അശ്വിന്റെ ട്രെഡ്മില്‍ ഡാന്‍സ് കണ്ട് ഞെട്ടിയ ചാക്കോച്ചന്‍! നടന്‍ പറഞ്ഞത് കാണാം
മലയാള സിനിമയിലെ മികച്ച ഡാന്‍സര്‍മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. മുന്‍പ് നിരവധി സിനിമകളില്‍ ചാക്കോച്ചന്റെ ഡാന്‍സ് രംഗങ്ങള്‍ പ്രേക്ഷകര്‍ കണ്ടതാണ്. നടന്റെ ഡാന്‍സ് കണ്ട് ആരാധകരായവരും ഏറെയാണ്. സിനിമകള്‍ക്കൊപ്പം തന്നെ സ്‌റ്റേജ് ഷോകളിലും ചാക്കോച്ചന്‍ നൃത്തം അവതരിപ്പിച്ചിരുന്നു. ഡാന്‍സ് എന്ന് കേട്ടാല്‍ മലയാള നടന്മാരില്‍ ആദ്യം ഓര്‍മ്മ വരുന്ന പേരുകളില്‍ ഒന്ന് ചാക്കോച്ചന്റെത് തന്നെയാണ്.
കഴിഞ്ഞ ദിവസം അശ്വിന്‍ കുമാറിന്റെതായി തരംഗമായ ഡാന്‍സ് വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍ കുറിച്ച കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചാക്കോച്ചനെ വരെ അമ്പരപ്പിച്ച പ്രകടനമായിരുന്നു ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ വില്ലന്‍ വേഷം അവതരിപ്പിച്ച അശ്വിന്‍ കാഴ്ചവെച്ചിരുന്നത്.

ഓടിക്കൊണ്ടിരിക്കുന്ന ട്രെഡ്മില്ലിന്റെ മുകളില്‍ നിന്നായിരുന്നു അശ്വിന്‍ കുമാറിന്റെ പ്രകടനം. കമല്‍ഹാസന്റെ കിടിലന്‍ ഡാന്‍സുകൊണ്ട് ശ്രദ്ധേയമായ അണ്ണാത്തെ ആഡറാര്‍ എന്ന ഗാനത്തിനൊപ്പമായിരുന്നു അശ്വിന്‍ ചുവടുവെച്ചിരുന്നത്. കമല്‍ഹാസനെ ഓര്‍മ്മിപ്പിക്കുന്ന മുഖഭാവങ്ങളും ഡാന്‍സിന് അകമ്പടിയായി ഉണ്ടായിരുന്നു. അശ്വിന്റെ അപാര ബാലന്‍സ് കണ്ട് സോഷ്യല്‍ മീഡിയ ഒന്നടങ്കം കൈയ്യടിക്കുകയും ചെയ്തു.

ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് പുറമെ തമിഴില്‍ ധ്രുവങ്കള്‍ പതിനാറ് എന്ന ചിത്രത്തിലൂടെയും ശ്രദ്ധേയനായ താരമാണ് അശ്വിന്‍ കുമാര്‍. അശ്വിന്റെ ഡാന്‍സ് വീഡിയോ പങ്കുവെച്ചതിനൊപ്പം ചാക്കോച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കമന്റും ശ്രദ്ധേയമായി മാറിയിരുന്നു. ട്രെഡ്മില്ലില്‍ ഡാന്‍സ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതാണ്, പക്ഷെ ഇനി വേറെ വഴി നോക്കട്ടെ എന്നാണ് ചാക്കോച്ചന്‍ തന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നത്.

ട്രെഡ്മില്ലില്‍ ഡാന്‍സ് ചെയ്യണം എന്നത് എപ്പോഴത്തെയും ആഗ്രഹമായിരുന്നു. പക്ഷേ ഇത് കണ്ടപ്പോള്‍ ഞാന്‍ അതേക്കുറിച്ച് രണ്ടാമതൊന്ന് ചിന്തിക്കുകയാണ്. മനസ് നിറയ്ക്കുന്ന പ്രകടനം. ഞാന്‍ ഇനി വേറെ വഴി നോക്കട്ടെ എന്നാണ് അശ്വിന്റെ തരംഗമായ ഡാന്‍സ് വീഡിയോ പങ്കുവെച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

പിന്നാലെ ചാക്കോച്ചന്റെ കമന്റിന് നന്ദി പറഞ്ഞ് അശ്വിന്‍ കുമാര്‍ എത്തിയിരുന്നു. ചാക്കോച്ചന്റെ വാക്കുകള്‍ തനിക്ക് വിലമതിക്കുന്നതാണ് എന്നാണ് അശ്വിന്‍ കുറിച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ കലാകാരന്‍ മറ്റൊരു കലാകാരന്റെ കഴിവുകളെ സ്‌നേഹിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. കുഞ്ചാക്കോ ബോബന്‍ അത്തരത്തില്‍ ഒരാളാണെന്നും അശ്വിന്‍ കുമാര്‍ കുറിച്ചു.

കുഞ്ചാക്കോ ബോബന് പുറമെ കഴിഞ്ഞ ദിവസം അജു വര്‍ഗീസും അശ്വിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് പുറമെ മലയാളത്തില്‍ രണം, ചാര്‍മിനാര്‍ തമിഴില്‍ എന്നൈ നോക്കി പായും തോട്ട, ധ്രുവങ്ങള്‍ 16 തുടങ്ങിയ സിനിമകളിലും അശ്വിന്‍ കുമാര്‍ അഭിനയിച്ചിരുന്നു. ഇന്ദ്രജിത്ത് സുകുമാരന്‍ നായകനാവുന്ന ആഹാ എന്ന ചിത്രമാണ് അശ്വിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം. സിനിമയുടെ ടീസര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.


Click it and Unblock the Notifications