'അയക്കേണ്ട സിനിമയെ തഴഞ്ഞു, എന്തിനാണീ കമ്മിറ്റി?'; ലാപതാ ലേഡീസ് പുറത്തായതിന് പിന്നാലെ വിമർശനം
കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് ഓസ്കാർ 2025 ലേക്കുള്ള ഷോർട്ട് ലിസ്റ്റിൽ ഇടം പിടിച്ചില്ല. മികച്ച അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിലേക്കായിരുന്നു ലാപത ലേഡീസ് പരിഗണിച്ചത്. എന്നാൽ ചൊവ്വാഴ്ച അക്കാദമി ഈ വിഭാഗത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്ത സിനിമകളിൽ ലാപതാ ലേഡീസ് ഇല്ല. ഇന്ത്യൻ ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ കഥ പറഞ്ഞ ചിത്രമാണ് ലാപതാ ലേഡീസ്. ആമിർ ഖാൻ നിർമണത്തിൽ പങ്കാളിയായ ചിത്രത്തിന് ഏറെ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. ഒടിടി റിലീസിന് ശേഷം ചിത്രം ഇന്ത്യയൊട്ടുക്കും ചർച്ചയായി.
ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രിയായ ചിത്രം പുറത്തായതിൽ പ്രേക്ഷകർ നിരാശയിലാണ്. സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് പല അഭിപ്രായങ്ങളും വരുന്നുണ്ട്. ഓസ്കാർ എൻട്രിക്കായി സിനിമ തെരഞ്ഞെടുത്തതിൽ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് തെറ്റ് പറ്റിയെന്ന വാദം ശക്തമാണ്. ലാപതാ ലേഡീസിനേക്കാൾ പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രമായിരുന്നു ഔദ്യോഗിക എൻട്രിയായി അയക്കേണ്ടതെന്ന അഭിപ്രായം വരുന്നുണ്ട്.

ഓൾ വി ഇമാജിൻ ആസ് ലൈറ്റിനെ എഫ്എഫ്ഐ തഴഞ്ഞെന്നും കമ്മിറ്റിൽ അഴിച്ച് പണി അനിവാര്യമാണെന്നും വിമർശകർ വാദിക്കുന്നു. എഫ്എഫ്ഐയെ കുറ്റപ്പെടുത്തി ബോളിവുഡ് സംവിധായകൻ ഹൻസൽ മെഹ്തയും രംഗത്ത് വന്നിട്ടുണ്ട്. ഇത്തവണയും എഫ്എഫ്ഐയുടെ ഓസ്കാർ എൻട്രി സെലക്ഷൻ തെറ്റിയെന്നാണ് ഇദ്ദേഹം പറയുന്നത്.
ഇതാദ്യമായല്ല ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് നേരെ ആക്ഷേപം വരുന്നത്. സമീപ വർഷങ്ങളിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി സെലക്ഷനുകളിൽ വിവാദത്തിലായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ അഴിച്ച് പണി വേണമെന്ന ആവശ്യം ശക്തമാകുന്നത്. സിനിമയെ മനസിലാക്കുന്നവർ കമ്മിറ്റിയിലേക്ക് വരണമെന്നാണ് ഉയരുന്ന ആവശ്യം.
പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റിൽ മലയാളി നടിമാരായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് പ്രധാന വേഷം ചെയ്തത്. കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടിയ ചിത്രം ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനും ക്രിട്ടിക് ചോയ്സ് അവാർഡ്സിനും നോമിനേഷൻ നേടി.


Click it and Unblock the Notifications











