കോമഡി ചെയ്ത് പ്രണയത്തിന്റെ ക്ലച്ച് പോയി; വിവാഹം കഴിക്കാത്തതിനെ കുറിച്ച് സുബി അന്ന് പറഞ്ഞത് ഇന്ന് വേദനയാവുന്നു
മലയാള സിനിമയിലെ ഏറ്റവും വലിയ വേദനയിലാഴ്ത്തി നടി സുബി സുരേഷ് അന്തരിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. വളരെ ചെറിയ പ്രായത്തില്‍ മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ സുബിയുടെ അപ്രതീക്ഷിത വിയോഗമുണ്ടാക്കിയ വേദനയിലാണ് ഏവരും. ഒട്ടും പ്രതീക്ഷിക്കാതെ ചെറിയ പ്രായത്തില്‍ തന്നെ സുബി ഈ ലോകത്തോട് വിട പറഞ്ഞെന്ന് ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കുന്നില്ല.
നടിയും അവതാരകയും മിമിക്രി കലാകാരിയുമൊക്കെയായി തിളങ്ങിയ സുബി ഇനിയും വിവാഹം കഴിക്കാത്തതാണ് ആരാധകരെ പോലും നിരാശയിലാക്കിയിരുന്നത്. ഏറ്റവുമൊടുവില്‍ വിവാഹത്തെ കുറിച്ച് സുബി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

എന്തുകൊണ്ടാണ് സുബി ഇനിയും കല്യാണം കഴിക്കാത്തതെന്നാണ് ഏതൊരു അഭിമുഖത്തിന് പോയാലും നേരിടാറുള്ള പ്രധാന ചോദ്യം. 'എനിക്ക് പ്രണയിച്ച് വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ എനിക്ക് ആരോടും പ്രണയം വരുന്നില്ല. കോമഡി ചെയ്ത് ചെയ്ത് പ്രണയത്തിന്റെ ക്ലച്ച് അടിച്ച് പോയെന്നാണ് തോന്നുന്നതെന്നാണ് അടുത്തിടെ ഒരു പരിപാടിയില്‍ സംസാരിക്കവേ സുബി സൂചിപ്പിച്ചത്.

എന്നാല്‍ സഹോദരിയുടെ എല്ലാ സന്തോഷത്തിനും കൂടെ നില്‍ക്കുമെന്നാണ് അന്ന് സഹോദരനായ എബി പറഞ്ഞത്. 'സുബിയ്ക്ക് പ്രണയിച്ച് വിവാഹം കഴിക്കണമെങ്കില്‍ അങ്ങനെയാവാം, അല്ലെങ്കില്‍ അറേഞ്ച്ഡ് മ്യാരേജ് ആവാം. എന്തായാലും പുള്ളിക്കാരിയുടെ ഇഷ്ടമാണ്. ചേച്ചിയുടെ കല്യാണത്തിന് ഞങ്ങെല്ലാം റെഡിയാണ്. പുള്ളിക്കാരിയുടെ സമ്മതം മാത്രം മതി. ബാക്കിയെല്ലാം റെഡിയാണ്. നാളെ കല്യാണം നടത്തണമെന്ന് പറഞ്ഞാല്‍ പോലും നടത്താന്‍ സാധിക്കുമെന്നും', സഹോദരന്‍ ഉറപ്പ് നല്‍കിയിരുന്നു.

അവിടെയും സ്വന്തം വീട്ടുകാരെ കളയാന്‍ മനസില്ലെന്ന നിലപാടാണ് സുബി മുന്നോട്ട് വെച്ചത്. 'ഞാന്‍ സ്നേഹിക്കുന്നത് പോലെ എന്റെ വീട്ടുകാരെ സ്നേഹിക്കുന്ന ആളായിരിക്കണം ഭര്‍ത്താവായി വരേണ്ടത്. നമ്മളെ അങ്ങ് പറിച്ചോണ്ട് പോകുന്ന പോലെ ആവരുത്. ഡോക്ടറോ എന്‍ജീനിയറോ കലാകാരന്മാരോ വേണമെന്നുമില്ല. ഒരു വീട്ടില്‍ രണ്ട് കലാകാരന്മാര്‍ ഉണ്ടെങ്കില്‍ ഡേറ്റ് ഒക്കെ ക്ലാഷ് ആയേക്കും. അത് ഒട്ടും വേണ്ടെന്നാണ്', തന്റെ തീരുമാനമെന്ന് സുബി പറയുന്നു.

മാത്രമല്ല തനിക്ക് യുഎസില്‍ നിന്നടക്കം ഒത്തിരി വിവാഹാലോചനകള്‍ വന്നിരുന്നു. പക്ഷേ എനിക്കവിടെ പോയി നില്‍ക്കാനൊന്നും വയ്യ. എനിക്കെന്റെ അമ്മയെ വിട്ട് പോകാന്‍ പറ്റില്ല. ഇനി വിവാഹം ഉണ്ടെങ്കില്‍ ഓണ്‍ലൈനിലൂടെ അറിയാം. ഞാന്‍ അറിയുന്നതിന് മുന്‍പ് ഓണ്‍ലൈന്‍കാര്‍ അറിയും. മൂന്നാലഞ്ച് പ്രാവിശ്യം എന്നെ കല്യാണം കഴിപ്പിച്ചു. കുട്ടി വരെ ഉണ്ടായിട്ടുണ്ട്. അതും ഓണ്‍ലൈന്‍ വഴിയാണെന്നും സുബി തമാശരൂപേണ പറഞ്ഞിരുന്നു.


Click it and Unblock the Notifications











