സുമലതയെ പ്രശംസിച്ച് ഖുശ്ബു! നിങ്ങളൊരു മാതൃകയാണ്! നല്ലവാക്കുകള്‍ക്ക് നന്ദി പറഞ്ഞ് താരവും!
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളാണ് സുമലതയും ഖുശ്ബുവും. പ്രേക്ഷക മനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിച്ചത്. അന്യഭാഷയില്‍ നിന്നെത്തിയ താരങ്ങളായിരുന്നിട്ടും വേര്‍തിരിവില്ലാതെയായിരുന്നു മലയാള സിനിമ ഇവരെ പരിഗണിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തിരക്കേറിയ നായികമാരായി മാറുകയായിരുന്നു ഇരുവരും.
മലയാളികളുടെ സ്വന്തം ക്ലാരയായാണ് സുമലതയെ വിശേഷിപ്പിക്കാറുള്ളത്. അഭിനേതാവും രാഷ്ട്രീയപ്രവര്‍ത്തകനുമായ അംബരീഷുമായുള്ള പ്രണയ വിവാഹത്തെത്തുടര്‍ന്നാണ് താരം സിനിമ വിട്ടത്. സംവിധായകനായ സുന്ദര്‍ദാസിനെയാണ് ഖുശ്ബു ജീവിതപങ്കാളിയാക്കിയത്.
ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിനിന്ന ഇരുവരും രാഷ്ട്രീയത്തില്‍ സജീവമാവുകയായിരുന്നു പിന്നീട്. സിനിമയ്ക്കപ്പുറത്ത് സമൂഹത്തിലെ പല കാര്യങ്ങളിലും അഭിപ്രായം അറിയിച്ച് ഇവരെത്താറുണ്ട്.
കൊറോണ വൈറസിന്റെ ഭീതിയിലാണ് ലോകജനത. രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. കൊവിഡ് 19 പോരാട്ടത്തില്‍ പങ്കാളികളാകാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി ധനസഹായം നല്‍കാനും ആവശ്യപ്പെട്ടിരുന്നു.

പിഎം കെയറിലേക്ക് 1 കോടി രൂപയാണ് സുമലത നല്‍കിയത്. എംപി ഫണ്ടില്‍ നിന്നുമാണ് താരം തുക നല്‍കിയത്. സുമലതയുടെ ഈ പ്രവര്‍ത്തിയെ അഭിനന്ദിച്ച് ഖുശ്ബുവും രംഗത്തെത്തിയിരുന്നു. താരത്തിന് നല്‍കിയ സുമലത നല്‍കിയ മറുപടിയും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് വലിയൊരു ഹൃദയമുണ്ട്. നിങ്ങളൊരു മാതൃകയാവുകയാണെന്നായിരുന്നു ഖുശ്ബുവിന്റെ കമന്റ്.
ഖുശ്ബുവിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി അറിയിച്ച് സുമലതയും എത്തിയിരുന്നു. എംപി ഫണ്ടില്‍ നിന്നുള്ള പണമാണ് ഇത്. യാതൊരുവിധ നിര്‍ബന്ധങ്ങളോ രാഷ്ട്രീയമോ നോക്കിയല്ല പണം നല്‍കിയത്. സാമൂഹ്യജീവി എന്ന നിലയില് ചെയ്ത കാര്യമാണ്. എല്ലാവരും വീടുകളില്‍ തന്നെ തുടരുകയെന്നുമായിരുന്നു സുമലതയുടെ മറുപടി.
ഇരുവരുടേയും സംഭാഷണത്തെ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും തിളങ്ങുകയായിരുന്നു ഇരുവരും . ശക്തമായ ജനപിന്തുണയാണ് ഇരുവരേയും നയിക്കുന്നത്.
അടുത്തിടെയായിരുന്നു സുമലതയുടെ ഭര്‍ത്താവായ അംബരീഷ് അന്തരിച്ചത്. നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. ഭര്‍ത്താവിന് പിന്നാലെയായാണ് സുമലതയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.മകന്‍ സിനിമയില്‍ തുടക്കം കുറിക്കുന്നതിന് മുന്‍പായാണ് അംബരീഷിന്റെ വിയോഗം. മാതാപിതാക്കള്‍ക്ക് പിന്നാലെയായി മകനും അഭിനയരംഗത്തേക്ക് എത്തുകയായിരുന്നു.


Click it and Unblock the Notifications











