കന്നഡ ഹാസ്യതാരം ബുളളറ്റ് പ്രകാശ് അന്തരിച്ചു
കന്നഡ ഇന്‍ഡസ്ട്രിയിലെ ഹാസ്യ താരം ബുളളറ്റ് പ്രകാശ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു താരം. സാന്‍ഡല്‍വുഡില്‍ 300ല്‍ അധികം സിനിമകളില്‍ അഭിനയിച്ച താരമാണ് ബുളളറ്റ് പ്രകാശ്. അടുത്തിടെ 35 കിലോയോളം ശരീര ഭാരം നടന്‍ കുറച്ചിരുന്നു. ഇത് പല വിധത്തിലുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ കാരണമായി.

കഴിഞ്ഞ ദിവസമാണ് കരളിലെ അണുബാധയെ തുടര്‍ന്ന് ബുളളറ്റ് പ്രകാശിനെ ബാംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മുഴുവന്‍ സമയവും വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു താരം. രക്ഷപ്പെടാന്‍ വളരെ കുറച്ച് സാധ്യത മാത്രമാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കന്നഡത്തില്‍ ധ്രുവ എന്ന ചിത്രത്തിലൂടെയാണ് ബുളളറ്റ് പ്രകാശ് അരങ്ങേറ്റം കുറിച്ചത്.
325 സിനിമകളില്‍ അഭിനയിച്ച നടന്‍ കന്നഡത്തിന് പുറമെ തമിഴിലും മറ്റ് ഭാഷകളിലും അഭിനയിച്ചിരുന്നു. റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഓടിക്കാറുളളത് കൊണ്ടാണ് നടന് ബുളളറ്റ് എന്ന പേര് വന്നത്. 2015ല്‍ രാഷ്ട്രീയത്തിലും സജീവമായിരുന്നു താരം. ഭാരതീയ ജനതാ പാര്‍ട്ടിയിലാണ് ബുളളറ്റ് പ്രകാശ് അംഗമായത്. കന്നഡത്തില്‍ ജാക്കി, ബോംബൈ മിഠായി, ഭീഷ്മ, മസ്ത് മജാ മാടി തുടങ്ങിയവ ബുളളറ്റ് പ്രകാശ് അഭിനയിച്ച ശ്രദ്ധേയ സിനിമകളാണ്. കന്നഡ സൂപ്പര്‍ താരങ്ങളായ പുനീത് രാജ്കുമാര്‍, ദര്‍ശന്‍, ശിവരാജ് കുമാര്‍, ഉപേന്ദ്ര, സുദീപ് തുടങ്ങിയവരുടെ സിനിമകളിലെല്ലാം ബുളളറ്റ് പ്രകാശ് അഭിനയിച്ചിരുന്നു. സൂമ്പീ എന്ന തുളു ചിത്രത്തിലും ബുളളറ്റ് പ്രകാശ് അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











