ലാലും ലാല്‍ ജോസും ഒന്നിക്കുന്നു
സൂപ്പര്‍താരങ്ങളില്ലാതെ സൂപ്പര്‍ഹിറ്റുകള്‍ ഉണ്ടാക്കാമെന്ന് തെളിയിച്ച സംവിധായകനാണ് ലാല്‍ ജോസ്. അദ്ദേഹത്തിന്റെ ഒടുവിലത്തെ ചിത്രങ്ങളായ ക്ലാസ് മേറ്റ്സും അറബിക്കഥയും സൂപ്പര്‍താര ചിത്രങ്ങളോട് വെല്ലുവിളിച്ച് വന്‍വിജയം നേടിയ ചിത്രങ്ങളാണ്.
സൂപ്പര്‍ഹിറ്റുകള്‍ക്ക് സൂപ്പര്‍താരങ്ങള്‍ ഒരനിവാര്യതയല്ലെന്ന് ക്ലാസ് മേറ്റ്സിലും അറബിക്കഥയിലും തെളിയിച്ച ലാല്‍ ജോസ് അതിനു മുമ്പ് ചെയ്ത ചിത്രങ്ങളില്‍ മിക്കതും സൂപ്പര്‍സ്റ്റാറുകളായിരുന്നു നായകന്‍മാര്‍. ആദ്യചിത്രം മറവത്തൂര്‍ കനവില്‍ നായകന്‍ മമ്മൂട്ടിയായിരുന്നു. അടുത്ത ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കില്‍. നായകന്‍ ദിലീപ്. പിന്നീട് ചെയ്ത രണ്ടാം ഭാവത്തില്‍ സുരേഷ് ഗോപി.
മീശ മാധവനില്‍ വീണ്ടും ദിലീപിനെ നായകനാക്കിയപ്പോള്‍ മമ്മൂട്ടിയുമായി വീണ്ടും ഒരുമിച്ച ചിത്രമായിരുന്നു പട്ടാളം. രസികനിലും ചാന്തുപൊട്ടിലും വീണ്ടും ദിലീപ്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തോടെയാണ് ഈ സൂപ്പര്‍താരങ്ങളില്ലാതെ സിനിമയൊരുക്കുന്ന പരീക്ഷണം ലാല്‍ ജോസ് ആരംഭിച്ചത്.
അതിനു ശേഷം ക്ലാസ് മേറ്റ്സും അറബിക്കഥയും സൂപ്പര്‍താരങ്ങളില്ലാത്ത പരീക്ഷണചിത്രങ്ങളായി ഒരുക്കി. ഇപ്പോള്‍ വീണ്ടും തന്റെ പഴയ പന്ഥാവിലേക്ക് ലാല്‍ ജോസ് മടങ്ങുകയാണ്. ലാല്‍ ജോസിന്റെ പുതിയ ചിത്രത്തില്‍ ദിലീപാണ് നായകന്‍.
മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും ദിലീപിനെയും നായകനാക്കി സിനിമകള്‍ ചെയ്തിട്ടുള്ള ലാല്‍ ജോസ് ഇതുവരെ മോഹന്‍ലാലുമായി കൈകോര്‍ത്തിട്ടില്ല. മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം അനൗണ്‍സ് ചെയ്തിരുന്നതാണെങ്കിലും ആ പ്രൊജക്ട് നടക്കാതെ പോയി.
മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രമൊരുക്കാനുള്ള പദ്ധതിയിലേക്ക് ലാല്‍ ജോസ് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. മുല്ലക്കു ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലായിരിക്കും നായകന്‍. ചിത്രത്തിന്റെ പേര് കസിന്‍.
അറബിക്കഥക്ക് രചന നിര്‍വഹിച്ച ഇക് ബാല്‍ കുറ്റിപ്പുറമാണ് കസിന് തിരക്കഥ രചിക്കുന്നത്. 2008ലെ മോഹന്‍ലാലിന്റെ പ്രൊജക്ടുകളിലൊന്നായിരിക്കുമിത്.


Click it and Unblock the Notifications