വഴിയിലെ ചെണ്ടയല്ല സിപിഎം
കോഴിക്കോട് : ആര്‍ക്കും കയറി കൊട്ടാന്‍ വഴിയില്‍ തൂക്കിയ ചെണ്ടയല്ല സിപിഎമ്മെന്ന് പിണറായി വിജയന്‍.
സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ആര്‍എസ് പി നേതാവ് ടി ജെ ചന്ദ്രചൂഡനെ പേരെടുത്തു പറയാതെ പിണറായി രൂക്ഷമായി വിമര്‍ശിച്ചത്. ഘടകകക്ഷി നേതാക്കളുടെ പ്രസ്താവനകളോട് പ്രതികരിക്കാത്തത് സിപിഎമ്മിന്റെ ദൗര്‍ബല്യമായി കാണരുതെന്നും പിണറായി മുന്നറിയിപ്പ് നല്‍കി.
"നാക്കു വാടകയ്ക്ക് കൊടുക്കരുത്, പറയാനുളള കാര്യങ്ങള്‍ പറയാനുളള വേദിയില്‍ നമുക്ക് ചര്‍ച്ച ചെയ്യാം". പിണറായി പരിഹസിച്ചു.
ശാസ്താംകോട്ടയില്‍ ആര്‍എസ് പി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ചന്ദ്രചൂഡന്‍ സിപിഎമ്മിനെ വിമര്‍ശിച്ചത്. ദേവസ്വം മന്ത്രി ജി സുധാകരനെയും ചന്ദ്രചൂഡന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
കമ്മ്യൂണിസ്റ്റുകാര്‍ സമ്പത്തിനു പുറകേ പോകുന്നവരാണെന്ന അഭിപ്രായം ചന്ദ്രചൂഡന് എവിടുന്നാണ് കിട്ടിയതെന്ന് പിണറായി ചോദിച്ചു. ഞങ്ങള്‍ക്ക് നിങ്ങളുടെ ഒരു സൗജന്യവും വേണ്ട. പറയുന്നത് സൂക്ഷിച്ചു പറയണം. ഒരാള്‍ക്ക് മാത്രമേ പറയാനാകൂ എന്ന് കരുതരുത്
വഴിയില്‍ കിടക്കുന്ന ആനപ്പിണ്ടം വാരുന്നതാണോ ചന്ദ്രചൂഡന്റെ തൊഴില്‍ എന്ന് ജി സുധാകരനെ വിമര്‍ശിച്ചതിനു മറുപടിയായും പിണറായി ചോദിച്ചു.
ധനമന്ത്രിയും കൃഷി മന്ത്രിയും തമ്മിലുളള തര്‍ക്കം മുന്നണിക്കകത്ത് ചര്‍ച്ച ചെയ്ത് തീര്‍ക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു. അത് പരസ്യമായി അലക്കേണ്ട വിഷയമല്ല. ആരോപണം പരസ്യമായി ഉന്നയിക്കുന്നവര്‍ മിടുക്കരാണെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് പറയുന്നവര്‍ വിഡ്ഢികളാണെന്നും കരുതരുതെന്നും പിണറായി വെളിയം ഭാര്‍ഗവനും മുന്നറിയിപ്പ് നല്‍കി.
ഘടകകക്ഷി നേതാക്കളുടെ പരസ്യ വിമര്‍ശനങ്ങളോട് ഉന്നതനായ ഒരു സിപിഎം നേതാവ് ആദ്യമായാണ് പ്രതികരിക്കുന്നത്. സിപിഐ, ആര്‍എസ് പി നേതാക്കളുടെ വിമര്‍ശനം അതിരു വിടുന്നതായി സിപിഎം സമ്മേളനങ്ങളില്‍ ആക്ഷേപം ഉയര്‍ന്നിരുന്നെങ്കിലും അതേ നാണയത്തില്‍ തിരിച്ചടിക്കേണ്ട എന്ന നിലപാടിലായിരുന്നു സിപിഎം ഇതുവരെ.
എന്നാല്‍ ചന്ദ്രചൂഡന്റെ പ്രസംഗത്തിനെതിരെ സിപിഎം അണികളിലുയര്‍ന്ന രോഷം കണക്കിലെടുത്താണ് പിണറായി വിജയന്‍ ആഞ്ഞടിച്ചതെന്ന് കരുതുന്നു. പിണറായിയുടെ പ്രസംഗത്തോട് ആലോചിച്ച ശേഷം പ്രതികരിക്കാമെന്നാണ് ചന്ദ്രചൂഡന്‍ അറിയിച്ചത്.
തോമസ് ഐസക്കിനും സുധാകരനും പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്ന വിവരവും അര്‍ത്ഥ ശങ്കയില്ലാത്ത വിധം വെളിപ്പെടുത്തുകയായിരുന്നു പിണറായി വിജയന്‍.


Click it and Unblock the Notifications