ഇന്ദ്രന്‍സിന്റെ നായികയാവില്ലെന്ന് ലക്ഷ്മി
തങ്ങള്‍ പ്രൊഫഷണലായിട്ടാണ് കാര്യങ്ങളെ സമീപിയ്ക്കുന്നതെന്ന് പൊതുവേ പല നടിമാരും നടന്മാരും പറയാറുണ്ടെങ്കിലും അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ എന്ന മട്ടിലാണ് പലരുടെയും കാര്യങ്ങള്‍. മുന്‍നിരക്കാരായ സുന്ദരന്മാരായ നടന്മാര്‍ക്കൊപ്പമല്ലാതെ നായികവേഷത്തിലെത്താന്‍ പലപ്പോഴും നടിമാര്‍ മടികാണിയ്ക്കാറുണ്ട്. ചില നായികമാരുടെ കൂടെ അഭിനയിക്കില്ലെന്ന് നായകനടന്മാരും കടുംപിടുത്തം പിടിക്കാറുണ്ട്.
മുമ്പ് കലാഭാവന്‍ മണി നായകനായ ചിത്രത്തില്‍ അഭിനയിക്കാന്‍ പല നായികമാരും തയ്യാറാകാതിരുന്നതും ഒടുക്കം നടി രംഭ ആ റോള്‍ സ്വീകരിച്ചതുമെല്ലാം വലിയ വാര്‍ത്തകളായിരുന്നു. അന്ന് സിനിമാലോകത്ത് നിലനില്‍ക്കുന്ന ജാതി വേര്‍തിരിവുകളും അയിത്തവും വരെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇത്തരത്തില്‍ വീണ്ടുമൊരു ചിത്രത്തിലേയ്ക്ക് നായികമാരെ കിട്ടാതെ പ്രതിസന്ധിയുണ്ടായിരിക്കുകയാണ്.

ആര്‍ ശരത് സംവിധാനം ചെയ്യുന്ന ബുദ്ധന്‍ ചിരിക്കുന്നു എന്ന ചിത്രമാണ് പ്രശ്‌നത്തിലായിരിക്കുന്നത്. ചിത്രത്തില്‍ നായകനായി എത്തുന്നത് ഇന്ദ്രന്‍സാണ്. ഇന്ദ്രന്‍സാണ് നായകനെന്ന കാരണത്താല്‍ രണ്ട് നടിമാരാണ് ചിത്രം ഉപേക്ഷിച്ചിരിക്കുന്നത്. ആദ്യം ആര്‍ ശരത് സമീപിച്ചത് നടിയും നര്‍ത്തകിയുമായ ആശ ശരത്തിനെയായിരുന്നു. എന്നാല്‍ ഇന്ദ്രന്‍സിനൊപ്പം അഭിനയിച്ചാല്‍ ഇമേജ് ഇടിയുമെന്ന് പറഞ്ഞ് ആശ ചിത്രം നിരസിച്ചു.
പിന്നാലെ ശരത് സമീപിച്ചത് നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയെയാണ്. ഇപ്പോല്‍ സിനിമയില്‍ വലിയ തിരക്കില്ലാത്ത താരമാണ് ലക്ഷ്മി. നല്ല ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ശരത്തിന്റെ ഓഫര്‍ വന്നപ്പോള്‍ ലക്ഷ്മി സന്തോഷിച്ചു. പൂജക്ക് എത്താമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ പൂജയുടെ തലേന്ന് താന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് ലക്ഷ്മി ശരത്തിനെ വിളിച്ചറിയിച്ചു. ഇന്ദ്രജിത്തിന്റെ നായികയായിട്ടാണ് അഭിനയിക്കാന്‍ പോകുന്നതെന്നാണ് വിചാരിച്ചതെന്നും ഇന്ദ്രന്‍സാണ് നായകനെന്ന് പിന്നെയാണ് മനസിലാക്കിയതെന്നുമാണ് പിന്‍മാറുന്നതിന് കാരണമായി ലക്ഷ്മി ശരത്തിനോട് പറഞ്ഞതത്രേ.
ഇന്ദ്രന്‍സിന് പകരം ഇന്ദ്രജിത്തിനെ നായകനാക്കിക്കൂടേയെന്നായിരുന്നുവത്രേ ലക്ഷ്മി ഗോപാലസ്വാമിയുടെ അടുത്ത ചോദ്യം. ഇന്ദ്രജിത്താണ് നായകനെങ്കില്‍ എത്ര കുറച്ച് പ്രതിഫലത്തിനും താന്‍ അഭിനയിക്കാമെന്നുവരെ ലക്ഷ്മി പറഞ്ഞുകളഞ്ഞു. പക്ഷേ ഇതിന് മുന്നില്‍ സംവിധായകന്‍ ശരത് ഇളകിയില്ല.
ചാര്‍ളി ചാപ്ലിനെ സ്വപ്‌നം കണ്ട് അദ്ദേഹത്തോടെ ജീവിക്കാനും പ്രശസ്തനാകാകും ശ്രമിക്കുന്ന ഒരു നടന്റെ വേഷമാണ് ഈ ചിത്രത്തില്‍ ഇന്ദ്രന്‍സ് ചെയ്യുന്നത്. ചാപ്ലിനെപ്പോലെ ഇന്ദ്രന്‍സിനും ഈ ചിത്രത്തില്‍ 3 ഭാര്യമാരുണ്ട്. ഇക്കൂട്ടത്തില്‍ ഒരാളായി എത്തുന്നത് നടി പ്രവീണയാണ്.


Click it and Unblock the Notifications











