കാട്ടുമുല്ല പൂക്കുമ്പോള്‍...
ചാന്തുപൊട്ടിനു ശേഷം അടുത്ത മൂന്ന് ചിത്രങ്ങളില്‍ പതിവുശൈലിയില്‍ നിന്ന് വ്യതിചലിച്ച ലാല്‍ ജോസിനെയാണ് കണ്ടത്. അച്ഛനുറങ്ങാത്ത വീട് വാണിജ്യ സിനിമയുടെ പതിവുചേരുവകളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന ചിത്രമായിരുന്നെങ്കില്‍ ക്ലാസ് മേറ്റ്സും അറബിക്കഥയും താരങ്ങള്‍ക്കായി സിനിമയൊരുക്കുന്ന പൊതുരീതിയില്‍ നിന്ന് മാറിനില്‍ക്കുന്ന ചിത്രങ്ങളായിരുന്നു.
ക്ലാസ് മേറ്റ്സും അറബിക്കഥയും ഹിറ്റുകളായതോടെ ലാല്‍ ജോസ് എന്ന സംവിധായകന്റെ കരിയറില്‍ ആ രണ്ടു ചിത്രങ്ങളും പൊന്‍തൂവലുകളായി. സൂപ്പര്‍താര ചിത്രങ്ങളോട് മത്സരിച്ച് വമ്പന്‍ വിജയം നേടിയ ഈ രണ്ടു ചിത്രങ്ങള്‍ക്കു ശേഷം ലാല്‍ ജോസ് തന്റെ പഴയ ചിത്രങ്ങളുടെ ജനുസിലേക്ക് വീണ്ടും മടങ്ങുകയാണ്. ലാല്‍ ജോസ് അടുത്ത ചിത്രമൊരുക്കുന്നത് അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ മീശ മാധവന്‍ പോലൊരു കംപ്ലീറ്റ് എന്റര്‍ടെയ്നര്‍ ലക്ഷ്യം വച്ചുകൊണ്ടാണ്.
കാട്ടുമുല്ല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മുല്ല എന്ന കഥാപാത്രത്തെ ദിലീപ് അവതരിപ്പിക്കുന്നു. ചാന്തുപൊട്ടിനു ശേഷം ലാല്‍ ജോസും ദിലീപും വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. പുതുമുഖമാണ് നായിക.
കേരളത്തിന്റെയും തമിഴ്നാട്ടിന്റെയും അതിര്‍ത്തിയിലുള്ള ഒരു ചെറിയ പട്ടണത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥയാണ് ലാല്‍ ജോസ് കാട്ടുമുല്ലയില്‍ പറയുന്നത്. മുല്ല ഒരു നിരക്ഷരനായ യുവാവാണ്. നായികക്കും കാര്യമായ വിദ്യാഭ്യാസമില്ല. പട്ടണത്തെ കീറിമുറിച്ചു പോകുന്ന ഒരു തീവണ്ടി പാതയും അതിലൂടെ നീങ്ങുന്ന മീറ്റര്‍ ഗേജ് തീവണ്ടിയും ചിത്രത്തിന്റെ കഥാഗതിയില്‍ പ്രധാനമായി വരുന്നു. ചിത്രത്തിലെ പല പ്രധാന സംഭവങ്ങളും നടക്കുന്നത് തീവണ്ടിയില്‍ വച്ചാണ്.
സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു.


Click it and Unblock the Notifications











