കുടുംബവിളക്കിലെ പ്രതീഷ് വിവാഹനിശ്ചയം കഴിഞ്ഞു; വധു ഡോക്ടറായ ജോസഫൈൻ, ചിത്രങ്ങൾ വൈറൽ
കുടുംബവിളക്ക് സീരിയലില്‍ ചില കല്യാണാലോചനകളും പ്രണയവുമൊക്കെയാണ് നടക്കുന്നത്. സീരിയലിലെ കഥാപാത്രങ്ങളുടെ വിശേഷങ്ങള്‍ മാത്രമല്ല പരമ്പരയിലെ നായകന്മാരില്‍ ഒരാള്‍ യഥാര്‍ഥ ജീവിതത്തിലും വിവാഹിതനാവുകയാണ്. പ്രതീഷ് എന്ന നായകവേഷം അവതരിപ്പിക്കുന്ന നടന്‍ നൂബിന്‍ ജോണി വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ്.
മാസങ്ങള്‍ക്ക് മുന്‍പേ ഓഗസ്റ്റില്‍ തന്റെ വിവാഹം നടക്കുമെന്ന് നൂബിന്‍ പറഞ്ഞിരുന്നു. എന്നാല്‍ വധു ആരാണെന്നോ അവരുടെ മുഖം പോലും പുറംലോകത്തിന് കാണിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ താരങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞതോടെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വന്നു. നൂബിന്റെ വിവാഹ വിശേഷങ്ങള്‍ വായിക്കാം..

അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ തിളങ്ങി നിന്ന നൂബിന്‍ കുടുംബവിളക്കിലൂടെയാണ് ശ്രദ്ധയനാവുന്നത്. സീരിയലിന്റെ തുടക്കം മുതല്‍ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് നൂബിനാണ്. സീരിയലിലെ കഥാപാത്രം വിവാഹം കഴിച്ച് ഒരു കുഞ്ഞിനെ കാത്തിരിക്കുകയാണ്. അതേ സമയത്താണ് താന്‍ യഥാര്‍ഥത്തില്‍ വിവാഹം കഴിക്കാനൊരുങ്ങുകയാണെന്ന് നടന്‍ പുറംലോകത്തോട് പറഞ്ഞത്.

വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്ന നൂബിന്‍ പ്രണയിനിയുടെ മുഖം മറച്ചുള്ള ചിത്രങ്ങളാണ് പുറത്ത് വിട്ടിരുന്നത്. ഒടുവില്‍ ആ വധു ഡോക്ടറായ ജോസഫൈന്‍ ആണെന്നും വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹനിശ്ചയമായിരുന്നു. കുടുംബാംഗങ്ങളുടെയും സുഹത്തുക്കളുടെയും സാന്നിധ്യത്തില്‍ ആഘോഷമായി പള്ളിയില്‍ വച്ചിട്ടാണ് വിവാഹനിശ്ചയം നടന്നത്.

ഒന്‍പത് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് നൂബിനും ജോസഫൈനും വിവാഹത്തിനൊരുങ്ങുന്നത്. വിവാഹനിശ്ചയത്തിന് മുൻപായി ഇരുവരും പ്രീവെഡ്ഡിങ് ഷൂട്ട് നടത്തിയിരുന്നു. വെള്ളത്തിൽ നിന്നും പ്രിയതമയെ ചുംബിക്കുന്ന വീഡിയോയാണ് ജോസഫൈൻ പങ്കുവെച്ചത്. ഇത് മാത്രമല്ല ഇരുവരും ഒരുമിച്ചുള്ള സംഗീത ആൽബവും പുറത്തിറക്കി. പുതിയ യൂട്യുബ് ചാനലിലൂടെയാണ് ആൽബം ഇറക്കിയിരിക്കുന്നത്.
Recommended Video

'ഒരു ഹൃദയമിടിപ്പില്‍ നിന്നെ ഞാന്‍ തിരഞ്ഞെടുത്തു, വീണ്ടും വീണ്ടും ഞാന്‍ നിന്നെ തിരഞ്ഞെടുത്ത് കൊണ്ടിരിക്കും' എന്നാണ് വിവാഹനിശ്ചയത്തെ കുറിച്ച് പറഞ്ഞ് ജോസഫൈന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങള്‍ നിന്നോടൊപ്പമാണെന്ന്' പറഞ്ഞ് ജോസഫൈനെ മടിയിലിരുത്തിയ ഫോട്ടോ നൂബിനും പങ്കുവെച്ചു.
പഠിച്ചോണ്ടിരുന്ന കാലം മുതലാണ് നൂബിന്‍ ജോണിയും ജോസഫൈനും കണ്ടുമുട്ടുന്നതും ഇഷ്ടത്തിലാവുന്നതും. തന്റെ നാടായ തൊടുപ്പുഴക്കാരിയാണ് വധുവെന്ന് മുന്‍പ് നൂബിന്‍ പറഞ്ഞിരുന്നു. നൂബിന്‍ അഭിനയത്തിലേക്ക് തിരിഞ്ഞപ്പോള്‍ ജോസഫൈന്‍ ഡോക്ടറാവാനാണ് തീരുമാനിച്ചത്. ഇരുവരും തമ്മിലുള്ള വിവാഹം ആഗസ്റ്റ് മാസത്തില്‍ തന്നെ ഉണ്ടാവുമെന്നാണ് അറിയുന്നത്. അതേ സമയം രണ്ടാള്‍ക്കും ആശംസകള്‍ അറിയിച്ച് കൊണ്ട് ആരാധകരും എത്തി.


Click it and Unblock the Notifications