twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുട്ടിസ്രാങ്കില്‍ മഴയും പുഴയും മമ്മൂട്ടിയും

    By Staff
    |

    പിറവി, സ്വം, വാനപ്രസ്ഥം പോലെയുളള ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ കീര്‍ത്തി വിശ്വസിനിമയുടെ ചക്രവാളത്തിലേയ്ക്കുയര്‍ത്തിയ സംവിധായകനാണ് ഷാജി. എന്‍. കരുണ്‍.

    മമ്മൂട്ടിയെ നായകനാക്കി ഷാജി സംവിധാനം ചെയ്യുന്ന ആദ്യചിത്രമായ കുട്ടിസ്രാങ്ക് പറയുന്നത് വ്യത്യസ്തനായ ഒരു മനുഷ്യന്റെ കഥയാണ്. കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകളിലൂടെ വ്യക്തിത്വത്തിന്റെ സങ്കീര്‍ണതകളിലേയ്ക്ക് പോകുന്നതാണ് ഷാജിച്ചിത്രങ്ങളുടെ പ്രത്യേകത. ഈ ചിത്രത്തിലും ഷാജി പ്രേക്ഷകരിലേയ്ക്ക് പകരുന്നത് സ്വന്തമായ ഒരു പേരുപോലുമില്ലെങ്കിലും കാലത്തെയും ചരിത്രത്തെയും പ്രതിനിധാനം ചെയ്യുന്ന ഒരു മനുഷ്യന്റെ സ്വഭാവ സങ്കീര്‍ണതകളാണ്.

    മതമോ ജാതിയോ കുട്ടിസ്രാങ്കിനില്ല. നല്ലവനായ ഈ മനുഷ്യന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന മൂന്നു സ്ത്രീകഥാപാത്രങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ജീവിതത്തിന്റെ നല്ലൊരു പങ്കും ജലയാത്രയ്ക്ക് വിനിയോഗിച്ച ഇയാളെ വ്യത്യസ്ത ദേശങ്ങളിലുളള മൂന്ന് സ്ത്രീകള്‍ എങ്ങനെയാണ് വിലയിരുത്തിയതെന്ന് ഷാജി പ്രേക്ഷകരോട് പറയുന്നു.

    കടലും കായലും ഈ ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു. മഴയും പുഴയും ദൃശ്യങ്ങള്‍ക്ക് ഊടും പാവുമാകുന്നു. മികച്ച ഛായാഗ്രാഹകന്‍ കൂടിയായ ഷാജി, കേരളത്തിന്റേതു മാത്രമായ പ്രകൃതിയുടെ ഈ അപൂര്‍വസങ്കലനത്തെ തിരശീലയിലെത്തിക്കുമ്പോള്‍ ഇന്നോളം കാണാത്ത ഒരു ചലച്ചിത്രവിരുന്നാകും കുട്ടിസ്രാങ്ക്.

    പത്മപ്രിയയ്ക്കു പുറമെ പഞ്ചാബി നടി കമലീന മുഖര്‍ജി, ശ്രീലങ്കന്‍ നടി മീരാ കുമാരി എന്നിവരും കുട്ടിസ്രാങ്കില്‍ നായികാപ്രാധാന്യമുളള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരുടെ പട്ടികയില്‍ ഇടമുളള സായികുമാറും സിദ്ധിഖുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    എട്ടുവര്‍ഷത്തിനു ശേഷമാണ് ഷാജി എന്‍ കരുണിന്റെ ഒരു ചിത്രം പുറത്തിറങ്ങുന്നത്. 1950 കാലഘട്ടത്തില്‍ നടക്കുന്ന ഈ കഥ കുറേ വര്‍ഷങ്ങളായി തന്റെ മനസില്‍ കിടന്നു വീര്‍പ്പുമുട്ടുകയായിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു.

    കുട്ടിസ്രാങ്കിന് മറ്റൊരു പ്രത്യേകതയുമുണ്ട്. മലയാളത്തില്‍ ആദ്യമായി ഒരു വനിത ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രമാണിത്. ഉത്തര്‍പ്രദേശുകാരിയായ അഞ്ജലി ശുക്ലയാണ് കാമറ കൈകാര്യം ചെയ്യുന്നത്. പ്രഗത്ഭ ഛായാഗ്രാഹകനായ സന്തോഷ് ശിവന്റെ ശിഷ്യയായ ഇവര്‍ക്ക് പൂനാ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഛായാഗ്രഹണകലയില്‍ നേടിയ ബിരുദവുമുണ്ട്.

    സിനിമാ നിര്‍മ്മാണത്തിലും തങ്ങളുടെ സാന്നിദ്ധ്യമറിയിക്കാന്‍ തീരുമാനിച്ച റിലയന്‍സ് ഗ്രൂപ്പിന്റെ ആദ്യ മലയാള ചിത്രമാണ് കുട്ടിസ്രാങ്ക്. പ്രൊഫഷണല്‍ സിനിമാ നിര്‍മ്മാണത്തിന്റെ ചിട്ടവട്ടങ്ങള്‍ മലയാളത്തിലേയ്ക്ക് എത്തുന്ന ആദ്യവഴി കൂടിയാണ് ഈ ചിത്രം.

    അഷ്ടമുടിക്കായലാണ് പ്രധാന ലൊക്കേഷന്‍. ഇതിനു പുറമേ, കുന്ദാപുര, പൂത്തോട്ട എന്നിവിടങ്ങളിലും കുട്ടിസ്രാങ്ക് ചിത്രീകരിക്കും. മൂന്നു ഘട്ടങ്ങളിലായി സിനിമ പൂര്‍ത്തിയാകുമെന്ന് പ്രോഡക്ഷന്‍ കോഓര്‍ഡിനേറ്റര്‍ അരോമ മോഹന്‍ പറയുന്നു.

    ബന്ധപ്പെട്ട വാര്‍ത്തകള്‍






    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X