വർഷങ്ങളായി ലഹരി ഉപയോഗിക്കുന്നവർ, ഫ്ലാറ്റിൽ ഡിസ്കഷനെന്ന് പറഞ്ഞ് സിനിമാക്കാർ വരുന്നു; വിവരങ്ങൾ പുറത്ത്
സംവിധായകരായ ഖാലിദ് റഹ്മാൻ, അഷറഫ് ഹംസ എന്നിവരടക്കം മൂന്ന് പേർ കഞ്ചാവുമായി പിടിയിലായ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഖാലിദ് റഹ്മാൻ, അഷറഫ് ഹംസ, ഷാലിഹ് മുഹമ്മദ് എന്നിവരെയാണ് എക്സെെസ് സംഘം ഇന്ന് പുലർച്ചയോടെ പിടികൂടിയത്. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു അറസ്റ്റ്. ഫ്ലാറ്റിൽ പരി്ശോധന നടത്തുമ്പോൾ ഇവർ ലഹരി ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്നാണ് എക്സെെസ് ഉദ്യോഗസ്ഥൻ പറയുന്നത്.
ഞങ്ങൾ ചെല്ലുമ്പോൾ ഈ മൂന്ന് പേരും അവരുടെ സുഹൃത്തും ചേർന്ന് ഇത് കെെകാര്യം ചെയ്ത് ഉപയോഗിക്കാനുള്ള ശ്രമം നടത്തുകയാണ്. ഇന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയതാണ്. 1.6 ഗ്രാം കഞ്ചാവാണ് കിട്ടിയത്. ചെറിയ ക്വാണ്ടിറ്റി കേസ് ആയത് കൊണ്ട് ജാമ്യത്തിൽ വിട്ടു. ഇവർക്ക് കൊടുത്തവരെ പറ്റി വിവരം ലഭിച്ചിട്ടുണ്ട്. ഇവർ ലഹരി ഉപയോഗിക്കുന്നവരാണ്.

നാലഞ്ച് വർഷമായി ഇവരെല്ലാം ഇത് യൂസ് ചെയ്യുന്നുണ്ട്. ഇവരുടെ ഫ്ലാറ്റിൽ സിനിമാക്കാരെല്ലാം വരുന്നുണ്ടെന്നാണ് നമുക്ക് കിട്ടിയ വിവരം. ഡിസ്കഷനെന്ന് പറഞ്ഞാണ് ആൾക്കാർ വരുന്നത്. പക്ഷെ ഈ പരിപാടിയെല്ലാം ഇതിനകത്ത് നടക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ ഇന്നയാളാണ് ലഹരി നൽകിയതെന്ന് പറയുന്നുണ്ട്. ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്സെെസ് ഉദ്യോഗസ്ഥൻ റിപ്പോർട്ടർ ലെെവിനോട് പ്രതികരിച്ചു.
ആലപ്പുഴ ജിംഖാന, ഉണ്ട, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്. പുതിയ ചിത്രം ആലപ്പുഴ ജിംഖാന തിയറ്ററിൽ പ്രദർശനം തുടരവെയാണ് ഖാലിദ് റഹ്മാനെ കഞ്ചാവുമായി പിടികൂടിയത്. തമാശ, ഭീമന്റെ വഴി എന്നിവയാണ് അഷ്റഫ് ഹംസ സംവിധാനം ചെയ്ത സിനിമകൾ. ലഹരിക്കേസ് അന്വേഷണം മലയാള സിനിമാ രംഗത്തെ പ്രമുഖരിലേക്ക് നീളുന്നതിനിടെയാണ് രണ്ട് സംവിധായകർ അറസ്റ്റിലായത്.
നേരത്തെ ലഹരിക്കേസിൽ ഷെെൻ ടോം ചാക്കോ അറസ്റ്റിലായിരുന്നു. നടനും ജാമ്യത്തിലാണ്. നടി വിൻസി അലോഷ്യസ് ഷെെൻ ടോം ചാക്കോയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. നടനെതിരെ നിയമപരമായി മുന്നോട്ട് പോകാനില്ലെന്ന് വിൻസി പിന്നീട് വ്യക്തമാക്കി. എന്നാൽ ആലപ്പുഴ ഹെെബ്രിഡ് കഞ്ചാവ് കേസിലുൾപ്പെടെ നടന്റെ പേര് ഉയർന്ന് വന്നു. ഹോട്ടലിൽ ലഹരി പരിശോധനയ്ക്കിടെ ഷെെൻ ടോം ചാക്കോ ഇറങ്ങി ഓടിയതും നടനെ ചോദ്യം ചെയ്യാൻ കാരണമായി. നേരത്തെ കൊക്കെയ്ൻ കേസിൽ അകപ്പെട്ട നടനാണ് ഷെെൻ ടോം ചാക്കോ. അടുത്തിടെയാണ് ഈ കേസിൽ നടനെയടക്കം മുഴുവൻ പ്രതികളെയു കുറ്റവിമുക്തരാക്കിയത്.
മലയാള സിനിമാ ലോകത്ത് സിന്തറ്റിക് ഡ്രഗുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയെന്ന വാദം ശക്തമാണ്. ഇതിനെതിരെ കർശനമായ നടപടി ഉണ്ടാകണമെന്ന് ആവശ്യം പൊതുസമൂഹത്തിൽ നിന്നും വരുന്നുണ്ട്. ലഹരിക്കെതിരെ സിനിമാ സെറ്റുകളിൽ റെയ്ഡ് നടത്തണമെന്ന് ഫിലിം ചേംമ്പർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് ആവശ്യപ്പെട്ടു. മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഇപ്പോൾ പുറത്ത് വന്നത്. സിനിമയിൽ ശുദ്ധീകരണം ആവശ്യമാണെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി. സിനിമാ രംഗത്ത് ഏറ്റവും കൂടുതൽ ലഹരി ഉപയോഗിക്കുന്നത് ടെക്നീഷ്യൻമാരാണെന്നും സജി നന്ത്യാട്ട് പറഞ്ഞു.


Click it and Unblock the Notifications











