ലൈവ് ഷോയ്ക്കിടെ വിവാഹഭ്യർഥനയുമായി ഗായകൻ! പോലീസിനോട് കേസെടുക്കാൻ നിർദേശിച്ച് മന്ത്രി
സംഗീത പരിപാടിയ്ക്കിടെ വിവാഹാഭ്യർഥന നടത്തി കന്നഡ യുവ ഗായകൻ ചന്ദൻ ഷെട്ടി. മുൻ ബിഗ് ബോസ് താരമായിരുന്ന ഗായകൻ സഹതാരമായ നിവേദിത ഗൗഡയോടാണ് വിവാഹാഭ്യർഥന നടത്തിയത്. യുവ ദർശന പരിപാടിക്കിടെയാണ് ചന്ദൻ നിവേദിതയ്ക്ക് മുന്നിൽ സിനിമ സ്റ്റൈലിൽ മുട്ട്കുത്തി വിവാഹാഭ്യർഥന നടത്തിയത്.

വേദിയിൽ അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിൽ നിവേദിത ആദ്യം ഞെട്ടിയെങ്കിലും പിന്നീട് ചന്ദന്റെ വിവാഹാഭ്യർഥന സ്വീകരിക്കുകയായിരുന്നു. തന്റെ മനസ്സിലും ഈ ആഗ്രഹം ഉണ്ടായിരുന്നെന്നും നിവേദിത പറഞ്ഞു. പ്രേക്ഷകരുടെ അനുഗ്രഹം തേടിയാണ് ഇരുവരും വേദി വിട്ടത്. വിവാഹം ഉടൻ ഉണ്ടാകുമെന്നും താരങ്ങൾ അറിയിച്ചിട്ടുണ്ട്.
പൊതു വേദിയിലുള്ള ചന്ദന്റെ വിവാഹാഭ്യർഥന വൻ വിവാദമായി മാറിയിരിക്കുകയാണ്. ഗായകനെ രൂക്ഷമായി വിർശിച്ച് മന്ത്രി വി സോമണ്ണ രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന് വിവാഹാഭ്യർഥന നടത്താനുളള സ്ഥലമല്ല ഇതെന്നും പോലീസിനോട് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.വേദി ദുരുപയോഗം ചെയ്തെന്നും മോശമാണെന്നും കാണിച്ച് മൂന്ന് സ്വകാര്യ പരാതികളും പോലീസിന് ലഭിച്ചിട്ടുണ്ട്.
സംഭവം വിവാദമായതോടെ പ്രതികരണവുമായി ഗായകൻ രംഗത്തെത്തിയിട്ടുണ്ട്. ഈ കാര്യം താൻ സംഘാടകരെ അറിയിച്ചിരുന്നില്ലയെന്നും ആരാധകരെ സന്തോഷിപ്പിക്കാൻ വേണ്ടിയിട്ടാണ് വേദിയിൽ പ്രണയാഭ്യർഥന നടത്തിയതെന്നും ചന്ദൻ പറയുന്നു.


Click it and Unblock the Notifications