മഞ്ജുവിനൊപ്പം അഭിനയിക്കുന്ന സന്തോഷത്തില്‍ കനിഹ
മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു ആണ് ഇപ്പോള്‍ ചലച്ചിത്രലോകത്തെ സംസാരവിഷയം. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിന് നല്ല പ്രതികരണമാണ് ലഭിയ്ക്കുന്നത്.
മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രത്തില്‍ നടി കനിഹയും ഒരു സുപ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ സെറ്റില്‍ വച്ച് മഞ്ജുവിനൊപ്പം എടുത്ത ഒരു ഫോട്ടോ കനിഹ തന്റെ സോഷ്യല്‍ നെറ്റ് വര്‍ക്ക് പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തു മഞ്ജു ചേച്ചിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷിയ്ക്കുന്നുവെന്ന കുറിപ്പോടെയായിരുന്നു കനിഹ ചിത്രം പോസ്റ്റ് ചെയ്തത്.

പ്രായത്തെ വിഷയമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നിരുപമയെന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. നിരുപമയുടെ ഭര്‍ത്താവിന്റെ വേഷത്തിലാണ് ചാക്കോച്ചന്‍ എത്തുന്നത്. കനിഹയുടെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.
2006ല്‍ എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ് കനിഹ മലയാളത്തില്‍ എത്തിയത്. പിന്നീട് ഭാഗ്യദേവ, ദ്രോണ, ക്രിസ്റ്റിയന്‍ ബ്രദേഴ്‌സ്, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ കനിഹ ഇപ്പോള്‍ ഏറ്റവും കൂടുതലായി അഭിനയിച്ചുവരുന്നത് മലയാളചിത്രങ്ങളിലാണ്.


Click it and Unblock the Notifications