ചാക്കോച്ചന് കുഞ്ഞ് ആരാധിക അയച്ച ആ കത്ത്! മറുപടി നല്‍കി താരം! വെെറലായി പോസ്റ്റ്
മലയാളത്തിലെ എവര്‍ഗ്രീന്‍ റൊമാന്റിക്ക് ഹീറോയായി ഇപ്പോഴും തിളങ്ങിനില്‍ക്കുന്ന താരമാണ് കുഞ്ചാക്കോ ബോബന്‍. ഒരുകാലത്ത് മലയാള സിനിമയില്‍ എറ്റവും കൂടുതല്‍ ആരാധകരുളള താരം കൂടിയായിരുന്നു ചാക്കോച്ചന്‍. നടന്റെ പ്രണയ ചിത്രങ്ങള്‍ കണ്ട് താരത്തിന് കത്ത് അയച്ച ആരാധികമാരും ഏറെയായിരുന്നു. രക്തംകൊണ്ട് എഴുതിയ പ്രണയ ലേഖനങ്ങള്‍ വരെ ചാക്കോച്ചന് കിട്ടിയിട്ടുണ്ടെന്നാണ് പറഞ്ഞു കേട്ടിട്ടുളളത്.

കഴിഞ്ഞ ദിവസം തപാല്‍ ദിനത്തില്‍ ഒരു കുട്ടി ആരാധിക നടന് അയച്ച കത്ത് വൈറലായിരുന്നു. ആരാധികയുടെ കത്തും താന്‍ അയച്ച മറുപടിയും ചാക്കോച്ചന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ലോക തപാല്‍ ദിനത്തില്‍ ഈ ചോട്ട എനിക്ക് തപാല്‍ വഴി അയച്ച കത്താണിത് എന്നും ഈ സ്വീറ്റ് ലെറ്ററിന് ഒരുപാട് നന്ദിയെന്നും കുറിച്ചുകൊണ്ടാണ് ചാക്കോച്ചന്‍ കത്തിന് മറുപടി നല്‍കിയിരിക്കുന്നത്.
ബഹുമാനപ്പെട്ട കുഞ്ചാക്കോ ബോബന്‍ അറിയുന്നതിന്,
ഞാന്‍ അയ്യപ്പന്‍കോവില്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു. ലോക തപാല്‍ ദിനത്തോടനുബന്ധിച്ച് അങ്ങേയ്ക്ക് ഒരു കത്ത് എഴുതുന്നതില്‍ വളരെ സന്തോഷമുണ്ട്. സിനിമാ മേഖലയില്‍ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു. എന്ന് കീര്‍ത്തന, ക്ലാസ് മൂന്ന്. ഇങ്ങനെയാണ് ആരാധികയുടെ കത്തില്‍ എഴുതിയിരുന്നത്.
ഇതിനുളള ചാക്കോച്ചന്റെ മറുപടി കത്ത് ഇങ്ങനെ: പ്രിയപ്പെട്ട കീര്‍ത്തന മോള്‍ക്ക്, മോളയച്ച കത്ത് കിട്ടി, സ്‌നേഹത്തിനും ആശംസകള്‍ക്കും ഒരുപാട് നന്ദി, മോള്‍ടെ വീട്ടിലും സ്‌കൂളിലുമുളള എല്ലാവരോടും എന്റെ സ്‌നേഹാന്വേഷണങ്ങള്‍ അറിയിക്കുക. എല്ലാ നന്മകളും വിജയങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. സ്‌നേഹപൂര്‍വ്വം, കുഞ്ചാക്കോ ബോബന്‍ എന്ന് ചാക്കോച്ചനും മറുപടി കത്തില്‍ കുറിച്ചു.


Click it and Unblock the Notifications