31 വയസുകാരന്റെ സ്വപ്‌നത്തിനൊപ്പം മമ്മൂട്ടി; ജീവിതത്തിലെ റൂട്ട് മാറിയ നിമിഷത്തെ കുറിച്ച് ലാല്‍ ജോസ്
മെഗാസ്റ്റാര്‍ മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ചഭിനയിക്കുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയോടെയാണ് ദി പ്രീസ്റ്റ് വരുന്നത്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് നാലിന് തിയറ്ററുകളിലേക്ക് എത്തും. സിനിമയുടെ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. മമ്മൂട്ടി, മഞ്ജു വാര്യര്‍, നിഖില വിമല്‍, സാനിയ അയ്യപ്പന്‍ തുടങ്ങിയവരൊക്കെയാണ് പോസ്റ്ററിലുള്ളത്. സംവിധായകന്മാരായ ലാല്‍ ജോസും ഹനീപ് അദേനിയുമടക്കമുള്ളവര്‍ സിനിമയ്ക്ക് ആശംസകള്‍ അറിയിച്ചും എത്തിയിട്ടുണ്ട്.
'മുപ്പത്തിയൊന്ന് വയസ്സുളള ചെറുപ്പക്കാരന്റെ സിനിമാ സ്വപ്നത്തിനൊപ്പം നില്‍ക്കാന്‍ മമ്മൂട്ടിയെന്ന മഹാനടന്‍ തീരുമാനിച്ചയിടത്താണ് എന്റെ ജീവിതത്തിന്റെ റൂട്ട് മാറുന്നത്. എന്നെ പോലെ സിനിമയുടെ വലിയ കോട്ടവാതിലുകള്‍ക്കപ്പുറത്ത് പകച്ച് നിന്നിരുന്ന എത്രയോ നവാഗത സംവിധായകര്‍ ആ ബലിഷ്ഠമായ കൈപിടിച്ച് ഇപ്പുറം കടന്നിരിക്കുന്നു.

ഇരുപത്തിനാല് കൊല്ലം മുമ്പ് ഒരു ഡിസംബര്‍ മാസത്തില്‍ മറവത്തൂര്‍ കനവിലെ ചാണ്ടിയോട് മൈക്കിലൂടെ ആക്ഷന്‍ പറഞ്ഞപ്പോള്‍ കണ്‍മുമ്പില്‍ മഹാനടന്‍ ഞങ്ങളുടെ കഥാപാത്രമായി മാറുമ്പോള്‍ ഉളളില്‍ മുഴങ്ങിയ പ്രാര്‍ത്ഥനകള്‍. അതേ ഗുരുത്വ ചിന്തയോടെ ഇക്കുറി മമ്മൂക്ക അവതരിപ്പിക്കുന്ന നവാഗത സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോക്ക് എല്ലാ വിജയാശംസകളും നേരുന്നു. പ്രിയ ജോഫിന്‍, ഏറെ കൈപ്പുണ്യമുളള കയ്യാണ് നിനക്ക് കൈ തന്നിരിക്കുന്നത്. തുടക്കം പൊന്നാകട്ടെ! ഇതാ ''ദി പ്രീസ്റ്റിന്റെ'' പോസ്റ്റര്‍... എന്നുമാണ് ലാല്‍ ജോസ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
ദി ഗ്രേറ്റ് ഫാദര്‍ സംവിധായകനായ ഹനീഫ് അദേനിയും പ്രീസ്റ്റിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ്. 'സംവിധായകനാവുന്നത് മുന്‍പ് തന്നെ വളരെ അടുത്തറിയുന്ന ആളാണ് ജോഫിന്‍. മമ്മുക്കയും മഞ്ജു വാര്യരും ഒന്നിക്കുന്നത് ജോഫിന്റെ സിനിമയിലായത് സന്തോഷം നല്‍കിയ കാര്യമായിരുന്നു. എനിക്ക് ഒരുപാട് പ്രതീക്ഷയുള്ള ഒരു സിനിമയാണ് ദി പ്രീസ്റ്റ്. ഞാന്‍ ഉള്‍പ്പെടെ ഒരുപാട് സംവിധായകരെ സിനിമയിലേക്ക് കൈ പിടിച്ചുയര്‍ത്തിയ മമ്മുക്കയുടെ സിനിമയിലൂടെ സംവിധായകനായി അരങ്ങേറുന്ന ജോഫിനും, പ്രീസ്റ്റ് സിനിമക്കും എന്റെ ആശംസകള്‍.. ഹനീഫ് പറയുന്നു.


Click it and Unblock the Notifications