കേരള ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ അംബാസഡറായി ചാക്കോച്ചന്‍
സ്‌പോര്‍ട്‌സിലും ഏറെ താല്‍പര്യമുള്ളയാളാണ് യുവതാരം കുഞ്ചാക്കോ ബോബന്‍. അടുത്തിടെ സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബുമായി വാര്‍ത്തകളില്‍ നിറഞ്ഞ ചാക്കോച്ചന്‍ ഇപ്പോഴിതാ സംസ്ഥാന ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ അംബാസഡര്‍ സ്ഥാനത്തേയ്ക്ക്.
കേരള ടേബിള്‍ ടെന്നിസ് ഫെഡറേഷന്റെ അംബാസഡറാകാനുള്ള ക്ഷണം ചാക്കോച്ചന്‍ സ്വീകരിച്ചുകഴിഞ്ഞു. ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നിസ്, ബാസ്‌കറ്റ് ബോള്‍ തുടങ്ങിയവയിലെല്ലാം തനിയ്ക്ക് താല്‍പര്യമുണ്ടെന്നും അതുകൊണ്ടുതന്നെ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട ഏത് കാര്യത്തിന്റെ ഭാഗമാകാനും തനിയ്ക്കിഷ്ടമാണെന്നും കുഞ്ചാക്കോ പറയുന്നു.

ടേബിള്‍ ടെന്നിസിന്റെ കാര്യത്തില്‍ മികച്ച റാങ്കുള്ള ജില്ലയാണ് ചാക്കോച്ചന്റെ ജന്മസ്ഥലമായ ആലപ്പുഴ. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടേബിള്‍ ടെന്നിസ് കളിക്കാരുള്ള സ്ഥലമാണിത്. 15വയസില്‍ താഴെയുള്ളവരുടെ ടേബിള്‍ടെന്നിസ് ലോകചാമ്പ്യന്‍ഷിപ്പില്‍ ആലപ്പുഴയില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് സ്വര്‍ണമെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്- ചാക്കോച്ചന്‍ പറയുന്നു.
കഴിഞ്ഞ 58 വര്‍ഷണായി ഓള്‍ കേരള ഓപ്പണ്‍ ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് നടന്നുവരുന്നത് ആലപ്പുഴയിലാണ്. ഇതിന് പൂര്‍ണ പിന്തുണ നല്‍കാനും ടേബിള്‍ ടെന്നിസ് രംഗത്തിന്റെ പുരോഗതിയ്ക്ക് വേണ്ടി തന്നാലാവുന്നത് ചെയ്യാനും താന്‍ താല്‍പര്യപ്പെടുന്നുവെന്ന് താരം പറയുന്നു.


Click it and Unblock the Notifications











