വിമല്‍ വഞ്ചിച്ചു, കാഞ്ചനമാല ആത്മഹത്യയുടെ വക്കില്‍
വായനകളിലൂടെയും കഥകളിലൂടെയും അറിഞ്ഞ കാഞ്ചന മാലയുടെയും മൊയ്തീന്റെയും പ്രണയം അഭ്രപാളിയില്‍ കാണാന്‍ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. പ്രിയപ്പെട്ടവന്‍ ഒരു തോണി അപകടത്തില്‍ മരിച്ചപ്പോള്‍ പിന്നാലെ പോകാന്‍ നിന്ന കാഞ്ചനമാല, ഒടുവില്‍ മൊയ്തീന് ഒരു സ്മാരകം പണിതാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. അന്ന് മൊയ്തീന്‍ മരിച്ചപ്പോഴുള്ള അവസ്ഥയിലാണ് താനിപ്പോഴെന്ന് കാഞ്ചനമാല പറഞ്ഞു.
മകനെ പോലെ കണ്ടിരുന്ന ആര്‍ എസ് വിമല്‍ വഞ്ചിച്ചത്രെ. തങ്ങളുടെ കഥ സിനിമായാക്കാമെന്ന് പറഞ്ഞ്, മാധ്യമങ്ങളില്‍ വന്‍ പ്രചാരണം നല്‍കിയ സംവിധായകന്‍ ആര്‍ എസ് വിമല്‍ തിരക്കഥയില്‍ വലിയ മാറ്റം വരുത്തി ചതിച്ചെന്നാണ് കാഞ്ചന പറയുന്നത്. തിരക്കഥയില്‍ തന്റെ വീട്ടുകാരെ വളരെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇക്കാര്യം പറഞ്ഞ് വിമലിനെ വിളിച്ചെങ്കിലും ഫോണ്‍ പോലും എടുക്കുന്നില്ലത്രെ.

തിരക്കഥയില്‍ ഉടനീളം അബദ്ധമാണ്. തിരക്കഥ മാറ്റിയെഴുതുന്നതുവരെ ഷൂട്ടിങ് നിര്‍ത്തിവയ്ക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ആറ് വര്‍ഷം തങ്ങളുടെ ജീവിതത്തെ കുറിച്ച് ഗവേഷണം നടത്തിയെന്നാണ് വിമല്‍ പറഞ്ഞിരുന്നത്. എന്നാല്‍ തങ്ങളുടെ ജിവിതത്തെയോ പ്രണയത്തെയോ കുറിച്ച് സംവിധായകന് ഒന്നും അറിയില്ല. തിരക്കഥ വായിക്കാന്‍ ചോദിച്ചപ്പോഴൊക്കെ പിന്നെ തരാം എന്ന് പറയുകയായിരുന്നു
എന്നെ തടവിലിട്ടതോ ഉപദ്രവിച്ചതോ ആയ, സംഭവിച്ച കാര്യങ്ങള്‍ പറയുന്നതില്‍ യാതൊരു എതിര്‍പ്പുമില്ലെന്നും. എന്നാല്‍ അസത്യമായ കാര്യങ്ങള്‍ ജീവിച്ചിരിക്കുന്നവരെ കുറിച്ച് എഴുതരുതെന്നുമാണ് കാഞ്ചനയുടെ ആവശ്യം. ഇക്കാര്യം നിര്‍മാതാക്കളില്‍ ഒരാളായ സുരേഷിനേയും എക്‌സിക്യൂട്ടീവ് പ്രോഡ്യൂസര്‍ രമേശ് നാരായണനേയും നടന്‍ പൃഥ്വിരാജിനേയും അറിയിച്ചു. ആരും പ്രതികരിച്ചില്ല. ഈ തിരക്കഥ സിനിമയായാല്‍ പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും പൃഥ്വിരാജിനെ അറിയിച്ചു. പിന്നീട് വിളിച്ചപ്പോള്‍ പൃഥ്വിരാജും ഫോണ്‍ എടുത്തില്ലെന്നും കാഞ്ചനമാല പറഞ്ഞു.
ജീവിതത്തില്‍ ഒരിക്കലും ഒരുമിക്കാത്ത കാഞ്ചനമാലയും മൊയ്തീനും അനശ്വര പ്രണയത്തിലെ നായികയും നായകനുമായാണ് അറിയപ്പെടുന്നത്. 1960 കളില്‍ കോഴിക്കോട് മുക്കത്താണ് ജീവിതകഥ സംഭവിക്കുന്നത്. കഴുത്തില്‍ താലിവീണില്ലെങ്കിലും ഇപ്പോഴും മൊതീന്റെ വിധവയായാണ് 74കാരിയായ കാഞ്ചന മാല അറിയപ്പെടുന്നത്.


Click it and Unblock the Notifications











