രജനീകാന്ത് ഷൂട്ടിങ്ങിനിടെ തളര്‍ന്നുവീണിട്ടില്ല
സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ആരാധകരെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത വന്നിരുന്നു. ഹൈദരാബാദില്‍ ലിങ്കയെന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ രജനി കുഴഞ്ഞുവീണുവെന്നും ആശുപത്രിയിലാണെന്നുമായിരുന്നു ആ വാര്‍ത്ത. ലിങ്കയിലെ വളരെ ദൈര്‍ഘ്യമേറിയ ഒരു ആക്ഷന്‍ രംഗത്ത് ഡ്യൂപ്പില്ലാതെ അഭിനയിക്കുന്നതിനിടെയാണ് രജനിയ്ക്ക് ശാരീരികാസ്വാസ്ഥ്യം വന്നതെന്നും തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നുമായിരുന്നു വാര്‍ത്ത. വാര്‍ത്ത പുറത്തുവന്നതോടെ ആരാധകരെല്ലാം സ്‌റ്റൈല്‍ മന്നനെയോര്‍ത്ത് ആകെ ആശങ്കയിലായിരുന്നു.

എന്നാല്‍ ഈ വാര്‍ത്തയില്‍ യാതൊരു കഴമ്പുമില്ലെന്ന് തന്റെ ഫേസ്ബുക്ക് പേജിലൂടെ സംവിധായകന്‍ കെഎസ് രവികുമാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. രജനി ആരോഗ്യവാനായി ഇരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. പുറത്തുവന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. രജനീകാന്ത് പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നു, അദ്ദേഹം വളരെ ആവേശത്തോടെയാണ് ചിത്രീകരണത്തില്‍ പങ്കെടുക്കുന്നത്- എന്നാണ് രവികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇതിന് മുമ്പ് 2010ല്‍ കെഎസ് രവികുമാറിന്റെ റാണ എന്നചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് രജനിയ്ക്ക് ആരോഗ്യപ്രശ്‌നമുണ്ടാവുകയും അദ്ദേഹം ചികിത്സയ്ക്കായി സിംഗപ്പൂരിലേയ്ക്ക് പോവുകയും ചെയ്തിരുന്നു. തുടര്‍ന്ന് റാണയെന്ന ചിത്രം നിര്‍ത്തിവെയ്ക്കുകയായിരുന്നു. എന്തായാലും രവികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടതോടെ രജനി ആരാധകര്‍ക്കെല്ലാം സമാധാനമായിട്ടുണ്ട്.


Click it and Unblock the Notifications











