ഗ്ലാമറിന്റെ മായക്കാഴ്ചകളുമായി കിരണ്‍
തമിഴിലെ മുന്‍നിര നടിയായി വിലസുമ്പോഴാണ് മോഹന്‍ലാലിന്റെ നായികയാവാന്‍ കിരണ്‍ റാത്തോഡ് മലയാളത്തിലെത്തിയത്. താണ്ഡവത്തില്‍ ലാലിന്റെ നായികയാവുമ്പോള്‍ കിരണ്‍ ആ സമയത്ത് തെന്നിന്ത്യയില്‍ കത്തിനില്‍ക്കുകയായിരുന്നു. ഇന്ന് കിരണിന് തമിഴില്‍ കാര്യമായ അവസരങ്ങളൊന്നുമില്ല.
കിരണിനെ സംബന്ധിച്ചിടത്തോളം പഴയ തിരക്കുകളൊക്കെ ഓര്‍മയായത് വളരെ പെട്ടെന്നാണ്. കമലഹാസന്‍, വിക്രം തുടങ്ങിയ മുന്‍നിര നടന്‍മാരുടെ നായികയായി ഒരു പിടി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടും കിരണിനെ തമിഴ് പിന്നീട് കൈവിടുകയായിരുന്നു.
തമിഴിലെ തിരക്കുകള്‍ക്കിടയില്‍ നിന്നാണ് കിരണ്‍ മലയാളത്തിലെത്തി മോഹന്‍ലാലിന്റെ നായികയായത്. ഇപ്പോള്‍ കാര്യമായ സിനിമകളൊന്നുമില്ലാതെ വീട്ടിലിരിക്കുമ്പോള്‍ വീണ്ടും മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയാവാന്‍ ക്ഷണം കിട്ടണമെന്നില്ലല്ലോ. അതുകൊണ്ടാവാം മോഹന്‍ലാലിന്റെ ഈ മുന്‍നായിക മലയാളത്തിലെ മുന്‍നിര താരങ്ങളൊന്നും അഭിനയിക്കാത്ത ഒരു ചിത്രത്തിലേക്ക് ക്ഷണം വന്നപ്പോള്‍ നിഷേധിക്കാതിരുന്നത്.
മായക്കാഴ്ച എന്ന ചിത്രത്തിലൂടെയാണ് കിരണ്‍ വീണ്ടും മലയാളത്തിലെത്തുന്നത്. യുവതാരങ്ങളായ അരവിന്ദ്, ജയകൃഷ്ണന്‍, നിഷാന്ത് സാഗര്‍, സുധീഷ് എന്നിവരാണ് മായക്കാഴ്ചയില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഖിലേഷ് ഗുരുവിലാസാണ് മായക്കാഴ്ച സംവിധാനംചെയ്യുന്നത്. ചിത്രത്തില്‍ അരവിന്ദ്, ജയകൃഷ്ണന്‍, സുധീഷ്, അമര്‍നാഥ്, നിഷാന്ത് സാഗര്‍, സായ്കുമാര്‍, കൊച്ചിന്‍ ഹനീഫ, കലാശാല ബാബു, ക്യാപ്റ്റന്‍ രാജു, മച്ചാന്‍ വര്‍ഗീസ്, ഇന്ദ്രന്‍സ്, ടി.എസ്. രാജു, രാജേഷ് ചാലക്കുടി, കിരണ്‍, പ്രിയങ്ക, മങ്കാ മഹേഷ്, ചന്ദ്രികാദാസ്, ഭാഗ്യ എന്നിവരും അഭിനയിക്കുന്നു.
മായക്കാഴ്ചയുടെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ജോണ്‍ സക്കറിയ. സുമേഷ് ലാലിന്റേതാണ് കഥ. ഛായാഗ്രഹണം കെ.പി. നമ്പ്യാതിരി. സുധാംശു എഴുതിയ വരികള്‍ക്ക് എസ്. ബാലകൃഷ്ണന്‍ സംഗീതം നല്‍കുന്നു.
അശ്വതി തമ്പുരാട്ടി എന്ന കഥാപാത്രത്തെയാണ് കിരണ്‍ അവതരിപ്പിക്കുന്നത്. ഉമയിന്നൂര്‍ കൊട്ടാരത്തിലെ പെണ്‍കുട്ടികളെല്ലാം ഒരു നിശ്ചിത പ്രായം കഴിയുമ്പോള്‍ കൊല്ലപ്പെടുന്നു. കൊട്ടാരത്തിലെ ഇപ്പോഴത്തെ കാരണവരായ രാജവര്‍മ്മ തമ്പുരാന്റെ കൊച്ചുമകള്‍ അശ്വതി തമ്പുരാട്ടിക്കും ആ പ്രായം കടക്കുകയാണ്. ഇനി ഒരു ദുരന്തംകൂടി താങ്ങാന്‍ കെല്‍പ്പില്ലാത്ത തമ്പുരാന്‍ പ്രശസ്തനായ ജ്യോത്സ്യന്‍ വടക്കേമഠം തിരുമേനിയെ വിളിച്ചുവരുത്തി പ്രശ്നം വയ്പിക്കുന്നു. പ്രശ്നത്തില്‍ കണ്ടെത്തിയത് ഒരു തീരാശാപത്തിന്റെ കഥയാണ്. അശ്വതിക്ക് ആ ശാപമേല്‍ക്കാതിരിക്കണമെങ്കില്‍ ചില അത്ഭുതങ്ങള്‍ സംഭവിച്ചേ പറ്റൂ.
കിരണ്‍ റാത്തോഡിന്റെ വശ്യസൗന്ദര്യത്തിന്റെ മായക്കാഴ്ചകളുമായെത്തുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ചാവക്കാട് പുരോഗമിക്കുകയാണ്.


Click it and Unblock the Notifications