നയന്‍താരയുടെ മലയാളം സൂപ്പറാണെന്ന് ആരാധകര്‍; 18 വര്‍ഷം മുന്‍പുള്ള താരത്തിന്റെ ആദ്യ അഭിമുഖം
സൗത്ത് ഇന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തെന്നിന്ത്യയുടെ താരറാണിപ്പട്ടം അലങ്കരിക്കുന്ന നയന്‍താരയെ തമിഴ് മക്കള്‍ ഒന്നടങ്കം ആരാധനയോടെ തലൈവി എന്ന് വിളിക്കുമ്പോള്‍ അത് മലയാളികള്‍ക്കും അഭിമാനമാണ്.
ഗ്ലാമറിന് പ്രാധാന്യമുള്ള വേഷങ്ങള്‍ തെരഞ്ഞെടുത്താണ് ആദ്യകാലത്ത് നയന്‍താര തമിഴകത്ത് തിളങ്ങിയത്. പിന്നീട് അഭിനയപ്രാധാന്യമുള്ളതും സ്ത്രീകേന്ദ്രിതവുമായ വേഷങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കി.

2003-ല്‍ സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെയിലെ ഗൗരിയായി സിനിമാലോകത്തെത്തിയ തിരുവല്ലാക്കാരി ഡയാന മേരി കുര്യന്‍ ഇന്നത്തെ നയന്‍താരയിലേക്ക് വളര്‍ന്ന വഴി കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയുമാണ്. 'സിനിമയില്‍ വരുമെന്നോ തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയാകുമെന്നോ ഒന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. നാളെ എന്താകുമെന്ന് ഞാന്‍ ഓര്‍ക്കാറുമില്ല.' നയന്‍താര പറയുന്നു.
സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെക്കു ശേഷം നയന്‍താര അഭിനയിച്ച ചിത്രമായിരുന്നു വിസ്മയത്തുമ്പത്ത്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും മുകേഷുമാണ് പ്രധാന വേഷത്തിലെത്തിയത്. ആ സമയത്ത് നയന്‍താര മലയാളത്തിലെ ഒരു മാധ്യമത്തിന് നല്‍കിയ ഒരഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
മലയാളത്തിലെ ഒരു പുതുമുഖ അഭിനേത്രി ആണെന്ന തോന്നല്‍ പോലുമില്ലാതെ വളരെ പക്വതയോടെയും നല്ല മലയാളത്തിലും സംസാരിക്കുന്ന നയന്‍താരയെക്കണ്ട് ആരാധകര്‍ക്ക് അമ്പരപ്പാണ്. അഭിമുഖത്തില്‍ സംവിധായകരായ സത്യന്‍ അന്തിക്കാടിന്റെയും ഫാസിലിന്റെയും ശിക്ഷണത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന നയന്‍താര അവര്‍ക്കൊപ്പമുള്ള സിനിമകള്‍ വളരെ നല്ല അനുഭവമാണെന്ന് പറയുന്നു. നൃത്തമോ പാട്ടോ ഒന്നും താന്‍ മുന്‍പ് പഠിച്ചിട്ടില്ലെന്നും വേണ്ടിവന്നാല്‍ ചെയ്യുമെന്നായിരുന്നു അവതാരകന്റെ ചോദ്യത്തിന് നയന്‍താരയുടെ മറുപടി. സിനിമാരംഗത്തേക്ക് എങ്ങനെ കടന്നുവന്നുവെന്നും നയന്‍താര അഭിമുഖത്തില്‍ പറയുന്നുണ്ട്.

ആരും കൊതിക്കുന്ന സ്വപ്‌നതുല്യമായ ഒരു വളര്‍ച്ചയാണ് നയന്‍താരയുടേത്. പുരുഷന്‍മാര്‍ മാത്രം വാഴുന്ന തമിഴ് സിനിമാലോകത്ത് തന്റേതായ ഇടം നേടിയെടുക്കാന്‍ നയന്‍താരയ്ക്ക് സാധിച്ചിട്ടുണ്ട്. അതിനു പിന്നിലെ പ്രയത്‌നവും ചെറുതല്ല.
സൂപ്പര്‍ താരമായിരിക്കുമ്പോഴും മാധ്യമങ്ങളോടും അഭിമുഖങ്ങളോടും അകലം പാലിക്കുന്ന വ്യക്തിയാണ് നയന്‍താര. പുരസ്‌കാരദാന ചടങ്ങുകള്‍ പോലെയുള്ള ചുരുക്കം ചില പൊതുപരിപാടികള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ അഭിമുഖങ്ങളിലോ പ്രമോഷന്‍ പരിപാടികളിലോ നയന്‍താര എത്താറില്ല. ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് അടുത്തിടെ കോഫി വിത്ത് ഡിഡിയില്‍ നയന്‍താര ഒരഭിമുഖത്തിന് സമ്മതിച്ചത് തന്നെ.
എന്തുകൊണ്ടാണ് താന്‍ അഭിമുഖങ്ങളോടും പ്രമോഷന്‍ പരിപാടികളോടും അകലം പാലിക്കുന്നത് എന്ന് മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട് നയന്‍താര. തന്റെ കരിയറിന്റെ തുടക്കത്തില്‍ മാധ്യമങ്ങള്‍ തന്നെ വളരെ തെറ്റായി ചിത്രീകരിച്ചിട്ടുണ്ടെന്നും അതുമൂലം തനിക്ക് പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ടെന്നുമാണ് നയന്‍താര പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം.

'ആരംഭകാലത്ത് എന്നെ മാധ്യമങ്ങള്‍ വളരെ തെറ്റായി ചിത്രീകരിച്ചിട്ടുണ്ട്. അതിനാല്‍ ധാരാളം പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. അഭിമുഖം വരുമ്പോള്‍ അതില്‍ എന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ വരും. ഞാന്‍ ചിന്തിക്കുന്നതിനെക്കുറിച്ചും പറയേണ്ടി വരും. എന്നാല്‍ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ തന്റേതായി മാത്രം ഇരിക്കണമെന്നതാണ് ആഗ്രഹം. അതുപോലെതന്നെ ഞാന്‍ ചിന്തിക്കുന്നത് എന്താണ് എന്നുള്ളത് ലോകം അറിയുന്നതില്‍ എനിക്ക് താല്പര്യമില്ല'' എന്നായിരുന്നു നയന്‍താരയുടെ തുറന്നുപറച്ചില്‍.
സിനിമയെ കുറിച്ച് പറയുകയാണെങ്കില്‍ അഭിനയം തനിക്ക് ജോലി മാത്രമാണെന്നും അതുകൊണ്ട് അഭിനയിക്കുന്ന സിനിമകള്‍ മാത്രം സംസാരവിഷയമായാല്‍ മതിയെന്നും വിചാരിക്കുന്ന ആളാണ് താനെന്നും നയന്‍താര പറയുന്നു. അതിനാലാണ് മീഡിയ, പ്രൊമോഷന്‍ എന്നിവയില്‍ നിന്നെല്ലാം ഒഴിഞ്ഞു മാറി നില്‍ക്കുന്നതെന്നും താരം വ്യക്തമാക്കി.
തമിഴിലേയും തെലുങ്കിലേയും തിരക്കേറിയ നടിയാണ് നയന്‍താര. എന്നാല്‍ ഇപ്പോഴും മലയാളത്തില്‍ അഭിനയിക്കാന്‍ നയന്‍താര ശ്രദ്ധിക്കുന്നുണ്ട്. മലയാളത്തില്‍ നിന്നും നല്ല വേഷങ്ങള്‍ ലഭിക്കുമ്പോഴൊന്നും നയന്‍താര നോ പറയാറില്ല.
എത്ര തിരക്കുണ്ടെങ്കിലും മലയാളത്തില്‍ സിനിമകള്‍ ചെയ്യാന്‍ സമയം കണ്ടെത്തുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും നയന്‍താര മറുപടി പറയുന്നുണ്ട്. നാമെത്ര എത്ര വളര്‍ന്നുകഴിഞ്ഞാലും മാതൃഭാഷയെ മറക്കുവാന്‍ പാടില്ലെന്നും തന്നെ ഒരു നടിയാക്കിയ മലയാള സിനിമയെ ഒരിക്കലും മറക്കില്ലെന്നും നയന്‍താര പറയുന്നു.
സൂപ്പര്‍താര പദവിയിലേക്കുയര്‍ന്ന നയന്‍താരയുടെ പ്രതിഫലവും ഉയര്‍ന്നതുതന്നെയാണ്. എന്നാല്‍ മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ സിനിമയുടെ ബജറ്റ് അനുസരിച്ചേ താരം പ്രതിഫലം വാങ്ങാറുള്ളൂ എന്നാണ് സിനിമാമേഖലയുമായി അടുപ്പമുള്ളവര്‍ പറയുന്നത്.
2005-ലാണ് അയ്യാ എന്ന സിനിമയില്‍ ശരത് കുമാറിന്റെ നായികയായി തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നയന്‍സിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അഭിനയിച്ച നായികാപ്രാധാന്യമുള്ള ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസ് ഹിറ്റുകളായിരുന്നു. രജനീകാന്ത്, അജിത്, വിജയ്, സൂര്യ, വിക്രം, ധനുഷ് തുടങ്ങി മുന്‍നിര താരങ്ങളുടെയും നായികയായി നിരവധി ചിത്രങ്ങളിലാണ് നയന്‍താര വേഷമിട്ടത്.
പ്രേമത്തിനു ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡിലാണ് നയന്‍താര ഒടുവില്‍ അഭിനയിച്ചിരിക്കുന്നത്. പൃഥ്വിരാജാണ് നായകന്‍.


Click it and Unblock the Notifications