മരിക്കുന്നതിന് മുന്‍പേയുള്ള അവസാന ആഗ്രഹം! നടന്‍ ഡാനിയല്‍ ബാലാജിയുടെ കണ്ണുകള്‍ ദാനം ചെയ്തു
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടന്‍ ഡാനിയല്‍ ബാലാജിയുടെ വിയോഗമുണ്ടാക്കിയതിന്റെ ഞെട്ടലിലാണ് സിനിമാലോകം. നാല്‍പത്തിയെട്ടാമത്തെ വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു താരത്തിന്റെ അന്ത്യം. കഴിഞ്ഞ ദിവസം നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ബാലാജിയെ ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ബ്ലാക്ക്, ഭഗവാന്‍, ഡാഡി കൂള്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ട നടനായി ഡാനിയല്‍ തിളങ്ങി. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വേര്‍പാടിന് ശേഷം താരത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തിരുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

ഡാനിയല്‍ ബാലാജിയുടെ വളരെ പെട്ടെന്നുള്ള വിയോഗം ആരാധകരെയും കുടുംബത്തെയുമൊക്കെ തകര്‍ത്തിരിക്കുകയാണ്. എന്നാല്‍ അവിടെയും താരത്തിന്റെ ചില തീരുമാനങ്ങള്‍ കുടുംബത്തിനും അഭിമാനമായിരിക്കുകയാണ്. ബാലാജിയുടെ കണ്ണുകളിലൂടെ രണ്ട് പേര്‍ക്ക് പ്രകാശം ലഭിച്ചേക്കുമെന്ന വിവരമാണ് പുറത്ത് വന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം തന്റെ അവസാന ആഗ്രഹമായി ബാലാജി ആവശ്യപ്പെട്ടത് കണ്ണുകള്‍ ദാനം ചെയ്യാന്‍ സമ്മതമാണെന്നായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹത്തിനൊപ്പം കുടുംബവും നിന്നു. ഇതോടെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ താരത്തിന്റെ ആഗ്രഹം നിറവേറ്റുകയായിരുന്നു. മുന്‍പ് കന്നട നടന്‍ പുനീത് രാജ്കുമാറും സമാനമായ രീതിയില്‍ ചെയ്തിരുന്നു.
നിലവില്‍ താരത്തിന്റെ മൃതദേഹത്തില്‍ കണ്ണുകള്‍ മൂടിക്കെട്ടിയ നിലയിലാണ്. ഒപ്പം കൂളിംഗ് ഗ്ലാസ് കൂടി വെച്ചിട്ടുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വിജയ് സേതുപതി അടക്കം തമിഴില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നുമായി നിരവധി പ്രമുഖ താരങ്ങളാണ് ഡാനിയലിനെ അവസാനമായി ഒരു നോക്ക് കാണാനായി വീട്ടില്‍ എത്തിയിരിക്കുന്നത്.

രാധിക ശരത്കുമാര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്തി എന്ന സീരിയലിലെ കഥാപാത്രം അവതരിപ്പിച്ചാണ് ഡാനിയല്‍ ബാലാജി ഈ മേഖലയില്‍ സജീവമാകുന്നത്. 2003 മുതല്‍ അഭിനയത്തില്‍ സജീവമായ താരത്തിന്റെ ബാലാജി എന്ന പേരിനൊപ്പം ചിത്തി സീരിയലിലെ ക്യാരക്ടറിന്റെ പേര് കൂടി ചേര്‍ത്ത് ഡാനിയല്‍ ബാലാജി എന്ന് അറിയപ്പെട്ട് തുടങ്ങി. കമല്‍ ഹാസന്റെ നടക്കാതെപോയ ഡ്രീം പ്രൊജക്ട് മരുതനായകം സിനിമയുടെ മനേജറായാണ് സിനിമ രംഗത്തേക്ക് അദ്ദേഹം എത്തിയത്. പിന്നീടാണ് അഭിനയത്തില്‍ സജീവമാകുന്നത്.
പിന്നീട് വില്ലന്‍ വേഷങ്ങളിലൂടെയാണ് ജനപ്രിയനാവുന്നത്. 'കാക്ക കാക്ക' യിലെ പോലീസ് വേഷം, 'പൊല്ലാതവ'നിലെ രവി, 'വട ചെന്നൈ'യിലെ തമ്പി, 'ബിഗിലി'ലെ മയക്കമരുന്ന് ഡീലര്‍ അങ്ങനെ പറഞ്ഞു പോകാന്‍ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങള്‍ നടന്‍ അവതരിപ്പിച്ചു.
മലയാളത്തില്‍ മമ്മൂട്ടിയുടെ ബ്ലാക്ക് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ഡാനിയല്‍ ബാലാജിയുടെ വില്ലന്‍ വേഷങ്ങള്‍ മിക്കതും നായകനൊപ്പം തന്നെ നിറഞ്ഞു നില്‍ക്കാന്‍ പാകത്തിലുള്ളതായിരുന്നു. 'വേട്ടയാട് വിളയാട്' സിനിമയില്‍ ഉലകനായകന്‍ കമല്‍ ഹാസന്റെ പോലും സ്‌ക്രീന്‍ സ്‌പേസ് പകുത്തെടുത്ത വില്ലന്‍ ആയിരുന്നു ഡാനിയല്‍ ബാലാജിയുടെ ഡോക്ടര്‍ അമുദന്‍. അത്തരത്തില്‍ നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്ത് ശ്രദ്ധേയനാവാന്‍ താരത്തിന് സാധിച്ചിരുന്നു.


Click it and Unblock the Notifications