നിങ്ങളുടെ പിന്തുണയില്ലാതെ എനിക്കിത് സാധിക്കുമായിരുന്നില്ല! നന്ദി പറഞ്ഞ് കീര്‍ത്തി സുരേഷ്
മികച്ച നടിക്കുളള ദേശീയ പുരസ്‌കാര നേട്ടത്തിലൂടെ മലയാളികള്‍ ഒന്നടങ്കം അഭിമാനമായി മാറിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്. തെലുങ്ക് ചിത്രം മഹാനടിയിലെ പ്രകടനത്തിനാണ് കീര്‍ത്തി അവാര്‍ഡിന് അര്‍ഹയായിരിക്കുന്നത്. ഒരു കാലത്ത് തെന്നിന്ത്യയില്‍ തിളങ്ങിനിന്ന നടി സാവിത്രിയെ ആണ് കീര്‍ത്തി സിനിമയില്‍ അവതരിപ്പിച്ചിരുന്നത്. ദേശീയ പുരസ്‌കാര നേട്ടത്തിലൂടെ ആശംസാ പ്രവാഹമാണ് നടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ടുളള കീര്‍ത്തി സുരേഷിന്റെ മറുപടി ട്വീറ്റും ശ്രദ്ധേയമായി മാറിയിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കുമെല്ലാം നന്ദി പറഞ്ഞ നടി പുരസ്‌കാരം അമ്മയ്ക്കും കുടുംബത്തിനും ഗുരു പ്രിയദര്‍ശനും സുഹൃത്തുകള്‍ക്കും സമര്‍പ്പിക്കുന്നുവെന്നും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

മഹാനടിയെ പിന്തുണച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദ്യം നന്ദി അറിയിച്ചുകൊണ്ടാണ് കീര്‍ത്തി സുരേഷിന്റെ കുറിപ്പ് ആരംഭിക്കുന്നത്. സിനിമയ്ക്ക് പിന്തുണ നല്‍കിയതിനും മികച്ച നിരൂപണങ്ങള്‍ നല്‍കി നിരുപാധികമായി പ്രശംസിച്ചതിനും നടി നന്ദി പറയുന്നു. സന്തോഷംകൊണ്ട് മതിമറന്നിരിക്കുന്ന ഈ അവസരത്തില്‍ മഹാനടിയുടെ നിര്‍മ്മാതാക്കളായ അശ്വിനി ദത്ത്, സ്വപ്‌നദത്ത്, സംവിധായകന്‍ നാഗ് അശ്വിന്‍, സംഗീത സംവിധായകന്‍ മിക്കി ജെ മേയര്‍, ഛായാഗ്രാഹകന്‍, സഞ്ചേസ് ലോപ്പസ് എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നു.

കൂടാതെ കലാസംവിധായകന്‍ കൊല്ല അവിനാഷ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ശിവം റാവു, ചിത്രസംയോജകന്‍ കോട്ടഗിരി വെങ്കിടേശ്വര്‍ റാവു, സൗണ്ട് ഡിസൈനര്‍മാരായ രഘു, തപസ് നായക്, വിഎഫ് എക്സ് ടീം, ഡബ്ബിംഗ് എഞ്ചിനിയര്‍ ശ്രീനിവാസ് ഇമാനി തുടങ്ങി സിനിമയ്ക്കു വേണ്ടി അഹോരാത്രം കഷ്ടപ്പെട്ട എല്ലാവര്‍ക്കും നന്ദി പറയുന്നു.

കൂടാതെ ഈ അവസരത്തില്‍ മഹാനടിയിലെ സഹതാരങ്ങളായ രാജേന്ദ്രപ്രസാദ്,ദുല്‍ഖര്‍ സല്‍മാന്‍,സാമന്ത അക്കിനേനി, വിജയ് ദേവരകൊണ്ട മറ്റു എല്ലാ അഭിനേതാക്കള്‍ക്കും നന്ദി പറയുന്നു. ഇവര്‍ ഇല്ലായിരുന്നെങ്കില്‍ മഹാനടി എന്ന ചിത്രം പൂര്‍ണമാകുമായിരുന്നില്ല. എല്ലാവരുടെയും കഠിന പ്രയത്‌നമാണ് എന്നെ സാവിത്രി അമ്മയുടെ ലോകത്തേക്ക് നടത്തിയത്.

സാവിത്രി അമ്മയുടെ അനുഗ്രഹമാണ് ഞങ്ങളെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. മഹാനടി മൂന്ന് ദേശീയ പുരസ് കാരങ്ങള്‍ സ്വന്തമാക്കിയതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. ഈ അവാര്‍ഡ് എന്റെ അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കും ഗുരു പ്രിയദര്‍ശന്‍ സാറിനും എന്നെ പിന്തുണച്ച എല്ലാ അഭ്യൂദയകാംക്ഷികള്‍ക്കും സമര്‍പ്പിക്കുന്നു.

വസ്ത്രാലാങ്കാരം നിര്‍വ്വഹിച്ച ഗൗരങ് ഷാ, അര്‍ച്ചന റാവു, കോസ്റ്റിയും സ്‌റ്റൈലിസ്റ്റ് ഇന്ദ്രാക്ഷി പട്‌നായിക്ക് മാലിക്ക് എന്നിവരെ ഞാന്‍ പുരസ്‌കാര നേട്ടത്തില്‍ അഭിനന്ദിക്കുന്നു. അവരുടെ ആഴത്തിലുളള ഗവേഷണമാണ് എന്റെ കഥാപാത്രത്തെ പൂര്‍ണമാക്കിയത്. കൂടാതെ ദേശീയ പുരസ്‌കാരം നേടിയ എല്ലാ ജേതാക്കളെയും ഞാന്‍ അഭിനന്ദിക്കുന്നു. മഹാനടിയെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്ത ജൂറി അംഗങ്ങള്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. ട്വിറ്ററില്‍ ട്വീറ്റ് ചെയ്ത വാര്‍ത്താക്കുറിപ്പില്‍ കീര്‍ത്തി സുരേഷ് വ്യക്തമാക്കി.


Click it and Unblock the Notifications