വിവാഹവാര്‍ഷികത്തിന് ചാക്കോച്ചന്‍ സ്‌പെഷ്യല്‍ കിഡ്‌സിനൊപ്പം
ചലച്ചിത്രതാരങ്ങളില്‍ പലരും ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം വലിയ ആഘോഷമാക്കുന്നവരാണ്. വിവാഹവും, വിവാഹവാര്‍ഷികവും ജന്മദിനങ്ങളുമെല്ലാം വളരെ ആര്‍ഭാഢത്തോടെ ആഘോഷിയ്ക്കുന്നതാണ് പൊതുവേ സെലിബ്രിറ്റികളുടെ പതിവ്. എന്നാല്‍ അടുത്തകാലത്ത് സംവിധായകന്‍ ആഷിക് അബുവും നടി റിമ കല്ലിങ്കലും ചെയ്തപോലെ വ്യത്യസ്തവും മാതൃകാപരവുമായി രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നവരും കുറവല്ല. ഇപ്പോഴിതാ ഇക്കൂട്ടത്തിലേയ്‌ക്കെത്തുകയാണ് മലയാളികളുടെ സ്വന്തം ചാക്കോച്ചനും.
ചാക്കോച്ചനും ഭാര്യ പ്രിയയും തങ്ങളുടെ വിവാഹവാര്‍ഷികം ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒരുപാട് ഷോപ്പിങ്ങെല്ലാം നടത്തി, ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അടിപൊളി വിരുന്നും നല്‍കി വിവാഹവാര്‍ഷികം ആഘോഷിയ്ക്കുന്നതിന് പകരം അത് അല്‍പം വ്യത്യസ്തമാക്കാമെന്ന് രണ്ടുപേരും ചേര്‍ന്ന് തീരുമാനിയ്ക്കുകയായിരുന്നു.

ഇത്തവണ ലോക ഓട്ടിസം ദിനത്തിലാണ് ഇവരുടെ വിവാഹവാര്‍ഷികദിനവും വരുന്നത്. അതുകൊണ്ടുതന്നെ ആ ദിവസത്തിന്റെ പ്രാധാന്യത്തിനനുസരിച്ച രീതിയില്‍ ആഘോഷം നടത്താമെന്ന് താന്‍ വിചാരിക്കുകയായിരുന്നുവെന്ന് ചാക്കോച്ചന്‍ പറയുന്നു. കൊച്ചിയിലെ ഒരു ആശുപത്രിയിലെ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങള്‍ക്കൊപ്പമാകും ചാക്കോച്ചനും പ്രിയയും സമയം ചെലവിടുക.
തന്റെ സുഹൃത്തായ ഡോക്ടര്‍ ബിനുവില്‍ നിന്നാണ് തനിയ്ക്കിത്തരത്തിലൊരാശയം ലഭിച്ചതെന്നും അദ്ദേഹം സ്‌പെഷ്യല്‍ കിഡ്‌സിന് വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുന്നയാളാണെന്നും ചാക്കോച്ചന്‍ പറയുന്നു. ഒരിക്കല്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ചികിത്സ നല്‍കുന്ന ആശുപത്രി സന്ദര്‍ശിച്ചതോടെ കുഞ്ചാക്കോ ബോബന് അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യുകയെന്ന കാര്യത്തില്‍ താല്‍പര്യം തോന്നുകയായിരുന്നു.
ഞങ്ങള്‍ക്ക് സാധിയ്ക്കുന്ന രീതിയില്‍ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തില്‍ ഇത്തരം കുട്ടികള്‍ക്ക് അല്‍പം സന്തോഷം നല്‍കുകയെന്നതുമാത്രമാണ് ഞങ്ങളുടെ ഉദ്ദേശം- ചാക്കോച്ചനും പ്രിയയും പറയുന്നു.
ഇതുകൂടാതെ ഓട്ടിസം പോലുള്ള രോഗങ്ങള്‍ക്ക് ലോകനിലവാരത്തിലുള്ള ചികിത്സ നല്‍കുന്നൊരു ആശുപത്രി തുടങ്ങുന്നകാര്യം ആലോചനയിലാണെന്നും ചാക്കോച്ചന്‍ പറയുന്നു. വിവാഹവാര്‍ഷികം ഇത്തരത്തില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചതില്‍ താന്‍ ഏറെ സന്തോഷവതിയാണെന്ന് പ്രിയയും പറയുന്നു.


Click it and Unblock the Notifications











