ലാല്‍ ജോസിന്റെ 'നീന'യില്‍ നായികയെത്തി; നടി മുംബൈയില്‍ നിന്നും
കൊച്ചി: ശക്തമായ സ്ത്രീ കഥാപാത്രങ്ങളുമായി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ 'നീന' യിലെ നായികയെ ഒടുവില്‍ കണ്ടെത്തി. മുംബൈ സ്വദേശിയും പാതി മലയാളിയുമായ ദീപ്തി സതി എന്ന പെണ്‍കുട്ടിയാണ് ലാല്‍ ജോസ് നീനയായി അവതരിപ്പിക്കുന്ന നായിക. രണ്ടു നായികമാരുള്ള സിനിമയില്‍ ആന്‍ അഗസ്റ്റിന്‍ ആണ് മറ്റൊരു നടി.
ഏറെക്കാലത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ലാല്‍ ജോസ് നീനയിലെ നായികയെ കണ്ടെത്തിയത്. ഫാഷന്‍ ഫൊട്ടോഗ്രാഫറായ റെജി ഭാസ്‌ക്കര്‍ ആണ് ദീപ്തിയെ ആദ്യം ലാല്‍ ജോസിന് പരിചയപ്പെടുത്തുന്നത്. മോഡലിംഗ് രംഗത്ത് സജീവമാകാന്‍ ആഗ്രഹിക്കുന്ന ദീപ്തി അനുപംഖേറിന്റെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിദ്യാര്‍ഥിനിയാണ്.

ദീപ്തിയുടെ അച്ഛന്‍ ഉത്തരേന്ത്യന്‍ സ്വദേശിയും അമ്മ എറണാകുളം സ്വദേശിനിയും ആണ്. നേരത്തെ ലാല്‍ ജോസ് സിനിമയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയിട്ടുള്ള നായികമാരെല്ലാം പിന്നീട് മലയാള സിനിമയില്‍ തങ്ങളുടേതായി സ്ഥാനം ഉറപ്പിച്ചവരാണ്. കാവ്യ മാധവന്‍, സംവൃത സുനില്‍, ആന്‍ അഗസ്റ്റിന്‍, മീര നന്ദന്‍, റീനു മാത്യൂസ് തുടങ്ങിയവരെയെല്ലാം ലാല്‍ ജോസിന്റെ കണ്ടെത്തലാണെന്നു പറയാം.
വളരെ ബോള്‍ഡ് ആയിട്ടുള്ള നായികാ കഥാപാത്രങ്ങളാണ് നീനയിലേതെന്ന് ലാല്‍ ജോസ് നേരത്തെ സൂചന നല്‍കിയിരുന്നു. നീനയെന്നും നളിനിയെന്നും പേരുള്ള രണ്ടു കഥാപാത്രങ്ങളുടെ പേരിന്റെ ആദ്യത്തെ അക്ഷരം ചേര്‍ത്താണ് ടൈറ്റില്‍ ഉണ്ടാക്കിയത്. വിജയ് ബാബു ആണ് ചിത്രത്തിലെ നായകന്‍.വേണുഗോപാല്‍ ആര്‍ ആണ് ലാല്‍ജോസിന്റെ എല്‍ജെ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന. ആന്‍ ആഗസ്റ്റിന്റെ ഭര്‍ത്താവുകൂടിയായ ജോമോന്‍ ടി ജോണ്‍ ക്യാമറ കൈകാര്യം ചെയ്യുന്നു.


Click it and Unblock the Notifications











