ജൂനിയര്‍ ലാലിന്റെ മമ്മൂട്ടിച്ചിത്രം 'ഡ്രൈവിങ് ലൈസന്‍സ്'
യുവസംവിധായകന്‍ ജൂനിയര്‍ ലാലിന്റെ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചലച്ചിത്ര വൃത്തങ്ങളില്‍ സജീവമാണ്. ഒരു അഭിമുഖത്തില്‍ നടന്‍ ലാല്‍ തന്നെയാണ് മകന്റെ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നുവെന്നകാര്യം വെളിപ്പെടുത്തിയത്. ഹായ് അയാം ടോണിയെന്ന പുതിയ ചിത്രത്തിന്റെ റിലീസ് കഴിഞ്ഞാലുടന്‍ ജീന്‍ മമ്മൂട്ടി ചിത്രത്തിന്റെ പണിപ്പുരയിലേയ്ക്ക് കടക്കുമെന്നാണ് അറിയുന്നത്.
ചിത്രത്തിന് ഡ്രൈവിങ് ലൈസന്‍സ് എന്നാണ് പേരിട്ടിരിക്കുന്നത്. കോമഡിയ്ക്കും ആക്ഷനും പ്രാധാന്യം നല്‍കി ത്രില്ലറായിട്ടായിരിക്കും ചിത്രമൊരുക്കുന്നതെന്നാണ് അറിയുന്നത്. ലാലും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ലാല്‍ ജൂനിയര്‍ നല്‍കിയ കഥ ഏറെ വ്യത്യസ്തമാണെന്ന് മനസിലാക്കി മമ്മൂട്ടി ഡേറ്റ് നല്‍കുകയായിരുന്നുവെന്നാണ് കേള്‍ക്കുന്നത്. പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കാന്‍ മമ്മൂട്ടി എന്നും താല്‍പര്യം കാണിയ്ക്കാറുണ്ട്. ലാല്‍ ജൂനിയര്‍ ആണെങ്കില്‍ ആദ്യ ചിത്രമായ ഹണി ബീയിലൂടെതന്നെ തന്റെ കഴിവു തെളിയിച്ചയാളാണ്.

രണ്ടാം ചിത്രം റംസാന്‍ റിലീസായിട്ടാണ് തിയേറ്ററുകളില്‍ എത്തുന്നത്. ഈ ചിത്രം കൂടി വിജയം നേടിയാല്‍ മലയാളത്തിലെ യുവസംവിധായകരില്‍ ലാല്‍ ജൂനിയറിന് മുന്‍നിരയില്‍ത്തന്നെ ഇടംപിടിക്കാന്‍ കഴിയുമെന്നകാര്യത്തില്‍ സംശയമില്ല. മമ്മൂട്ടി നായകനാകുന്ന ചിത്രം ലാലും മമ്മൂട്ടിയും ചേര്‍ന്നായിരിക്കും നിര്‍മ്മിക്കുകയെന്നും സൂചനയുണ്ട്.


Click it and Unblock the Notifications











