അഞ്ചാം പാതിരയുടെ വിജയത്തിനിടെ ചാക്കോച്ചന്റെ പുതിയ ചിത്രത്തിന് തുടക്കമായി
അഞ്ചാം പാതിരയുടെ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് കുഞ്ചാക്കോ ബോബന്‍. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. ഏറെക്കാലത്തിന് ശേഷം മലയാളത്തില്‍ ഇറങ്ങിയ മികച്ച ക്രൈം ത്രില്ലറാണ് അഞ്ചാം പാതിരയെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റായും ചാക്കോച്ചന്‍ ചിത്രം മാറിയിരിക്കുകയാണ്.
ആദ്യ ദിനം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം നിറഞ്ഞ സദസുകളിലാണ് അഞ്ചാം പാതിര പ്രദര്‍ശിപ്പിച്ചത്. നിലവില്‍ കുഞ്ചാക്കോ ബോബന്റെ കരിയറിലെ എറ്റവും വലിയ വിജയത്തിലേക്കാണ് സിനിമ മുന്നേറികൊണ്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം അഞ്ചാം പാതിരയുടെ വിജയത്തിനിടെ ചാക്കോച്ചന്റെ മറ്റൊരു സിനിമ കൂടി ആരംഭിച്ചതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അഞ്ചാം പാതിര തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുന്ന വേളയിലാണ് സിനിമ ആരംഭിച്ചിരിക്കുന്നത്. നേരത്തെ വലിയ ഹൈപ്പുകളൊന്നുമില്ലാതെയാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത പുതിയ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.

അമിത പ്രതീക്ഷകള്‍ നല്‍കാതെ എത്തി തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു അഞ്ചാം പാതിര.
സോഷ്യല്‍ മീഡിയയിലെല്ലാം മികച്ച പ്രേക്ഷക പിന്തുണയാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചാക്കോച്ചന് പുറമെ ശ്രീനാഥ് ഭാസി,ഉണ്ണിമായ, ജിനു ജോസഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. താരങ്ങളുടെ പ്രകടനത്തിനൊപ്പം സിനിമയിലെ മറ്റു അണിയറപ്രവര്‍ത്തകരെയും എല്ലാവരും പ്രശംസിക്കുന്നുണ്ട്.

ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ്, സംഗീതമൊരുക്കിയ സുഷിന്‍ ശ്യാം,എഡിറ്റ് ചെയ്ത സൈജു ശ്രീധരന്‍ തുടങ്ങിയവരെയാണ് എല്ലാവരും പ്രശംസിക്കുന്നത്. അഞ്ചാം പാതിരയ്ക്ക് പിന്നാലെയാണ് ചാക്കോച്ചന്റെ മാര്‍ട്ടിന്‍ പ്രകാട്ട് ചിത്രത്തിന് തുടക്കമായത്. കുഞ്ചാക്കോ ബോബനൊപ്പം ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം കൂടിയാണിത്.

ഇവര്‍ക്കൊപ്പം ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട നിരവധി പുതിയ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. ഇതുവരെയും പേരിട്ടില്ലാത്ത സിനിമയ്ക്ക് ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വിഷ്ണു വിജയ് സംഗീതമൊരുക്കുന്നു. അന്‍വര്‍ അലിയാണ് ഗാനരചന നിര്‍വ്വഹിക്കുന്നത്. മഹേഷ് നാരായണന്‍ എഡിറ്റിങ്ങും റോണി സേവ്യര്‍ മേക്കപ്പും നിര്‍വ്വഹിക്കുന്നു.

സമീറ സനീഷാണ് സിനിമയുടെ വസ്ത്രാലങ്കാരം ഒരുക്കുന്നത്. സംവിധായകന്‍ രഞ്ജിത്താണ് സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. ഗോള്‍ഡ് കോയ്ന്‍ പിക്‌ചേഴ്‌സും മാര്‍ട്ടിന്‍ പ്രകാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോലഞ്ചേരി, അടിമാലി, മൂന്നാര്‍, വട്ടവട, കൊട്ടക്കാംബൂര്‍ എന്നീ സ്ഥലങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തിന്റെ ടൈറ്റിലും മറ്റു വിവരങ്ങളും അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications