വിരാജ് നായകനായ സൂപ്പര്‍ഹിറ്റുകള്‍ മുമ്പുമുട്ടുണ്ടായിട്ടുണ്ടെങ്കിലും നായകനെന്ന നിലയില്‍ പൃഥ്വിക്ക് തനിച്ച് ക്രെഡിറ്റ് അവകാശപ്പെടാവുന്ന ചിത്രങ്ങളായിരുന്നില്ല അതൊന്നും. എന്നാല്‍ പൃഥ്വിരാജ് എന്ന താരത്തിന്റെ പ്രകടനം ചോക്ലേറ്റില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുകയാണ്. ചിത്രത്തിന്റെ വിജയത്തില്‍ നായകനെന്ന നിലയില്‍ പൃഥ്വിരാജിന്റെ പ്രകടനം പ്രധാന പങ്കു വഹിക്കുന്നു.
ചോക്ലേറ്റിന്റെ വിജയം പൃഥ്വിരാജിന് മലയാളത്തില്‍ താരമെന്ന നിലയിലുള്ള അംഗീകാരമാണ്. ചോക്ലേറ്റിന്റെ വിജയത്തോടെ പൃഥ്വിക്ക് നായകനെന്ന നിലയിലുള്ള ബാധ്യതകളേറുകയാണ്. തുടര്‍ന്ന് അഭിനയിക്കുന്ന ചിത്രങ്ങളും വിജയിച്ചാല്‍ മാത്രമേ താരമെന്ന നിലയില്‍ പൃഥ്വിരാജിന് ഇപ്പോഴുള്ള വിജയത്തിന്റെ മൂല്യം നിലനിര്‍ത്താനാവൂ.
കങ്കാരുവാണ് അടുത്ത പൃഥ്വിരാജ് ചിത്രം. ഈ ചിത്രത്തിലും പൃഥ്വിരാജിന്റെ മാനറിസങ്ങള്‍ക്കിണങ്ങുന്ന ഒരു കഥാപാത്രമാണ്. ഓട്ടോ റിക്ഷാ ഡ്രൈവറായ ജോസുകുട്ടി എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. തെരുവില്‍ നിന്ന് കിട്ടിയ കുഞ്ഞിനെ വളര്‍ത്തുന്ന ജോസ് കുട്ടിയുടെ ഒപ്പം എപ്പോഴും കുഞ്ഞുമുണ്ടാവും. ദേഹത്ത് ചേര്‍ത്തുകെട്ടിയ ബാഗിലായിരിക്കും കുഞ്ഞിന്റെ സ്ഥാനം. അങ്ങനെയാണ് അയാള്‍ക്ക് കങ്കാരു എന്ന പേര് വീഴുന്നത്. കാവ്യാ മാധവനാണ് നായിക.
പൃഥ്വിരാജ് നായകനായി വിജയം നേടിയ സ്വപ്നക്കൂടിലും ക്ലാസ് മേറ്റ്സിലും ജയസൂര്യ പ്രധാനവേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ചോക്ലേറ്റിലുമുണ്ട് ഒരു പ്രധാന വേഷം. കങ്കാരുവിലും ജയസൂര്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


Click it and Unblock the Notifications