ഷീ ടാക്‌സി ഒന്നിന്, കാവ്യ ഒന്നാമതാകുമോ?
നായികമാരുടെ തിരിച്ചുവരവ് ആഘോഷിക്കുകയാണല്ലോ മലയാള സിനിമ. മഞ്ജുവാര്യരുടെ രണ്ടാംവരവ് ശരിക്കും ഹിറ്റായി. ആദ്യചിത്രമായ ഹൗ ഓള്‍ഡ് ആര്‍യുവിനു ശേഷം റിലീസ് ചെയ്ത എന്നും എപ്പോഴും തിയറ്ററില്‍ കുടുംബപ്രേക്ഷകരെ ആകര്‍ഷിച്ചു മുന്നേറുകയാണ്. ഇനി മലയാളികള്‍ ശ്രദ്ധിക്കുന്ന തിരിച്ചുവരവ് കാവ്യ മാധവന്റെതാണ്. ഇടവേളയ്ക്കു ശേഷം കാവ്യ അഭിനയിക്കുന്ന ഷീ ടാക്‌സി മേയ് ഒന്നിനു തിയറ്ററിലെത്തും. അനൂപ് മേനോനും കാവ്യയും ആദ്യമായി ജോടികളാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സജി സുരേന്ദ്രന്‍ ആണ്. കൃഷ്ണ പൂജപ്പുരയുടേതാണ് തിരക്കഥ. സെവന്‍ ആര്‍ട്‌സ് ആണ് ചിത്രം തിയറ്ററിലെത്തിക്കുന്നത്.
മലയാളത്തിലെ നംപര്‍ നായിക ആരെന്ന ചോദ്യത്തിന് ഉത്തരം എല്ലാവരും പറയുന്നത് മഞ്ജുവും കാവ്യയും ആണെന്നാണ്. മഞ്ജു വിജയിച്ചതുപോലെ വിജയിച്ചില്ലെങ്കില്‍ കാവ്യ രണ്ടാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വരും. അതുകൊണ്ടുതന്നെ ഷീ ടാക്‌സി ഗംഭീര വിജയം നേടേണ്ടത് കാവ്യയുടെ ആവശ്യമാണ്. മുന്‍പ് മികച്ച നടിക്കുള്ള പുരസ്‌കാരം രണ്ടുതവണ നേടിയിട്ടുള്ള കാവ്യ കരിയര്‍ ഗ്രാഫ് വച്ചു നോക്കുമ്പോള്‍ മഞ്ജുവിനും മുകളില്‍ തന്നെയാണ്. കുറഞ്ഞകാലം കൊണ്ട് മഞ്ജു മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ കാവ്യ കൂടിയകാലം കൊണ്ടാണ് നേട്ടമുണ്ടാക്കിയത്.

കോമഡി ട്രാക്കിലാണ് ഷീ ടാക്‌സി ഒരുക്കിയിരിക്കുന്നത്. നായകനായ അനൂപ് മേനോനേക്കാള്‍ പ്രാധാന്യമുള്ള വേഷമാണ് കാവ്യയ്ക്ക്. അതുകൊണ്ടു തന്നെ ഷീ ടാക്‌സി കാവ്യ ചിത്രമാണ്. വിജയിച്ചാലും പരാജയപ്പെട്ടാലും കാവ്യയെയാണു ബാധിക്കുക. കോമഡി ചിത്രങ്ങളില്‍ വിജയിച്ച സംവിധായകനാണ് സജി സുരേന്ദ്രന്‍.
അതുതന്നെയാണ് കാവ്യയ്ക്കു നല്‍കുന്ന ആശ്വാസവും. ഷീ ടാക്‌സിക്കു തൊട്ടുപിന്നാലെ ആകാശവാണിയും റിലീസ് ചെയ്യുന്നുണ്ട്. ഇതില്‍ വിജയ്ബാബുവാണ് നായകന്‍. എല്ലാംകൊണ്ടും കാവ്യയുടെ നിര്‍ണായക ദിനങ്ങളാണു കടന്നുവരുന്നത്. രണ്ടിലും വിജയിച്ചാല്‍ കാവ്യ മഞ്ജുവിനെ കടത്തിവെട്ടുമെന്നുറപ്പാണ്.


Click it and Unblock the Notifications











