ലൈല ഓ ലൈല വീണ്ടുമെത്തുന്നു
മോഹന്‍ലാല്‍ ഫാന്‍സുകാര്‍ക്ക് സന്തോഷിക്കാന്‍ ഒരു വാര്‍ത്ത കൂടി. ലാലും ജോഷിയും ഒന്നിക്കുന്ന ലൈല ഓ ലൈല വീണ്ടും തുടങ്ങുന്നു. കഹാനി എന്ന ഹിന്ദി സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുരേഷ് നായര്‍ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം ബജറ്റ് കൂടി പോയതിന്റെ പേരില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നതായിരുന്നു. എന്നാല്‍ ചിത്രം നിര്‍മിക്കാന്‍ പ്രണവം മേനോന്‍ തയാറായതോടെ ലൈല ഓ ലൈലയ്ക്ക് ജീവന്‍ വച്ചു.
ലോക്പാല്‍ എന്ന ചിത്രത്തിനു ശേഷം ലാലും ജോഷിയും ഒന്നിക്കുന്ന ചിത്രം കോമഡി-ആക്ഷന്‍ ട്രാക്കിലാണ് ഒരുക്കുന്നത്. അമല പോള്‍ ആയിരുന്നു ആദ്യം നായികയായി കാസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ വിവാഹം ഉറപ്പിച്ച അമല വീണ്ടും അഭിനയിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഫൈന്‍ കട്ട് മൂവീസ് ആയിരുന്നു ആദ്യം ചിത്രം നിര്‍മിക്കാമെന്നേറ്റിരുന്നത്. ബോളിവുഡ് ചിത്രങ്ങള്‍ക്ക് കഥയൊരുക്കുന്ന സുരേഷിന്റെ ബജറ്റ് അവര്‍ക്കു താങ്ങാന്‍ പറ്റുന്നതായിരുന്നില്ല. കഹാനി, ഡി ഡെ എന്നീ ഹിറ്റ് ചിത്രങ്ങളെല്ലാം ഒരുക്കിയത് സുരേഷ് നായരായിരുന്നു.
ഹിന്ദിയില്‍ പ്രവേശിക്കുന്നതിനു മുന്‍പേ സുരേഷ് ഒരുകഥയുമായി ലാലിനെ സമീപിച്ചിരുന്നു. എന്നാല്‍ സംഭവം നടന്നില്ല. പിന്നീടാണ് കഹാനിവരുന്നത്. അതോടെ സുരേഷ് നായരുടെ നല്ല സമയം തെളിഞ്ഞു.
റണ്‍ ബേബിക്കു ശേഷം ലാലും അമലയും ഒന്നിക്കാനിരുന്ന ചിത്രമായിരുന്നു ഇത്. പണമെത്രയായാലും നിര്‍മിക്കാന്‍ തയാറാണെന്ന നിലയിലാണ് പ്രണവം മേനോന്‍ എത്തിയിരിക്കുന്നത്. ലോക്പാലില്‍ ഏറ്റ നഷ്ടം നികത്താന്‍ ലാലും ജോഷിയും ഈ ചിത്രത്തില്‍ ശ്രമിക്കും. ഇപ്പോള്‍ ദിലീപിനെ നായകനാക്കി അവതാരം എന്ന ചിത്രമൊരുക്കുകയാണ് ജോഷി. മോഹന്‍ലാല്‍ പെരുച്ചാഴിയിലും അഭിനയിക്കുന്നു. ലൈല ഓ ലൈല എന്നു തുടങ്ങുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സത്യരാജ് ആയിരിക്കും വില്ലന്‍ വേഷം ചെയ്യുക.


Click it and Unblock the Notifications