അമിത പ്രതിഫലം പറ്റുന്നില്ലെന്ന് മോഹന്‍ലാല്‍
അമിത പ്രതിഫലം പറ്റുന്നില്ലെന്ന് മോഹന്‍ലാല്‍
ആഗസ്ത് 18, 2000
തിരുവനന്തപുരം: താരങ്ങള്‍ അമിത പ്രതിഫലം പറ്റുന്നതുകൊണ്ട് മലയാള ചലച്ചിത്രരംഗം പ്രതിസന്ധിയിലാണെന്ന ആരോപണം മോഹന്‍ലാല്‍ നിഷേധിച്ചു.
22 വര്‍ഷമായി ഞാന്‍ ചലച്ചിത്രരംഗത്തുണ്ട്. അമിത പ്രതിഫലം വാങ്ങുന്നുവെന്ന് പറഞ്ഞ് തന്നെ ഇതുവരെ ആരും കുറ്റപ്പെടുത്തിയിട്ടില്ല. പ്രതിഫലം വാങ്ങുന്നത് എന്റെ അവകാശമാണ്. മാത്രമല്ല പല ചിത്രങ്ങളിലും ഞാന്‍ പ്രതിഫലം കൂടാതെ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു ചിലപ്പോള്‍ എനിക്ക് വാഗ്ദാനം ചെയ്ത പ്രതിഫലം തന്നിട്ടുമില്ല, മോഹന്‍ലാല്‍ പറഞ്ഞു.
താരങ്ങള്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് സര്‍വസാധാരണമാണ്. അതുകാരണം ചലച്ചിത്രരംഗം പ്രതിസന്ധിയിലാണെന്ന് പറയുന്നത് ശരിയല്ല - അദ്ദേഹം വ്യക്തമാക്കി.
മലയാള സിനിമയിലേക്ക് പുതിയ നായികമാരൊന്നും വരാത്തതില്‍ മോഹന്‍ലാല്‍ അത്ഭുതം പ്രകടിപ്പിച്ചു. പെണ്‍കുട്ടികള്‍ സിനിമാരംഗത്തേക്കു വരാതിരിക്കുന്നതെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മറ്റു ഭാഷകളില്‍ ഇതല്ല സ്ഥിതി. മലയാള സിനിമയില്‍ പുതിയ സ്ത്രീമുഖങ്ങള്‍ വരുമെന്ന് നമുക്ക് പ്രത്യാശിക്കാം-മോഹന്‍ലാല്‍ പറഞ്ഞു.
എല്ലാ സിനിമകളിലെയും കഥാപാത്രങ്ങളെയും വെല്ലുവിളിയോടെയാണ് ഏറ്റെടുക്കുന്നത്. വാനപ്രസ്ഥത്തിലെ കുഞ്ഞുക്കുട്ടനും നരസിംഹത്തിലെ ഇന്ദുചൂഢനും തമ്മില്‍ എനിക്ക് വേര്‍തിരിവില്ല. ചെയ്യുന്ന ജോലി നന്നായി ചെയ്യുക എന്നതാണ് നടന്റെ കര്‍ത്തവ്യം.
അഭിനയരംഗത്ത് താനും മമ്മൂട്ടിയും തമ്മില്‍ മത്സരമൊന്നുമില്ലെന്ന് ലാല്‍ വ്യക്തമാക്കി. ഞങ്ങള്‍ 48 ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി അയാളുടെ റോളും ഞാന്‍ എന്റെ റോളും ഭംഗിയാക്കുന്നു. അല്ലാതെ അഭിനയരംഗം ഗുസ്തിപിടിത്തമൊന്നുമല്ല, ലാല്‍ പറഞ്ഞു.
അന്യഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് മടിയൊന്നുമില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. നല്ലൊരു ഓഫര്‍ വന്നാല്‍ തീര്‍ച്ചയായും ഞാന്‍ സ്വീകരിക്കും. മണിരത്നത്തിന്റെ ഇരുവര്‍ ഇത്തരത്തിലുള്ള ഒന്നായിരുന്നു-ലാല്‍ പറഞ്ഞു.
സിനിമാതാരങ്ങള്‍ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കുന്നതില്‍ തെറ്റൊന്നുമില്ല. മറ്റു ഭാഷകളിലൊക്കെ ഇതു നടക്കുന്നുണ്ട്. ടെലിവിഷനില്‍ പുതിയ സിനിമയുടെ ഗാനരംഗങ്ങളും മറ്റും പ്രദര്‍ശിപ്പിക്കുന്നതു സംബന്ധിച്ച തര്‍ക്കം ഉടന്‍ തന്നെ പരിഹരിക്കും. ഇപ്പോള്‍ സീരിയലുകളൊന്നും നിര്‍മ്മിക്കാന്‍ പദ്ധതിയില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി ലാല്‍ പറഞ്ഞു.


Click it and Unblock the Notifications