ലാല്‍ ഭീമന്‍, മുകേഷ് കീചകന്‍
കാവാലം നാരായണപ്പണിക്കര്‍ സംവിധാനം ചെയ്ത കര്‍ണഭാരം എന്ന നാടകത്തിലെ മോഹന്‍ലാലിന്റെ കര്‍ണനായുള്ള അഭിനയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സിനിമയില്‍ നിന്ന് നാടകത്തിലേക്കുള്ള കളംമാറ്റം വീണ്ടും മോഹന്‍ലാല്‍ തുടരുകയാണ്. മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കുന്ന ഛായാമുഖി എന്ന നാടകത്തിന്റെ പ്രദര്‍ശനം മാര്‍ച്ച് 12ന് തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ ഹാളില്‍ നടക്കും.
മോഹന്‍ലാലിനൊപ്പം മുകേഷും ഈ നാടകത്തില്‍ ഒരു പ്രധാന കഥാപാത്രമായി വേഷമിടുന്നുണ്ട്. മോഹന്‍ലാല്‍ ഭീമനാവുമ്പോള്‍ മുകേഷ് കീചകനായാണ് അഭിനയിക്കുന്നത്. ഛായാമുഖി എന്ന് പേരിട്ടിരിക്കുന്ന നാടകം സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് നാരായണനാണ്.
ഒരാള്‍ നോക്കുമ്പോള്‍ അയാളുടെ യഥാര്‍ഥ പ്രണയത്തിന്റെ പ്രതിബിംബം തെളിയുന്ന മായക്കണ്ണാടിയാണു ഛായാമുഖി. അജ്ഞാത വാസക്കാലത്ത് ഹിഡുംബി ഭീമനു സമ്മാനിക്കുന്നതാണ് ഈ കണ്ണാടി. ഛായാമുഖിയില്‍ ഭീമന്‍ നോക്കുമ്പോള്‍ പാഞ്ചാലിയും പാഞ്ചാലി നോക്കുമ്പോള്‍ അര്‍ജുനനുമാണ് കണ്ണാടിയില്‍ തെളിയുന്നത്. അപ്രതീക്ഷിതമായി വിരാടത്തിലെ കവിയും സേനാധിപനുമായ കീചകന്റെ കൈയില്‍ ഈ കണ്ണാടിയെത്തുമ്പോള്‍ സംഭവിക്കുന്നത് മറ്റൊന്നാണ്. മഹാഭാരതം കഥയുള്‍ക്കൊണ്ട് പ്രശാന്ത് നാരായണന്‍ രചിച്ച ഛായാമുഖിയില്‍ അപര്‍ണാ നായരാണു പാഞ്ചാലിയായി വേഷമിടുന്നത്. നിവേദ്യം എന്ന ചിത്രത്തിലെ ഉപ നായികയായി സിനിമയിലെത്തിയ നടിയാണ് അപര്‍ണ.
രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകത്തില്‍ നടന്‍ മുകുന്ദന്‍, ഹരിശാന്ത് എന്നിവരുള്‍പ്പെടെ 26 കലാകാരന്‍മാര്‍ അണിനിരക്കുന്നുണ്ട്.


Click it and Unblock the Notifications