കായംകുളം കൊച്ചുണ്ണിയുടെ ഓവര്‍സീസ് അവകാശം സ്വന്തമാക്കി ഫാര്‍സ് ഫിലിംസ്
ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന മലയാള ചിത്രം എന്ന വിശേഷണം പുലിമുരുകനില്‍ നിന്നും സ്വന്തമാക്കിയിരിക്കുകയാണ് കായംകുളം കൊച്ചുണ്ണി. കൊച്ചുണ്ണി എന്ന ഇതിഹാസത്തിന്റെ കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് റോഷന്‍ ആന്‍ഡ്രൂസാണ്. ബോബി സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓണം റിലീസായി ഓഗസ്റ്റ് 18ന് തിയറ്ററിലെത്തുന്ന ചിത്രത്തിന്റെ ഓവര്‍സീസ് അവകാശവും വന്‍തുകയ്ക്ക് വിറ്റ് പോയിരിക്കുകയാണ്. നാല്‍പത്തി അഞ്ച് കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഫാര്‍സ് ഫിലിംസാണ്.
ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപലാനാണ് നിവിന്‍ പോളി, പ്രിയ ആനന്ദ് എന്നിവരെ നായികനായകന്മാരാക്കി ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇത്തിക്കരപക്കി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അതിഥി വേഷത്തിലുമെത്തുന്നു. വന്‍താരനിരയാല്‍ സമ്പന്നമായ ചിത്രം വരച്ചുകാട്ടുന്നത് 1830 കാലഘട്ടത്തില്‍ കേരളമാണ്. 161 ദിവസങ്ങള്‍ നീണ്ടു നിന്ന ചിത്രീകരണമായിരുന്നു ചിത്രത്തിന്റേത്. ചിത്രീകരണത്തിനിടെ നിവിന്‍ പോളിക്കും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനും അപകടം സംഭവിച്ചിരുന്നു. ചിത്രീകരണം പ്രതീക്ഷിച്ചതിലും നീണ്ടുപോകാന്‍ ഈ അപകടങ്ങളും പ്രതികൂലമായി കാലാവസ്ഥയും കാരണമായി.

പതിനായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ചിത്രത്തില്‍ അണിനിരന്നത്. റിലീസ് അടുത്തതോടെ വന്‍ പബ്ലിസിറ്റിയാണ് ചിത്രത്തിന് ഒരുക്കിയിരിക്കുന്നത്. പബ്ലിസ്റ്റിയിലും ഏറ്റവും അധികം പണം ചെലവഴിക്കുന്ന ചിത്രമായി കൊച്ചുണ്ണി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ സ്‌കൂള്‍ ബസ് ആയിരുന്നു റോഷന്‍ ആന്‍ഡ്രൂസ് ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. ബോബി സഞ്ജയ് ആയിരുന്നു തിരക്കഥ.


Click it and Unblock the Notifications