ട്രെന്‍ഡിംഗില്‍ ഒന്നാമതായി കരിക്കിന്‌റെ ഡിജെയും, പുതിയ വീഡിയോയും ഏറ്റെടുത്ത് ആരാധകര്‍
മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയപ്പെട്ട വെബ്‌സീരീസ് ടീമുകളില്‍ ഒന്നാണ് കരിക്ക്. മില്യണ്‍ കണക്കിന് ഫോളോവേഴ്‌സുളള കരിക്ക് ഇപ്പോഴും മികച്ച സ്വീകാര്യത നേടിക്കൊണ്ടാണ് മുന്നേറുന്നത്. വ്യത്യസ്തമാര്‍ന്ന പ്രമേയങ്ങള്‍ പറഞ്ഞുകൊണ്ടുളള കരിക്കിന്റെ വീഡിയോകളെല്ലാം മുന്‍പ് തരംഗമായിരുന്നു. അപ്ലോഡ് ചെയ്യാറുളള വീഡിയോകളെല്ലാം നിമിഷനേരംകൊണ്ടാണ് കരിക്കിന്റെതായി ട്രെന്‍ഡിംഗാവാറുളളത്. ഹാസ്യത്തിന് കൂടി പ്രാധാന്യം നല്‍കിയുളള കരിക്കിന്റെ മിക്ക സീരീസുകളും ശ്രദ്ധേയമാവാറുണ്ട്.
Recommended Video

അതേസമയം ഡിജെ എന്ന വീഡിയോ ആണ് കരിക്കിന്റെതായി ഇന്ന് യൂടൂബില്‍ പുറത്തിറങ്ങിയത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ യൂടൂബ് ട്രെന്‍ഡിംഗില്‍ ഡിജെ ഇടംപിടിച്ചിരുന്നു. ഇതിനോടകം മൂന്ന് മില്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്. കരിക്കിന്റെ പുതിയ വീഡിയോയെ പ്രശംസിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. ഇത്തവണ കരിക്കിലെ ജനപ്രിയ താരങ്ങളില്‍ ഒരാളായ കൃഷ്ണചന്ദ്രനാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.
അനു കെ അനിയനും കൃഷ്ണചന്ദ്രനും ചേര്‍ന്നാണ് കഥയും സംഭാഷണങ്ങളും ഒരുക്കിയത്. മിഥുന്‍ എം ദാസ്, ഉണ്ണി മാത്യൂസ്, ശബരീഷ് സജിന്‍, അനു കെ അനിയന്‍, കൃഷ്ണചന്ദ്രന്‍, ആനന്ദ് മാത്യൂസ്, അനഘ മരിയ വര്‍ഗീസ്, വിഷ്ണു വി, ശ്യാം കുമാര്‍, ആഷിത് കെവി, അരവിന്ദ് കൃഷ്ണകുമാര്‍, അനൂപ് സി മധു, രാഹുല്‍ ചന്ദ്രബാബു, റീതു രമണന്‍, പൂജ ഹര്‍ഷന്‍, മീര മഞ്ജു തുടങ്ങിയവരാണ് പുതിയ വീഡിയോയിലെ താരങ്ങള്‍. ആനന്ദ് മാത്യൂസ് തന്നെയാണ് ഇത്തവണ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.
അഭിനയത്തിനൊപ്പം കരിക്കിന്റെ അണിയറപ്രവര്‍ത്തകരായും മിക്ക താരങ്ങളും എത്താറുണ്ട്. കഴിഞ്ഞ തവണ അനു കെ അനിയനാണ് കരിക്ക് വീഡിയോ സംവിധാനം ചെയ്തിരുന്നത്. അതിന് മുന്‍പ് കരിക്കിലെ ജീവന്‍ ജോസഫും ഉള്‍ട്ട എന്ന വീഡിയോ സംവിധാനം ചെയ്തു. തുടക്കത്തില്‍ കരിക്ക് സ്ഥാപകനായ നിഖില്‍ പ്രസാദാണ് കൂടുതല്‍ വീഡിയോകളും ഒരുക്കിയത്. പിന്നീട് അഭിനേതാക്കളും അണിയറയില്‍ സജീവമാവുകയായിരുന്നു.


Click it and Unblock the Notifications











