രണ്ട് നടിമാർ ഒരുമിച്ച് മികച്ച നടിയാവുന്നു! അവാര്‍ഡ് പങ്കുവെച്ച് നടിമാരായ ഉർവശിയും ബീന ആര്‍ ചന്ദ്രനും
മലയാള സിനിമാപ്രേമികളെ വീണ്ടും ആവേശത്തിലാക്കി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. മികച്ച താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാനുള്ള ആകാംഷകള്‍ക്കിടയില്‍ പ്രേക്ഷകര്‍ കാത്തിരുന്ന ഉത്തരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ആടുജീവിതത്തിലെ നായക വേഷത്തിലൂടെ മികച്ച നടനായി പൃഥ്വിരാജ് സുകുമാരന്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഇതിനൊപ്പം ഇത്തവണ മികച്ച നടിയ്ക്കുള്ള അംഗീകാരം രണ്ട് നടിമാര്‍ ഒരുമിച്ച് പങ്കിട്ടിരിക്കുകയാണ്. നടിമാരായ ഉര്‍വശിയും ബീന ആര്‍ ചന്ദ്രനുമാണ് 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡ് പങ്കിട്ടിരിക്കുന്നത്.

ഉള്ളൊഴുക്ക് എന്ന സിനിമയിലെ കഥാപാത്രമാണ് നടി ഉര്‍വശിയ്ക്ക് അംഗീകാരം നേടി കൊടുത്തത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രത്തില്‍ ലീലാമ്മ എന്ന അമ്മ കഥാപാത്രത്തെയാണ് ഉര്‍വശി അവതരിപ്പിച്ചത്. പാര്‍വതി തിരുവോത്ത് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന നായിക വേഷം അവതരിപ്പിച്ചത്.
സംസ്ഥാന പുരസ്‌കാരത്തില്‍ മികച്ച നടിമാരുടെ ലിസ്റ്റില്‍ പാര്‍വതിയുടെ പേരും ഉണ്ടായിരുന്നെങ്കിലും അവരെയും പിന്തള്ളി കൊണ്ടാണ് ഉര്‍വശി തിരഞ്ഞെടുക്കപ്പെട്ടത്. ഇത് നാലാം തവണയാണ് ഉര്‍വശിയെ തേടി കേരള സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്. 1991 ലായിരുന്നു ആദ്യം നടിയ്ക്ക് അവാര്‍ഡ് ലഭിക്കുന്നത്. പിന്നീട് കഴകം എന്ന ചിത്രത്തിലൂടെ 1995 ലും 2006 ല്‍ മധുചന്ദ്രലേഖ എന്ന സിനിമയിലൂടെയും മികച്ച നടിയായി ഉര്‍വശി തിരഞ്ഞെടുക്കപ്പെട്ടു.

ഒത്തിരി സന്തോഷമുണ്ടെന്നാണ് പുരസ്‌കാര നേട്ടത്തിന് പിന്നാലെ ഉര്‍വശി പറഞ്ഞത്. അഭിനയിക്കുമ്പോള്‍ പുരസ്‌കാരം നമ്മുടെ മനസില്‍ ഉണ്ടാവില്ല. പാര്‍വതിയ്‌ക്കൊപ്പം മത്സരിച്ചാണ് അഭിനയിച്ചത്.
അത്രയും ശക്തമായി അഭിനയിക്കാന്‍ സാധിച്ചത് അവള്‍ കൂടെ ഉണ്ടായിരുന്നത് കൊണ്ടാണ്. ശരിക്കും പാര്‍വതിയ്ക്ക് കൂടി അംഗീകാരം ലഭിക്കേണ്ടതായിരുന്നു. അത്രയും മികവുറ്റ പ്രകടനമാണ് പാര്‍വതി കാഴ്ച വെച്ചതെന്ന് ഉര്‍വശി പറയുന്നു.
ഉര്‍വശിയ്‌ക്കൊപ്പം നടി ബീന ആര്‍ ചന്ദ്രനാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു നടി. 'തടവ്' എന്ന സിനിമയിലെ പ്രകടനമാണ് ബീനയ്ക്ക് അംഗീകാരം നേടി കൊടുത്തത്.
പട്ടാമ്പി പരുതൂര്‍ സി ഇ യു പി സ്‌കൂളിലെ അധ്യാപികയും നാടക പ്രവര്‍ത്തകയുമാണ് ബീന ആര്‍ ചന്ദ്രന്‍. ഫാസില്‍ റസാഖ് സംവിധാനം ചെയ്ത ചിത്രമാണ് തടവ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഗീത എന്ന അംഗനവാടി ടീച്ചറെയാണ് ബീന അവതരിപ്പിച്ചത്.
.


Click it and Unblock the Notifications











