ലതാ മങ്കേഷ്‌കറുടെ നില ഗുരുതരം! വെന്റിലേറ്ററിലെന്ന് റിപ്പോർട്ട്
ഇന്ത്യൻ സംഗീതത്തിന്റെ വാനമ്പാടി ലത മങ്കേഷ്കറുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രിയഗായികയുടെ നില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്വാസകോശത്തിലെ അണുബാധ മൂർച്ഛിച്ചതിനെ തുടർന്നാണ് വെന്റിലേറ്ററിന്റെ സഹായം തേടിയിരിക്കുന്നത്. ന്യൂമോണിയ്ക്ക് പുറമേ, ലെഫ്റ്റ് വെൻട്രിക്യൂലറിന്റെ പ്രവർത്തനവും നിലച്ചിട്ടുണ്ട്. ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ 'ലതാ ജി' ജീവിതത്തിലേയ്ക്ക് മടങ്ങി വരുകയാണെന്നുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. കുടംബാംഗങ്ങളെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ടുകൾ. തിങ്കളാഴ്ച പുലർച്ചെയായിരുന്നു ശ്വാസതടസം കാരണം ലതാ മങ്കേഷ്കറിനെ മുംബൈയിലെ ബ്രീച്ച് ക്യാന്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തി കുറച്ച് മണിക്കൂറിനകം തന്നെ ഇവരുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ടായിരുന്നു, ഇത് ഡോക്ടർമാർ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഇന്ന് വീണ്ടും ആരോഗ്യനില വഷളായെന്നാണ് വിവരം.
ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ലതാ മങ്കേഷ്കറിന്റെ 90 ാം പിറന്നാൾ. പ്രിയ ഗായികയുടെ നവതി ഗംഭീരമായിത്തന്നെ ഇന്ത്യൻ സംഗീതലോകം കൊണ്ടാടുകയുണ്ടായി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഗായകരിൽ ഒരാളാണ് ലതാ മങ്കേഷ്കർ. പത്മഭൂഷണ്‍ (1969), പത്മവിഭൂഷണ്‍ (1999), ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് (1989), ഭാരതരത്‌നം (2001), മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ തുടങ്ങി അനേകം ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. 1999-ല്‍ അവര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. ബോളിവുഡ് ഗായിക ആശാ ഭോസ്‌ലേ ലതാ മങ്കേഷ്‌കറിന്റെ ഇളയ സഹോദരിയാണ്.


Click it and Unblock the Notifications